Image

അരക്ഷിതം (കവിത: മഞ്ജുള ശിവദാസ്)

Published on 17 April, 2018
അരക്ഷിതം (കവിത: മഞ്ജുള ശിവദാസ്)
നാലുനാള്‍ നീളുന്ന വാര്‍ത്തകള്‍ക്കപ്പുറം
യാത്രചെയ്തീടാത്ത നീതി ബോധം.
പ്രതിഷേധജ്വാലയായ് ആളിപ്പടര്‍ന്നു
കൊണ്ടതിവേഗമണയുന്ന നീതി ബോധം.

വിടരാത്ത മുകുളത്തില്‍ മധുതേടിയെത്തുന്ന
വികലചിത്തര്‍ക്കെതിരെയൊന്നായിടേണം.
ഇവിടീക്കുരുന്നുകള്‍ ഇനിയുമൊരു
നീചര്‍ക്കുമിരയായിടാതിരിക്കാനായ്.

മതമദംപൊട്ടിയ കാമാന്ധരാലെന്റെ
തനുചീന്തിയെറിയപ്പെടുമ്പൊഴും മൌനമായ്
നിശ്ചലം നോക്കിയിരുന്ന കല്‍പ്രതിമകള്‍.
നരസൃഷ്ട്ടിയാം വെറും ദൈവസങ്കല്‍പ്പങ്ങള്‍.

നിഷ്കളങ്കം നിലവിളിച്ചു ഞാന്‍ യാചിച്ച
തൊരു നിര്‍വികാരരൂപത്തിന്‍ സമക്ഷമോ!
നിസ്സഹായതയോര്‍ത്തു ദൈവമേ,
നിന്നോടു സഹതാപമേയുള്ളിവള്‍ക്ക്.

യാതനയില്‍നിന്നെന്നെ രക്ഷിച്ച മരണമേ
നിന്നെമാത്രം സ്തുതിച്ചീടുന്നു ഞാന്‍.
അനീതിക്കു കാവലിരിക്കുന്നവര്‍ നീട്ടും
ഔദാര്യ നീതിയിനി വേണ്ടെനിക്ക്.

മതത്തിന്‍റെ മറവിലൊളിപ്പിച്ചു നിങ്ങളീ
നരഭോജികള്‍ക്കു സുരക്ഷയേകുമ്പോള്‍
ഇനിയുമെറിയപ്പെടാമിതുപോല്‍ കുരുന്നുകള്‍,
പ്രാണന്‍ പകുത്തു കാക്കേണ്ടുന്ന ബാല്യങ്ങള്‍.

മതമതില്‍ക്കെട്ടിത്തിരിച്ച രാഷ്ട്രീയത്തി
നിരയായിടാതിരിക്കാനായ്
നിണവര്‍ണ്ണബന്ധമതുമതി നമ്മള്‍ മാനവര്‍
ക്കൊരു മതം അതു മനുഷ്യത്വമാകട്ടെ.
Join WhatsApp News
വിദ്യാധരൻ 2018-04-17 22:51:45
എന്തൊരു വൈകൃതം *ബ്രഹ്മവിദ്യേ, നിന്നി-
ലെന്താണികാണുന്ന വൈപരീത്യം (ദുരവസ്ഥ -ആശാൻ )

*ബ്രഹ്മപ്രതിപാദനപരമായ ഹിന്ദുമതശാസ്ത്രം 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക