Image

വിവാഹം കഴിക്കണമെങ്കില്‍ സാരി നിര്‍ബന്ധമെന്നു പറഞ്ഞിട്ടില്ല, ഓര്‍ത്തഡോക്‌സ് സഭ സര്‍ക്കുലര്‍ ഇറക്കിയെന്ന വാര്‍ത്തക്കെതിരേ സഭാ നേതൃത്വം

Published on 17 April, 2018
വിവാഹം കഴിക്കണമെങ്കില്‍ സാരി നിര്‍ബന്ധമെന്നു പറഞ്ഞിട്ടില്ല, ഓര്‍ത്തഡോക്‌സ് സഭ സര്‍ക്കുലര്‍ ഇറക്കിയെന്ന വാര്‍ത്തക്കെതിരേ സഭാ നേതൃത്വം
ഗൗണ്‍ ധരിച്ചു വിവാഹചടങ്ങിനായി പള്ളിയില്‍ എത്തുന്ന വധുവിനെതിരേ സഭ സര്‍ക്കുലര്‍ ഇറക്കിയെന്ന വാര്‍ത്തക്കെതിരേ ഓര്‍ത്തഡോക്‌സ് സഭ. വിവാഹവേഷമായി സാരി തന്നെ ധരിക്കണമെന്നും ഗൗണ്‍ അടക്കമുള്ള പശ്ചാത്യവേഷങ്ങള്‍ ഒഴിവാക്കണമെന്നും വ്യക്തമാക്കി ഓര്‍ത്തഡോക്‌സ് സഭ സര്‍ക്കുലര്‍ ഇറക്കിയെന്ന വാര്‍ത്ത തെറ്റെന്ന് പരുമല സെമിനാരി മാനേജര്‍ വ്യക്തമാക്കി. സഭയില്‍ ഇനി വിവാഹം കഴിക്കണം എങ്കില്‍ വധുവിനു സാരിയും ബ്ലൗസും നിര്‍ബന്ധമാക്കിയെന്നും പാചാത്യ രീതിയില്‍ ഉള്ള വസ്ത്രധാരണങ്ങള്‍ വിവാഹ സമയത്ത് പാടില്ല എന്നും പരുമല സെമിനാരി മാനേജര്‍ പുറത്തിറക്കിയ പത്രകുറിപ്പില്‍ പറയുന്നുവെന്നായിരുന്നു വാര്‍ത്ത. പരുമല സെമിനാരി മാനേജര്‍ ഉത്തരവിറക്കിയെന്നാണ് കഴിഞ്ഞ കുറച്ചുദിവസമായി സോഷ്യല്‍ മീഡിയയില്‍ പരക്കുന്ന വാര്‍ത്തകള്‍. എന്നാല്‍ ഇത് തെറ്റെന്ന് മാനേജര്‍ അറിയിച്ചു. ഇത്തരം ഒരു സര്‍ക്കുലര്‍ ഇറക്കിയിട്ടില്ല. പരുമല പള്ളിയില്‍ വിവാഹചടങ്ങിനെത്തുന്നവര്‍ക്ക് നല്‍കുന്ന നിര്‍ദേശത്തെ സര്‍ക്കുലര്‍ ഇറക്കിയെന്ന രീതിയില്‍ ദുര്‍വ്യാഖ്യാനം ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയാണെന്ന് സെമിനാരി മാനേജര്‍ അറിയിച്ചു.
ഓര്‍ത്തഡോക്‌സ് സഭ, വിവാഹത്തിലും വിവാഹചടങ്ങിലുമുള്ള 'യാഥാസ്ഥിതിക' നിലപാട് കര്‍ശനമാക്കി സര്‍ക്കുലര്‍ ഇറക്കിയെന്നാണ് വാര്‍ത്തകള്‍ വന്നത്. 

അര്‍ദ്ധനഗ്‌നരായി എത്തുന്ന പാചാത്യ രീതിയില്‍ ഉള്ള ഗൗണുംമറ്റും വ്യാപകമായതാണ് പുതിയ നിര്‍ദ്ദേശങ്ങള്‍ക്ക് കാരണം. മണവാട്ടിക്കു മാത്രമല്ല കൂടെ എത്തുന്ന തോഴിമാര്‍ക്കും ഈ നിബന്ധനകള്‍ ബാധകം. ഇവന്റ് മാനേജ്മന്റ് നിര്‍ദ്ദേശിക്കുന്ന ആളുകള്‍ ആണ് തോഴിമാരായ് എത്തുന്നത് എന്ന ആക്ഷേപം നേരത്തെ തന്നെ ഉണ്ടായിരുന്നു. പള്ളിക്കുള്ളിലെ ചടങ്ങുകള്‍ പകര്‍ത്താന്‍ രണ്ട് വീഡിയോ, രണ്ട് ഫോട്ടോഗ്രാഫര്‍മാര്‍ എന്നിവരെ മാത്രമേ അനുവദിക്കൂവെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നുവെന്നും വാര്‍ത്തയില്‍ പറഞ്ഞിരുന്നു.

ചടങ്ങ് ചിത്രീകരിക്കാന്‍ ക്രെയിന്‍ പോലുള്ളവ പള്ളിക്കുള്ളില്‍ ഉപയോഗിക്കാന്‍ പാടില്ല. പള്ളിക്കുള്ളിലെ ചടങ്ങുകള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ അനുവദിക്കില്ല. ആരാധന സമയത്ത് ഓടി നടന്നുള്ള വീഡിയോ ചിത്രീകരണം പാടില്ല. വധുവിന് തലയില്‍ നെറ്റ്, ക്രൗണ്‍ എന്നിവ പാടില്ല. കുരിശു മാലയില്‍ തൂങ്ങപെട്ട രൂപം പാടില്ല, പള്ളിക്കുള്ളില്‍ മണവാട്ടിയും മണവാളനും ചെരുപ്പ് ധരിക്കാന്‍ പാടില്ല, ചടങ്ങിനായി പള്ളിക്കുള്ളില്‍ കയറുന്ന സ്ത്രീകളെല്ലാവരും ശിരോവസ്ത്രം ധരിക്കണം, സ്ത്രീകളും പുരുഷന്മാരും അവരവര്‍ക്ക് നിഷ്‌കര്‍ഷിച്ചിരിക്കുന്ന സ്ഥലത്ത് നില്ക്കണം തുടങ്ങിയവയും നിബന്ധനകളില്‍ പറയുന്നുവെന്നായിരുന്നു വാര്‍ത്ത. ഈ വാര്‍ത്തകളാണ് മാനേജര്‍ നിഷേധിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക