Image

ഒരു കാര്യം കൂടി.. (പ്രിയ .എ .എസ് )

പ്രിയ .എ .എസ് Published on 17 April, 2018
ഒരു കാര്യം കൂടി.. (പ്രിയ .എ .എസ് )
കേരളത്തിലെ തെരുവോരത്തെ രാത്രിയില്‍ മൂന്നാലു വര്‍ഷം മുന്‍പ് ബലാത്സംഗം ചെയ്യപ്പെട്ട നാടോടിപ്പെണ്‍കുട്ടിയ്ക്ക് വെറും നാലു വയസ്സായിരുന്നു. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ക്കിടന്ന അവള്‍ പിന്നെ ന്യൂസ് കോളങ്ങളില്‍ നിന്നെങ്ങോട്ടു പോയി? ഏതു മതക്കാരിയായിരുന്നു അവള്‍? അവളന്നിട്ടിരുന്ന ഉടുപ്പിന് എന്തു നിറമായിരുന്നുവെന്ന് എന്തായാലും എനിക്കറിയില്ല.

നമ്മുടെ സ്വന്തം സൂര്യനെല്ലിപ്പുത്രിയെ നമുക്കാര്‍ക്കും വേണ്ടാത്തതെന്താണ്?
ഉത്തരം ലളിതമാണ്. മരിച്ചവരെ സ്‌നേഹിക്കാനെളുപ്പമാണ്.. ജീവിച്ചിരിക്കുന്നവരെ സ്‌നേഹിക്കാന്‍ വളരെ വളരെ വിഷമമാണ്. മരിച്ചവര്‍ക്ക് പ്രശ്‌നങ്ങളില്ല.അവര്‍ പൂര്‍ണ്ണ വിരാമങ്ങളാണ്. അതു കൊണ്ട് അവര്‍ക്കു വേണ്ടി ഒന്നും പരിഹരിച്ചു കൊടുക്കേണ്ടതില്ല. അവരുടെ കുടുംബക്കാര്‍ പക്ഷേ അര്‍ദ്ധവിരാമങ്ങളാണ്. മരിച്ചവര്‍ക്കല്ല മരിച്ചവരുടെ കുടുംബത്തിനാണ് നീതി ആവശ്യം.. അങ്ങനെയാണ് പ്ലക്കാര്‍ഡുകള്‍ പറയാറ്..

ബലാത്സംഗങ്ങളില്‍ നിന്ന് ബാക്കിയായ ജീവച്ഛവങ്ങള്‍ക്കാണ് ഒരിയ്ക്കലും തീരാത്തപ്രശ്‌നങ്ങളുള്ളതും എന്തെങ്കിലും ഒരു പരിഹാരമെങ്കിലും വേണ്ടതും. അവരുടെ ഒപ്പം നടക്കല്‍ പോയിട്ട് നില്‍ക്കല്‍ പോലും ദുഷ്‌ക്കരമാണ്. നമുക്ക് എല്ലാവര്‍ക്കും തന്നെ എളുപ്പമുള്ള കാര്യങ്ങള്‍ ചെയ്യാനാണ് പൊതുവേ ഇഷ്ടം.. സ്വയം പന്തമാകുന്നതിനേക്കാള്‍ എളുപ്പം മെഴുകുതിരി കത്തിക്കാനാണല്ലോ..

സ്വന്തം കുട്ടിയെ കണ്ണിമ ചിമ്മാതെ വയലറ്റ് ചങ്കിടിപ്പോടെ കെട്ടിപ്പിടിച്ചുറങ്ങാതിരുന്നവര്‍.. സുരക്ഷിതമായ നാലു ചുവരും മേല്‍ക്കൂരക്കും എ സിക്കുമടിയില്‍ വിയര്‍ത്തു കുളിച്ചവരുടെ ആ ആശങ്കകള്‍ക്ക് പരിഹാസ്യതയുണ്ട്.

പെരുവഴിയില്‍ പുറന്തിണ്ണയില്‍ ഒരു ലോകമുണ്ട്. അവരറിഞ്ഞിട്ടുണ്ടോ ഒരു വയലറ്റുടുപ്പ് അങ്ങ് ദൂരെ ദൂരെ തണുപ്പത്ത് തണുത്തുറഞ്ഞ് കീറിപ്പറിഞ്ഞ് പോയ കാര്യം? ഇന്നലത്തെ സായാഹ്നത്തിലെ പ്രതിഷേധ ബാനര്‍ എടുത്ത് ഇന്നലത്തെ രാത്രിയുടെ പരുപരാ നെഞ്ഞത്ത് വിരിച്ചുറങ്ങുന്ന ,സഞ്ചി പോലത്തെ പാകമാകാത്ത ഉടുപ്പിട്ട ഒരാണ്‍കുഞ്ഞ്, ഒരു പെണ്‍കുഞ്ഞ് അവരെല്ലാം ചേര്‍ന്ന ലോക ബാല്യത്തിന്റെ മതരഹിതസുരക്ഷ സ്വപ്‌നമാകാത്തിടത്തോളം, മനുഷ്യത്വത്തില്‍ മുക്കിയാണ് തെരുവില്‍ വലിച്ചുകെട്ടിയ ആ പ്രതിഷേധ പോസ്റ്റര്‍ ഞാനെഴുതിയത് എന്ന് ഞാനെങ്ങനെ പറയും??


=======
വര
ആമി

ഒരു കാര്യം കൂടി.. (പ്രിയ .എ .എസ് )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക