Image

കാറ്റ്‌ വന്ന്‌ വിളിച്ചപ്പോള്‍: മാനസ രാധാകൃഷ്‌ണന്‍

Published on 18 April, 2018
 കാറ്റ്‌ വന്ന്‌ വിളിച്ചപ്പോള്‍: മാനസ രാധാകൃഷ്‌ണന്‍
ബാലതാരമായെത്തി പ്രേക്ഷക ഹൃദയം കീഴടക്കിയവര്‍ നായികാപദവിയിലേയ്‌ക്കുയരുമ്പോഴും അതേ സ്‌നേഹവും സ്വീകാര്യതയും നല്‌കുന്നവരാണല്ലോ നമ്മള്‍ മലയാളികള്‍... തമിഴില്‍ നായികയായി തിളങ്ങിയ രണ്ടുചിത്രങ്ങളുടെ പിന്‍ബലത്തോടെയാണ്‌ മാനസ രാധാകൃഷ്‌ണന്‍ എന്ന കൊച്ചുസുന്ദരി മലയാളസിനിമയില്‍ ചുവടുറപ്പിച്ചിരിക്കുന്നത്‌. കാറ്റ്‌ ,ക്രോസ്സ്‌ റോഡ്‌ എന്നീ ചിത്രങ്ങള്‍ക്ക്‌ ശേഷം വികടകുമാരനില്‍ എത്തി നില്‍ക്കുന്ന മാനസയുടെ വിശേഷങ്ങള്‍...

സിനിമയിലേക്കുള്ള കാല്‍ വയ്‌പ്പ്‌?

രഘുനാഥ്‌ പലേരി അങ്കിളിന്റെ കണ്ണുനീരിനും മധുരം ആണെന്റെ ആദ്യസിനിമ.ബോംബ്‌ സ്‌ഫോടനത്തില്‍ കാല്‍ നഷ്ടപ്പെട്ട ഒരു കുട്ടിയുടെ റോള്‍ ആണ്‌ ചെയ്‌തത്‌.ഭാമ,ഇന്ദ്രജിത്ത്‌ തുടങ്ങിയവര്‍ അഭിനയിച്ച ചിത്രമായിരുന്നു അത്‌. പിന്നീട്‌ ശശി പറവൂര്‍ സംവിധാനം ചെയ്‌ത കടാക്ഷത്തില്‍ സുരേഷ്‌ ഗോപി അങ്കിളിന്റെ മകളായി അഭിനയിച്ചു.

ബാലതാരമായി ചെയ്‌ത ചിത്രങ്ങളുടെ ഷൂട്ടിങ്‌ വെക്കേഷന്‌ സമയത്തായിരുന്നു.ദുബൈയില്‍ നിന്ന്‌ നാട്ടില്‍ വന്നിരുന്ന സമയത്ത്‌ യാദൃച്ഛികമായി കിട്ടിയ അവസരങ്ങളായിരുന്നു അവ. വില്ലാളിവീരനില്‍ ദിലീപേട്ടന്റെ സഹോദരിയുടെ മകളായി അഭിനയിച്ച ശേഷമാണ്‌ തമിഴില്‍ സണ്ടക്കോഴിയും ബലശാലിയും ചെയ്‌തത്‌.

തമിഴ്‌ സിനിമാലോകവും നമ്മുടേതുമായി താരതമ്യം ചെയ്യുമ്പോള്‍ തോന്നുന്ന വ്യത്യാസങ്ങള്‍?

സെറ്റിലെ അനുഭവങ്ങള്‍ തമ്മില്‍ വലിയ വ്യത്യാസമില്ല. മലയാളം നമ്മുടെ മാതൃഭാഷ ആയതുകൊണ്ട്‌ മനസിലാക്കാനും ചേര്‍ന്നുനില്‍ക്കാനുമൊക്കെ എളുപ്പമാണ്‌. തമിഴിലാകുമ്പോള്‍ കുറച്ചുകൂടി സമയം വേണ്ടിവരും.

ദുബൈയിലെയും നാട്ടിലെയും പഠനാനുഭവം?

ദുബൈയില്‍ പത്തുവരെ പഠിച്ചത്‌ ഗേള്‍സ്‌ ഒണ്‍ലി സ്‌കൂളിലാണ്‌. പെണ്‍കുട്ടികള്‍ മാത്രമാകുമ്പോള്‍ സ്വാതന്ത്ര്യം അല്‌പം കൂടുതലായിരുന്നു. എറണാകുളം ചോയിസ്‌ സ്‌കൂളില്‍ പ്ലസ്‌ വണ്ണിനു ചേര്‍ന്നപ്പോള്‍ തോന്നിയ മാറ്റം ആണ്‍കുട്ടികള്‍ കൂടി ഉള്ളപ്പോള്‍ ജോലി കൂടുതല്‍ എളുപ്പമായി എന്നതാണ്‌. എന്തിനും സഹായത്തിന്‌ അവര്‍ കാണും. രണ്ടുതരം അനുഭവങ്ങളും എനിക്ക്‌ ഗുണം ചെയ്‌തിട്ടുണ്ട്‌.ഒറ്റയ്‌ക്ക്‌ കാര്യങ്ങള്‍ ചെയ്യാനുള്ള കഴിവും കൂട്ടായ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും സ്വായത്തമായി.ഇപ്പോള്‍ മുത്തൂറ്റ്‌ എഞ്‌ജിനീയറിംഗ്‌ കോളേജില്‍ കമ്പ്യൂട്ടര്‍ എഞ്‌ജിനീയറിംഗ്‌ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്‌ ഞാന്‍. ടീച്ചര്‍സിന്റെയും ഫ്രെണ്ട്‌സിന്റെയും സപ്പോര്‍ട്ട്‌ കൊണ്ടാണ്‌ പഠനത്തെ ബാധിക്കാതെ അഭിനയം കൊണ്ടുപോകാന്‍ സാധിക്കുന്നത്‌.


ബാലതാരത്തില്‍ നിന്ന്‌ നായികയായപ്പോള്‍ എന്തൊക്കെ മാറ്റങ്ങളാണ്‌ തോന്നുന്നത്‌?

ടെന്‍ഷനും ഉത്തരവാദിത്തവും കൂടിയിട്ടുണ്ട്‌. കുട്ടി എന്ന പരിഗണന വെച്ച്‌ എന്തുചെയ്‌താലും ആളുകള്‍ ഇനി കയ്യടിച്ചുതരില്ലല്ലോ? വ്യക്തമായി കഥാപാത്രം ചോദിച്ചു മനസിലാക്കാന്‍ പരമാവധി ശ്രമിക്കാറുണ്ട്‌.ഞാനൊരു ഡയറക്ടര്‍സ്‌ പ്രോഡക്‌റ്റ്‌ ആണെന്നാണ്‌ സ്വയം തോന്നിയിട്ടുള്ളത്‌. സംവിധായകന്‍ എത്രത്തോളം നന്നായി പറഞ്ഞുതരുന്നുണ്ടോ അതിനുള്ള ഔട്ട്‌പുട്ട്‌ ആയിരിക്കും എന്റെ പ്രകടനം.


ആരാധനയോടെ കണ്ട ആസിഫ്‌ അലിയുടെ നായിക ആയപ്പോള്‍ എന്തുതോന്നി?

'ടിയാനില്‍' അഭിനയിക്കുമ്പോള്‍ മുരളി ഗോപി ചേട്ടനാണ്‌ 'കാറ്റിലേയ്‌ക്ക്‌ ' എന്നെ സജസ്റ്റ്‌ ചെയ്‌തത്‌. ഉമ്മുക്കുല്‍സു എന്ന കഥാപാത്രത്തെക്കുറിച്ച്‌ മാത്രമേ പറഞ്ഞിരുന്നുള്ളു. ആസിഫിക്കയുടെ നായിക ആയിട്ടാണ്‌ അഭിനയിക്കേണ്ടതെന്ന്‌ കേട്ടപ്പോള്‍ സ്വപ്‌നം കാണുകയാണോ എന്ന്‌ തോന്നി.

കാറ്റിലെ ലൊക്കേഷന്‍ വിശേഷങ്ങള്‍?

ആസിഫിക്കയെ ഞാന്‍ സെറ്റില്‍വെച്ച്‌ ആദ്യമായി കാണുന്നത്‌ നൂഹു എന്ന കഥാപാത്രത്തിന്റെ ഗെറ്റപ്പിലാണ്‌. കൂടെ നിന്ന്‌ ഫോട്ടോ എടുത്തയച്ച്‌ കൂട്ടുകാരെ ഞെട്ടിക്കാന്‍ നിന്ന ഞാനാണ്‌ ഞെട്ടിയത്‌. മേക്കപ്പ്‌ കഴുകിക്കഴിഞ്ഞ്‌ കണ്ടപ്പോള്‍ ഞാനത്‌ പറയുകയും ചെയ്‌തു.

ബാലതാരമായിരിക്കെ മേക്കപ്പ്‌ ചെയ്‌ത റഹീമിക്ക തന്നെയാണ്‌ കാറ്റിന്റെയും മേക്കപ്പ്‌ മാന്‍. അദ്ദേഹത്തെ കണ്ടപ്പോള്‍ തന്നെ എനിക്ക്‌ മനസ്സിലായി. പക്ഷെ റഹീമിക്കായ്‌ക്ക്‌ മമ്മയെ കണ്ടപ്പോഴാണ്‌ എന്നെ പിടികിട്ടിയത്‌.

കഥാപാത്രത്തിനായുള്ള തയ്യാറെടുപ്പുകള്‍?

ഉമ്മുക്കുല്‍സു എഴുപതുകളിലെ മുസ്ലിം കഥാപാത്രമാണെന്ന്‌ പറഞ്ഞപ്പോള്‍ എന്റെ മനസ്സില്‍ വന്നൊരു രൂപമുണ്ട്‌.കൂട്ടുപുരികമൊക്കെയുള്ള ഒരു ഉമ്മച്ചിക്കുട്ടി.അതിനായി ത്രെഡ്‌ ചെയ്യാതെ പുരികം വളര്‍ത്തി. ജയന്റെ അങ്ങാടി,മീന്‍ തുടങ്ങിയ സിനിമകള്‍ കാണണമെന്ന്‌ സംവിധായകന്‍ അരുണ്‍ ചേട്ടന്‍ പറഞ്ഞിരുന്നു. അതൊക്കെ കണ്ടു.അഭിനയിക്കുമ്പോഴാണ്‌ മനസ്സിലായത്‌ ഉമ്മുക്കുല്‍സു ഒരു സിനിമാഭ്രാന്തി ആണെന്നും അവള്‍ കണ്ടിരുന്ന സിനിമകളുടെ ലിസ്റ്റാണ്‌ എന്നോട്‌ പറഞ്ഞിരുന്നതെന്നും.സിനിമയെ അത്രമാത്രം ഗൗരവത്തോടെ കാണുന്ന ടീമിനൊപ്പം പ്രവര്‍ത്തിക്കുമ്പോള്‍ ഫിലിം സ്‌കൂളില്‍ പഠിക്കുന്നതില്‍ കൂടുതല്‍ പാഠങ്ങള്‍ പഠിക്കാന്‍ കഴിയും.

മാനസയ്‌ക്ക്‌ സിനിമാഭ്രാന്തുണ്ടോ?

ഞങ്ങള്‍ കുടുംബത്തോടെ ലാലേട്ടന്‍ ഫാന്‍സാണ്‌.ഓര്‍മ വെച്ചശേഷം ആദ്യമായി തീയേറ്ററില്‍ പോയി കണ്ട രാവണപ്രഭുവിലെ ഡയലോഗുകളും പാട്ടുകളും ഇപ്പോഴും കാണാപ്പാഠമാണ്‌. ബോയിങ്‌ ബോയിങ്‌,കിലുക്കം പോലുള്ള ചിത്രങ്ങള്‍ ഇപ്പോഴും ആദ്യമായി കാണുന്ന ആവേശത്തോടെ ടീവിയ്‌ക്ക്‌ മുന്നില്‍ കുത്തിപ്പിടിച്ചിരുന്ന്‌ കാണും.

വീട്ടില്‍ വെള്ളിയാഴ്‌ച ദിവസം ക്ലാസിക്‌ ചിത്രങ്ങള്‍ കാണുന്ന പതിവുണ്ടായിരുന്നു.പദ്‌മരാജന്‍ സാറിന്റെ ചിത്രങ്ങള്‍ പപ്പയ്‌ക്ക്‌ ഏറെ പ്രിയപ്പെട്ടതാണ്‌.അദ്ദേഹത്തിന്റെ തൂലികയില്‍ പിറന്ന കഥാപാത്രങ്ങള്‍ കോര്‍ത്തിണക്കി മകന്‍ അനന്തപദ്‌മനാഭന്‍ ചെയ്‌ത കാറ്റിലെ നായികയാകാന്‍ കഴിഞ്ഞതില്‍പ്പരം ഒരു ഭാഗ്യമുണ്ടോ? ലെഫ്‌റ്റ്‌ റൈറ്റ്‌ ലെഫ്‌റ്റൊക്കെ കണ്ട്‌ അരുണ്‍കുമാര്‍ അരവിന്ദ്‌ -മുരളി ഗോപി കൂട്ടുകെട്ടിന്റെ ആരാധികയായി മാറിയ എനിക്ക്‌ ആ ടീമിനൊപ്പം വര്‍ക്ക്‌ ചെയ്യാനും കാറ്റിലൂടെ കഴിഞ്ഞു.എത്രകാലം കഴിഞ്ഞാലും എന്റെ ഹൃദയത്തോട്‌ ആ ചിത്രം ഇങ്ങനെ പല കാരണങ്ങളുംകൊണ്ടും ചേര്‍ന്നുതന്നെ കിടക്കും.

മറ്റു കലാഭിരുചികള്‍?

നൃത്തവും സംഗീതവും ഒരുപോലെ ഇഷ്ടമാണ്‌.ആശാ ശരത്തിന്റെ കൈരളി കലാകേന്ദ്രയിലാണ്‌ ഭരതനാട്യം അഭ്യസിച്ചത്‌.ഗിറ്റാര്‍ വായിക്കും.പഠനത്തിന്റെയും അഭിനയത്തിന്റെയും തിരക്കുകള്‍കൊണ്ട്‌ കുറച്ചുനാളായി പ്രാക്ടീസ്‌ ചെയ്യുന്നില്ല.എങ്കിലും മനസ്സുവെച്ചൊന്നിരുന്നാല്‍ പുതിയ പാട്ടുകളും വഴങ്ങുമെന്ന വിശ്വാസമുണ്ട്‌.കാരണം എനിക്കതൊരു പാഷനാണ്‌.സാഹചര്യം ഒത്തുവന്നാല്‍ പാടി അഭിനയിക്കണമെന്ന മോഹവുമുണ്ട്‌.

ദുബായ്‌ ജീവിതത്തോടാണോ കൂടുതല്‍ പ്രിയം?

കുഞ്ഞുനാളില്‍ വെക്കേഷന്‌ നാട്ടില്‍ വന്നുമടങ്ങുമ്പോള്‍ വല്ലാത്ത സങ്കടമായിരുന്നു.അമ്മമ്മയും കസിന്‍സും ഊഞ്ഞാലും അങ്ങനെ ഗൃഹാതുരത്വം ഉണര്‍ത്തുന്ന പലതും നാടിനോടടുപ്പിച്ച ഘടകങ്ങളാണ്‌.വളരുംതോറും ദുബൈയിലെ തിരക്കുകളും നാഗരികതയും കൂട്ടുകാരുമൊക്കെയായി ഞാന്‍ ബ്ലെന്‍ഡ്‌ ആയി.വീട്ടില്‍ മലയാളം സംസാരിക്കണമെന്നും പൂക്കളവും സദ്യയുമൊരുക്കി കേരളീയത നഷ്ടപ്പെടാതെ ഓണം ആഘോഷിക്കണമെന്നുമൊക്കെയുള്ള പപ്പയുടെ നിര്‍ബന്ധങ്ങള്‍ ജന്മനാടുമായുള്ള ബന്ധത്തിന്‌ ഇളക്കം തട്ടാതെ സൂക്ഷിച്ചു.

ഇപ്പോള്‍ സ്വയം ഡബ്ബ്‌ ചെയ്യാന്‍ അവസരം കിട്ടിയതുപോലും എന്റെ മലയാളം മോശം അല്ലാത്തതുകൊണ്ടല്ലേ?വേഷത്തിലായാലും നമ്മുടെ സംസ്‌കാരത്തോട്‌ യോജിക്കുന്നവയാണ്‌ താല്‌പര്യം.സൗകര്യം നോക്കി ജീന്‍സും ടോപ്പുമാണ്‌ കൂടുതലായും ധരിക്കാറുള്ളതെങ്കിലും സെറ്റുസാരി ഉടുക്കാനും പട്ടുപാവാട ഇട്ട്‌ നാടന്‍ പെണ്ണായി ഒരുങ്ങാനും എനിക്കിഷ്ടമാണ്‌.

സിനിമയില്‍ വന്ന ശേഷമുള്ള അവിസ്‌മരണീയമായ ഒരോര്‍മ്മ?

സംഗീതത്തോടുള്ള എന്റെ താല്‌പര്യം പറഞ്ഞല്ലോ?പാടുന്നവരോടെനിക്ക്‌ വല്ലാത്ത ആരാധനയാണ്‌ .'മാംഗോ മഴവില്ലില്‍` കാറ്റിന്റെ ഓഡിയോ ലോഞ്ചിന്‌ പോയപ്പോള്‍ റെഡ്‌ കാര്‍പെറ്റിലൂടെ നടന്നുവന്ന ദാസേട്ടനെക്കണ്ട്‌ ഞാന്‍ കുറേനേരം ഒന്നും മിണ്ടാന്‍ കഴിയാതെ നോക്കിനിന്നു.തൊട്ടുപിന്നാലെ ശങ്കര്‍ മഹാദേവനും ഹരിഹരന്‍ സാറും.അത്ഭുതലോകത്ത്‌ പെട്ടുപോയ ആലീസിന്റെ അവസ്ഥയായിരുന്നു എനിക്കപ്പോള്‍.ആ രംഗം ഇപ്പോഴും കണ്ണില്‍ നിന്ന്‌ മാഞ്ഞുപോയിട്ടില്ല.

പുസ്‌തകങ്ങള്‍ ഇഷ്ടമാണോ?

വലിയ വായനക്കാരിയൊന്നുമല്ല ഞാന്‍.ആറാം ക്ലാസ്സ്‌ മുതലാണ്‌ പുസ്‌തകവായനയുടെ രസം പിടിച്ചത്‌.ഡാന്‍ ബ്രൗണ്‍ ആണെന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍.ത്രില്ലേര്‍സും സസ്‌പെന്‍സുമാണ്‌ എനിക്കിഷ്ടം.`ദി ലോസ്റ്റ്‌ സിംബല്‍`ഒക്കെ വായിക്കുമ്പോള്‍ ശരിക്കും ത്രില്ല്‌ അടിച്ചുപോയിട്ടുണ്ട്‌.

നടിയെന്ന നിലയില്‍ സൗന്ദര്യ സംരക്ഷണത്തിന്‌ പ്രത്യേകം സമയം ചിലവഴിക്കാറുണ്ടോ?

ചെറുപ്പത്തില്‍ ഞാന്‍ നല്ല തടിച്ചിട്ടായിരുന്നു.ടീനേജ്‌ ഒക്കെ ആയപ്പോള്‍ എനിക്ക്‌ തന്നെ തോന്നി ഈ പോക്ക്‌ ശരിയല്ലെന്ന്‌ (ചിരിക്കുന്നു). വര്‍ക്ക്‌ ഔട്ട്‌ ചെയ്‌താണ്‌ ഇങ്ങനെ ആയത്‌.നോണ്‍ വെജ്‌ കഴിക്കാറുണ്ടെങ്കിലും അതെനിക്കൊരു നിര്‍ബന്ധമല്ല.പച്ചക്കറിയാണ്‌ കൂടുതലിഷ്ടം.ധാരാളം വെള്ളം കുടിക്കും.മുഖക്കുരു കുത്തിപ്പൊട്ടിക്കുന്നത്‌ കാണുമ്പോള്‍ അമ്മമ്മ വഴക്കുപറഞ്ഞ്‌ മുഖത്ത്‌ തേന്‍ പുരട്ടി തരാറുണ്ട്‌.ദുബൈയിലെ കാലാവസ്ഥ കാരണം മുടി നന്നായി കൊഴിഞ്ഞിരുന്നു.നാട്ടില്‍ വന്നപ്പോള്‍ ആ പ്രശ്‌നമില്ല.എങ്കിലും ആഴ്‌ചയിലൊരിക്കല്‍ അമ്മ തലയില്‍ എണ്ണ പുരട്ടി മസാജ്‌ ചെയ്‌തുതരും.ബ്യൂട്ടി പാര്‍ലറില്‍ പോയി ആകെ ചെയ്യുന്നത്‌ ഐബ്രോസ്‌ ത്രെഡ്‌ ചെയ്യുന്നത്‌ മാത്രമാണ്‌.


കുടുംബ വിശേഷങ്ങള്‍?

അച്ഛന്‍ രാധാകൃഷ്‌ണന്‍.വി.കെ ദുബൈയില്‍ എഞ്‌ജിനിയറാണ്‌.അമ്മ ശ്രീകല കമ്പ്യൂട്ടര്‍ അദ്ധ്യാപികയായിരുന്നു.ഒറ്റമകളല്ലേ എന്നോര്‍ത്താകാം എനിക്കുവേണ്ടി ജോലി ഉപേക്ഷിച്ച്‌ ഫുള്‍ ടൈം കൂടെ തന്നെയുണ്ട്‌.എറണാകുളത്താണ്‌ താമസം.എന്റെ സന്തോഷങ്ങള്‍ക്ക്‌ പ്രാധാന്യം കല്‍പ്പിക്കുന്ന കുടുംബാന്തരീക്ഷം തന്നെയാണ്‌ എന്നെ ഞാനാക്കുന്നത്‌.
 കാറ്റ്‌ വന്ന്‌ വിളിച്ചപ്പോള്‍: മാനസ രാധാകൃഷ്‌ണന്‍  കാറ്റ്‌ വന്ന്‌ വിളിച്ചപ്പോള്‍: മാനസ രാധാകൃഷ്‌ണന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക