Image

ഇങ്ങനെയുണ്ടോ ഒരാരാധന...

Published on 18 April, 2018
ഇങ്ങനെയുണ്ടോ ഒരാരാധന...
മോഹന്‍ലാല്‍ എന്ന നടന്റെ ഉദയവും അദ്ദേഹത്തിന്റെ കരിയറിലെ വളര്‍ച്ചയുടെ ഘട്ടങ്ങളും ഇതിവൃത്തമാക്കിയെടുത്ത സിനിമയാണ് സാജിത് യഹിയ സംവിധാനം ചെയ്ത മോഹന്‍ലാല്‍ എന്ന ചിത്രം. ഒരു നടനെന്ന നിലയില്‍ മോഹന്‍ ലാല്‍ സിനമയില്‍ അഭിനയിക്കാത്ത കഥാപാത്രങ്ങളില്ല. അതിന്റെ ആഴവും സങ്കീര്‍ണ്ണതകളും കൊണ്ടു തന്നെ എണ്ണമറ്റ കഥാപാത്രങ്ങളാണ് അദ്ദേഹത്തിന്റേതായിട്ടുള്ളത്.

ഈ ചിത്രത്തില്‍ മോഹന്‍ലാല്‍ എന്ന നടനോടുള്ള ആരാധന വളര്‍ന്ന് ഒരു വ്യക്തിയുടെ ജീവിതത്തിന്റെ സമസ്ത മേഖലകളിലും അത് പടര്‍ന്നു പന്തലിക്കുകയും വ്യക്തിജീവിതത്തിലേക്കും സ്വഭാവ സവിശേഷതകളില്‍ വരെ സ്വാധീനിക്കുകയും അങ്ങനെ ആ വ്യക്തിയുടെ ജീവിതത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങളുമൊക്കെയാണ് ചിത്രം പറയുന്നത്. വ്യക്തികളോടും തനിക്കു ചുറ്റും നടക്കുന്ന സംഭവങ്ങളെയും എല്ലാം മോഹന്‍ലാല്‍ എന്ന നടനുമായി ബന്ധപ്പെട്ട ചിത്രങ്ങളുമായി ചേര്‍ത്തു വച്ചു ചിന്തിക്കുകയും പെരുമാറുകയും ചെയ്യുന്ന ഒരു വ്യക്തി. അത് ഒരു സ്ത്രീ ആയാലോ. പോരാഞ്ഞിട്ട് ഭാര്യയും ഒരു കുടുംബിനി കൂടി ആകുമ്പോഴുള്ള സംഭവവികാസങ്ങളാണ് ഈ ചിത്രം പറയുന്നത്.

കഥയിലെ നായിക മീനാക്ഷി(മഞ്ജു വാര്യര്‍)യാണ്. മീനാക്ഷി ജനിച്ച ദിവസം 1980 ഡിസംബര്‍ 25 ആണ്. അന്നായിരുന്നു മോഹന്‍ലാല്‍ എന്ന നടന്റെ ഉദയം കുറിച്ച മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിന്റെ റിലീസും. പിന്നീട് മീനാക്ഷി ഒന്നാം ക്‌ളാസില്‍ പഠിക്കുമ്പോള്‍ ഒന്നു മുതല്‍ പൂജ്യം വരെ എന്ന ചിത്രത്തില്‍ മോഹന്‍ലാലിനെ കണ്ടപ്പോള്‍ അന്ന് ആരാധന മനസില്‍ കയറിയതാണ്. പിന്നീട് അത് മീനാക്ഷിക്കൊപ്പം വളര്‍ന്നു. മീനാക്ഷിയുടെ ബാല്യകാലസുഹൃത്താണ് സേതുമാധവന്‍(ഇന്ദ്രജിത്ത്). സേതുവിന് മീനാക്ഷിയോട് കടുത്ത പ്രണയമാണ്. എന്നാല്‍ മോഹീഹ5ന്‍ലാലിനോടുള്ള മീനാക്ഷിയുടെ അന്ധമായ ആരാധന സേതുവിന് പലപ്പോഴും പൊല്ലാപ്പാകുന്നു. അയാള്‍ക്ക് അവളോട് പലപ്പോഴും തന്റെ പ്രണയം തുറന്നു പറയാന്‍ പോലും കഴിയുന്നില്ല. ഒടുവില്‍ തന്റെ പ്രണയം വെളിപ്പെടുത്താന്‍ അയാള്‍ക്ക് മോഹന്‍ലാലിന്റെ തന്നെ ഡയലോഗ് കടമെടുക്കേണ്ടി വരികയാണ്. പിന്നീട് മീനാക്ഷിയും സേതുവും വിവാഹിതരാകുന്നു. സ്‌നേഹസമ്പന്നനായ ഭര്‍ത്താവാണ് സേതു. എന്നാലും മോഹന്‍ലാല്‍ ആരാധികയായ ഭാര്യ കാരണം വിവാഹജീവിതത്തില്‍ അയാള്‍ക്ക് പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്നു.

ഒരു സാധാരണ കുടുംബത്തില്‍ സംഭവിക്കാവുന്ന കാര്യങ്ങള്‍ മാത്രമാണ് ഈ ചിത്രത്തിലും അവതരിപ്പിച്ചിട്ടുള്ളത്. കഥ മുന്നോട്ടു പോകുന്നത് സേതുവിലൂടെയാണ്. തന്റെ ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ച് റെയില്‍വേ സ്റ്റേഷനിലെത്തുന്ന അയാളിലൂടെ വികാരതീവ്രമായ കഥാസന്ദര്‍ഭങ്ങളിലേക്ക് സംവിധായകന്‍ ചിത്രത്തെ നയിക്കുന്നു.
കടുത്ത മോഹന്‍ലാല്‍ ആരാധികയായ മീനാക്ഷിയായി മഞ്ജു വാര്യര്‍ തകര്‍ത്തഭിനയിച്ചിട്ടുണ്ട്. അന്ധമായ ആരാധന പുലര്‍ത്തുന്ന യുവതിയുടെ ആവേശങ്ങളും ഭാര്യയും കുടുംബിനിയുമായുള്ള വേഷപ്പകര്‍ച്ചകളും അതിന്റെ സങ്കടങ്ങളുമെല്ലാം അതീവഭദ്രതയോടെ മഞ്ജു വാര്യര്‍ പകര്‍ത്തിയിട്ടുണ്ട്. സേതുമാധവന്‍ എന്ന കഥാപാത്രം ഇന്ദ്രജിത്തിന്റെ കൈയില്‍ ഭദ്രമായി.
ഫാന്‍സ് അസോസിയേഷനുകള്‍ സമൂഹത്തില്‍ ചെയ്യുന്ന നല്ലകാര്യങ്ങള്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത് വേറിട്ടൊരു കാഴ്ചയായി. എന്നാല്‍ സ്ഥാനത്തും അസ്ഥാനത്തും ഫാന്‍സ്‌കാരുടെ ആരാധനയും മോഹന്‍ലാലിനെ കുറിച്ചുള്ള സ്തുതി വാചകങ്ങളും പറയിക്കുന്നത് പലപ്പോഴും അരോചകമായി. മീനാക്ഷിയ്‌ക്കൊപ്പം കഥയില്‍ അപ്രാധാന കഥാപാത്രങ്ങള്‍ പോലും ഇതു പോല താരാരാധന പ്രകടിപ്പിക്കാന്‍ വേണ്ടി സംവിദായകന്‍ ഉപയോഗിച്ചത് രസച്ചരട് പൊട്ടിക്കുന്നുണ്ട്.
സലിം കുമാര്‍, സൗബിന്‍ താഹിര്‍, ഹരീഷ് കണാരന്‍, ബിജുക്കുട്ടന്‍, അജു വര്‍ഗീസ് എന്നിവര്‍ കൈകാര്യം ചെയ്യുന്ന നര്‍മ്മം പ്രേക്ഷകനെ രസിപ്പിക്കുന്നുണ്ട്. ഇവരെ കൂടാതെ സിദ്ദിഖ്, സുനില്‍ സുഖദ, കെ.പി.എ.സി ലളിത, കോട്ടയം നസീര്‍, വിശാല്‍ കൃഷ്ണ, ബേബി മീനാക്ഷി എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളെ മികച്ചതാക്കി. 
ഇങ്ങനെയുണ്ടോ ഒരാരാധന...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക