Image

ജഗതിക്കു പകരം 'ഇടവപ്പാതി 'യിലേക്ക്പുതിയ നായകനെ തേടുന്നു

Published on 21 March, 2012
ജഗതിക്കു പകരം 'ഇടവപ്പാതി 'യിലേക്ക്പുതിയ നായകനെ തേടുന്നു
തിരുവനന്തപുരം: ജഗതി ശ്രീകുമാര്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായതിനെ തുടര്‍ന്ന് പകുതിവഴിക്ക് ചിത്രീകരണം നിര്‍ത്തിവച്ച 'ഇടവപ്പാതി' എന്ന സിനിമയിലേക്ക് പുതിയ നായക നടനെ തേടുന്നു.

'ഇടവപ്പാതി' യുടെ അണിയറയിലേയും അരങ്ങത്തേയും പ്രമുഖരുടെ സാന്നിധ്യത്തില്‍ ഗദ്ഗദകണ്ഠത്തോടെ സംവിധായകന്‍ ലെനിന്‍ രാജേന്ദ്രനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കേസരി സ്മാരകത്തിന്റേയും പത്രപ്രവര്‍ത്തക യൂണിയന്റേയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിരുന്നു വേദി.

ജഗതി അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് ചിത്രീകരണം മുടങ്ങിയകാര്യം ലെനിന്‍രാജേന്ദ്രന്‍ വിതുമ്പലോടെ വിശദീകരിച്ചു.

ഇരട്ട കഥാപാത്രത്തെയാണ് ജഗതി അവതരിപ്പിക്കേണ്ടിയിരുന്നത്. കുടകിലെ കുശാല്‍ നഗറിനടുത്ത് ബൈലാകുപ്പയിലെ എസ്‌റ്റേറ്റ് ഉടമയാണ് ഒരു കഥാപാത്രം. രണ്ടാമത്തേത് കുമാരനാശാന്റെ കരുണയില്‍ വാസവദത്തയാല്‍ കൊല ചെയ്യപ്പെടുന്ന കച്ചവടക്കാരന്റേതാണ്.

കര്‍ണാടകയിലെ ബൈലകുപ്പ ടിബറ്റന്‍ സെറ്റില്‍മെന്റാണ് കഥാകേന്ദ്രം. സ്വന്തം രാജ്യമായ ടിബറ്റിലേക്ക് പ്രവേശിക്കാന്‍ കഴിയാത്ത ഇവര്‍ സെറ്റില്‍മെന്റിനു പുറത്ത് ബൈലകുപ്പയില്‍ അന്യരാണ്. പുറത്തിറങ്ങിയാല്‍ ഉറക്കെ ചിരിക്കാന്‍പോലും അവകാശമില്ലാത്തവരുടെ ആത്മസംഘര്‍ഷമാണ് സിനിമയുടെ പ്രമേയം.

ഈ പ്രതിഷേധത്തിനിടയില്‍ ആത്മസംഘര്‍ഷത്തോടെ കഴിയുന്ന പുരോഹിതരായ ലാമമാരില്‍ ഒരാളാണ് സിദ്ധാര്‍ഥ്. രണ്ടാമത്തെ കഥ ബൈരകുപ്പയിലെ എസ്റ്റേറ്റ് ഉടമയുടേതാണ്.

കുടകിലെ കുശാല്‍ നഗറിനടുത്ത് ബൈലാകുപ്പയിലെ എസ്‌റ്റേറ്റ് ഉടമയായും കുമാരനാശാന്റെ കരുണയില്‍ വാസവദത്തയാല്‍ കൊല ചെയ്യപ്പെടുന്ന കച്ചവടക്കാരനായുംഇരട്ട കഥാപാത്രത്തെയാണ് ജഗതി അവതരിപ്പിക്കേണ്ടിയിരുന്നത്. 

മടിക്കേരിയില്‍ നാലുനാള്‍ സിനിമ ഷൂട്ട് ചെയ്തു. ജഗതി ഷൂട്ടിംഗിനു വരുന്നവഴിക്കായിരുന്നു അപകടം. ജഗതിയില്ലാതെ ഷൂട്ടിംഗ് നിര്‍ത്തിയതായി ലെനിന്‍ രാജേന്ദ്രന്‍ പറഞ്ഞു. മനീഷ കൊയ്‌രാളയെത്തി ജഗതിയുടെ ഭാഗം ഒഴിവാക്കി ഷൂട്ടിംഗ് നടത്തി മടങ്ങി. വാസവദത്തയുടെ അമ്മയുടെ റോളാണ് മനീഷ അഭിനയിക്കുന്നത്. സിനിമയ്ക്കായി ഇതിനകം 50 ലക്ഷം രൂപ ചെലവിട്ടുകഴിഞ്ഞു. ഡോക്ടര്‍മാര്‍ പറഞ്ഞതനുസരിച്ച് ജഗതിയുടെ ചികിത്സ ഇനിയും നീളും. അതിനാല്‍ പുതിയ നടനെവച്ച് സിനിമ പൂര്‍ത്തിയാക്കുകയാണ് തനിക്കുമുന്നിലുള്ള പോംവഴി. 

അനായാസം ഭാവം മാറാന്‍ കഴിവുള്ള നടനാണ് ജഗതി. ഈ സിനിമയോടുള്ള താല്പര്യം കാരണം മറ്റൊരു ചിത്രത്തിലെ കരാര്‍ റദ്ദാക്കിയാണ് അദ്ദേഹം ഷൂട്ടിംഗിനെത്തിയതെന്നും ലെനിന്‍ രാജേന്ദ്രന്‍ പറഞ്ഞു. സിനിമയുടെ ബാക്കി ഭാഗം കാഡ്മണ്ടുവില്‍ അടുത്തയാഴ്ച ചിത്രീകരണം ആരംഭിക്കും.

എസ്റ്റേറ്റ് ഉടമയുടെ മകളായും വാസവദത്തയായും വേഷമിടുന്നത് ഊര്‍മിള ഉണ്ണിയുടെ മകള്‍ ഉത്തരയാണ്. യോദ്ധയിലെ ഉണ്ണിക്കുട്ടനെ അവതരിപ്പിച്ച നേപ്പാള്‍ സ്വദേശിയായ സിദ്ധാര്‍ഥാണ് ഉപഗുപ്തനെ അവതരിപ്പിക്കുന്നത്. 

ടിബറ്റില്‍ നിന്ന് ദലൈലാമയ്‌ക്കൊപ്പമെത്തിയവര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ പതിനായിരം ഏക്കര്‍ ഭൂമി നല്‍കിയിടത്താണ് ടിബറ്റന്‍ സെറ്റില്‍മെന്റ് സ്ഥിതി ചെയ്യുന്നത്.സിദ്ധാര്‍ഥ് ലാമ, സംഗീത സംവിധായകന്‍ രമേഷ് നാരായണന്‍, ഉത്തര, നിര്‍മാതാവ് എന്‍.കെ സോമന്‍ തുടങ്ങിയവരും മുഖാമുഖം പരിപാടിയില്‍ പങ്കെടുത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക