Image

എംബസ്സിയുടെയും സാമൂഹ്യപ്രവര്‍ത്തകരുടെയും കൂട്ടായ ശ്രമത്തിനൊടുവില്‍ റസിയ നാട്ടിലേയ്ക്ക് മടങ്ങി.

Published on 18 April, 2018
എംബസ്സിയുടെയും സാമൂഹ്യപ്രവര്‍ത്തകരുടെയും കൂട്ടായ ശ്രമത്തിനൊടുവില്‍ റസിയ നാട്ടിലേയ്ക്ക് മടങ്ങി.
ദമ്മാം: സ്‌പോണ്‍സര്‍ ഹുറൂബില്‍ ആക്കി, കള്ളക്കേസില്‍ കുടുക്കിയ വീട്ടുജോലിക്കാരി, ഇന്ത്യന്‍ എംബസ്സിയുടെയും, നവയുഗം സാംസ്‌ക്കാരികവേദിയുടെയും, നല്ലവരായ സൗദി അധികാരികളുടെയും  സഹായത്തോടെ നിയമക്കുരുക്കുകള്‍ അഴിച്ച് നാട്ടിലേയ്ക്ക് മടങ്ങി.

ഹൈദരാബാദ് സ്വദേശിനി റസിയയുടെ കഥ വിചിത്രമാണ്. റസിയയും, ഭര്‍ത്താവ് ഹമീദും റിയാദില്‍ ഒരു സൗദിയുടെ വീട്ടില്‍ വീട്ടുജോലിക്കാരിയും, ഹൌസ് െ്രെഡവറുമായി ജോലി ചെയ്യാനാണ് നാട്ടില്‍ നിന്നും  എത്തിയത്. എന്നാല്‍ ഒരേ വീട്ടില്‍ ജോലി ചെയ്തിട്ടും, ഇവരെ പരസ്പരം കാണനോ സംസാരിയ്ക്കാനോ സ്‌പോണ്‍സര്‍ സമ്മതിച്ചില്ല. മൂന്നു മാസം കഴിഞ്ഞപ്പോള്‍, സഹികെട്ട ഇവര്‍ രണ്ടുപേരും ഒരുമിച്ച് ആ വീട്ടില്‍ നിന്നും പുറത്തു ചാടി, ഇന്ത്യന്‍ എംബസ്സിയില്‍ അഭയം തേടി. റിയാദ് എംബസ്സിയുടെ കീഴില്‍ ഉള്ള പെണ്ണുങ്ങള്‍ക്ക് മാത്രമുള്ള ഷെല്‍റ്ററില്‍  റസിയയെ പാര്‍പ്പിച്ചു.

എന്നാല്‍ സ്‌പോണ്‍സര്‍ റസിയയെ ഹുറൂബ് ആക്കുകയും, സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിച്ചു എന്ന പേരില്‍ കള്ളക്കേസ് നല്‍കുകയും ചെയ്തു. അതിനെത്തുടര്‍ന്ന് റസിയയെ റിയാദ് സെന്‍ട്രല്‍ ജയിലിലേയ്ക്ക് മാറ്റി. അവിടെ മൂന്നു മാസം കിടന്ന റസിയയെ, പിന്നീട് ദമ്മാം സെന്‍ട്രല്‍ ജയിലിലേയ്ക്ക് മാറ്റി.

ഇന്ത്യന്‍ എംബസ്സി അറിയിച്ചതനുസരിച്ച് നവയുഗം ജീവകാരുണ്യപ്രവര്‍ത്തക മഞ്ജു മണിക്കുട്ടന്‍ ജയിലിലെത്തി റസിയയെ കണ്ട് വിവരങ്ങള്‍ അന്വേഷിച്ചറിഞ്ഞു. മഞ്ജു മണിക്കുട്ടന്‍ റസിയയുടെ സ്‌പോണ്‍സറെ ഫോണില്‍ ബന്ധപ്പെട്ട് ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടത്തിയെങ്കിലും, സ്‌പോണ്‍സര്‍ വലിയൊരു തുക നഷ്ടപരിഹാരം ആയി ആവശ്യപ്പെട്ടതോടെ ചര്‍ച്ച പരാജയപ്പെട്ടു.

ജയിലില്‍ നിന്നും കേസ് വിചാരണയ്ക്കായി കോടതിയിലെത്തിയ റസിയയുടെ നിരപരാധിത്വം ജഡ്ജിയെ ബോധ്യപ്പെടുത്താന്‍ നവയുഗം ജീവകാരുണ്യപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു. തുടര്‍ന്ന് റസിയയ്ക്ക് ഫൈനല്‍ എക്‌സിറ്റ് നല്‍കാന്‍ കോടതി ഉത്തരവിട്ടു. അങ്ങനെ ജയിലില്‍ നിന്നും റസിയയെ ദമ്മാം വനിതാ അഭയകേന്ദ്രത്തിലേയ്ക്ക് മാറ്റി.

മഞ്ജു മണിക്കുട്ടന്‍ ഇന്ത്യന്‍ എംബസ്സി വഴി റസിയയ്ക്ക് ഔട്പാസ്സ് എടുത്തു നല്‍കുകയും, വനിതാ അഭയകേന്ദ്രം അധികാരികളുടെ സഹായത്തോടെ ഫൈനല്‍ എക്‌സിറ്റ് അടിച്ചു വാങ്ങുകയും ചെയ്തു.

ദമ്മാം എംബസ്സി ഹെല്‍പ്പ്‌ഡെസ്‌ക്ക് വോളന്റീര്‍ ടീം തലവന്‍ ഡോ: മിര്‍സ ബൈഗ്, റസിയയ്ക്ക് വിമാനടിക്കറ്റും മറ്റു സഹായങ്ങളും നല്‍കി.

അങ്ങനെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി, സഹായിച്ചവര്‍ക്കെല്ലാം നന്ദി പറഞ്ഞ്, റസിയ ഒറ്റയ്ക്ക് നാട്ടിലേയ്ക്ക് മടങ്ങി.



ഫോട്ടോ:  ഡോ: മിര്‍സ ബൈഗ് , റസിയയ്ക്ക് യാത്രാരേഖകള്‍ കൈമാറുന്നു. മഞ്ജു മണിക്കുട്ടന്‍ സമീപം.


എംബസ്സിയുടെയും സാമൂഹ്യപ്രവര്‍ത്തകരുടെയും കൂട്ടായ ശ്രമത്തിനൊടുവില്‍ റസിയ നാട്ടിലേയ്ക്ക് മടങ്ങി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക