Image

`കരിഷ്‌മ ലൂക്കിലുള്ള' മേക്ക്‌ ഓവറിനെകുറിച്ചും ഭാവി പ്ലാനുകളെ കുറിച്ചും ഉണ്ണി മുകുന്ദന്‍

Published on 19 April, 2018
 `കരിഷ്‌മ ലൂക്കിലുള്ള'  മേക്ക്‌ ഓവറിനെകുറിച്ചും ഭാവി പ്ലാനുകളെ കുറിച്ചും ഉണ്ണി മുകുന്ദന്‍
പൗരുഷം ഒത്തിണങ്ങിയ ശരീര ഘടനയുള്ള ഉണ്ണി മുകുന്ദനെ ഒരു സ്‌ത്രീയായി ആരും സങ്കല്‌പിച്ചിട്ടുണ്ടാവില്ല. അതുകൊണ്ടുതന്നെ സാരി ഉടുത്ത്‌ `കരിഷ്‌മ ലൂക്കിലുള്ള' പോസ്റ്റര്‍ ഫേസ്‌ബുക്കില്‍ ഷെയര്‍ ചെയ്‌തപ്പോള്‍ ആരാധകര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. ചാണക്യതന്ത്രം എന്ന സിനിമയ്‌ക്കുവേണ്ടിയുള്ള മേക്ക്‌ ഓവറിനെക്കുറിച്ചും ഭാവിപദ്ധതികളെക്കുറിച്ചും ഉണ്ണിയുടെ വാക്കുകളിലൂടെ...


ചാണക്യതന്ത്രം എന്ന പേരിനു പിന്നില്‍?


റൊമാന്റിക്‌-ആക്ഷന്‍ ത്രില്ലര്‍ ആയാണ്‌ ചാണക്യതന്ത്രം ഒരുക്കിയിട്ടുള്ളത്‌. ചരിത്രം ചാണക്യനെ വിശേഷിപ്പിക്കുന്നത്‌ ശത്രുപക്ഷത്തെ നിമിഷങ്ങള്‍കൊണ്ട്‌ നിലംപരിശാക്കിയ തന്ത്രശാലിയായ പോരാളി ആയിട്ടാണ്‌. സൂക്ഷ്‌മവും കൃത്യവുമായി എതിരാളിയെ നേരിടുന്ന നായകന്റെ സവിശേഷത തന്നെയാണ്‌ പേരിന്‌ ആധാരം.സിനിമ കാണുന്നവര്‍ക്ക്‌ ഇതിനോളം ചേര്‍ന്ന മറ്റൊരു പേര്‌ ഈ ചിത്രത്തിന്‌ നല്‍കാന്‍ കഴിയില്ലെന്ന്‌ തോന്നും.


ഉണ്ണിയെപ്പോലെ ഒരു മസില്‍മാനെക്കൊണ്ട്‌ സ്‌ത്രീവേഷം ചെയ്യിക്കാം എന്ന സംവിധായകന്റെ ധൈര്യത്തെക്കുറിച്ച്‌?


കണ്ണന്‍ താമരക്കുളത്തിനൊപ്പം ഇതിനുമുന്‍പ്‌ ഞാന്‍ അച്ചായന്‍സ്‌ ചെയ്‌തിരുന്നു. എനിക്ക്‌ പാടാനുള്ള കഴിവുണ്ടെന്ന്‌ മനസിലാക്കി അതില്‍ പാടിക്കുകയും പാട്ടെഴുതിക്കുകയും ചെയ്‌ത ആളാണദ്ദേഹം. നമ്മള്‍ക്ക്‌ പോലും അറിയാത്ത നമ്മുടെ കാലിബര്‍ പുറത്തുകൊണ്ടുവരുന്ന ആളാണ്‌ നല്ലൊരു സംവിധായകന്‍. അങ്ങനൊരാള്‍ എന്നില്‍ ഈ റോള്‍ ഭദ്രമായിരിക്കുമെന്ന ഉറപ്പില്ലാതെ സമീപിക്കില്ലെന്ന വിശ്വാസം കാരണം കൂടുതലൊന്നും ചിന്തിക്കാതെ സമ്മതിച്ചു. ആടുപുലിയാട്ടത്തിന്റെ സ്‌ക്രിപ്‌റ്റ്‌ എഴുതിയ ദിനേശ്‌ പള്ളത്തിന്റെ തിരക്കഥ ആണെന്നതും ഞാന്‍ കണ്ട പ്ലസ്‌ ആണ്‌.

പിന്നെ, ശരീരം മസ്‌കുലര്‍ ആകുന്നത്‌ കഥാപാത്രമാകുന്നതിന്‌ തടസമായി തോന്നിയിട്ടില്ല. ഈ ബോഡിയുമായി തന്നെയാണ്‌ ക്ലിന്റിലെ എഴുപതുകാരനെ ഞാന്‍ അവതരിപ്പിച്ചത്‌. അതിനെനിക്ക്‌ രാമു കാര്യാട്ട്‌ ബെസ്‌ററ്‌ ആക്ടര്‍ അവാര്‍ഡും കിട്ടി. ബോഡി നമ്മുടെ വരുതിയില്‍ നിര്‍ത്താന്‍ കഴിഞ്ഞാല്‍ ഏതുറോളും ആര്‍ക്കും ചെയ്യാം. കരിഷ്‌മയാകാന്‍ ഫിറ്റ്‌നസ്‌ കോംപ്രോമൈസ്‌ ചെയ്യാതിരുന്നതും ആ ബോധ്യംകൊണ്ടാണ്‌. മസില്‍ ഉള്ള പെണ്ണെന്ന്‌ പറഞ്ഞ്‌ ഞങ്ങളുടെ അധ്വാനത്തെ കുറച്ചുകണ്ടവര്‍ക്ക്‌ ഒരുപക്ഷേ അസൂയ ആയിരിക്കാം. പെണ്ണായിട്ടല്ല, പെണ്‍വേഷം കെട്ടിയാണ്‌ ഞാനിതില്‍ അഭിനയിക്കുന്നതെന്ന്‌ അവര്‍ക്ക്‌ മനസിലായിട്ടുണ്ടാവില്ല.(ചിരിക്കുന്നു).


കരിഷ്‌മയ്‌ക്ക്‌ വേണ്ടി നടത്തിയ തയ്യാറെടുപ്പുകള്‍?


ബാഗ്മതിയുടെ ഷൂട്ട്‌ നടക്കുമ്പോള്‍ ഞാന്‍ അനുഷ്‌കയ്‌ക്കൊപ്പം എടുത്ത ഫോട്ടോ കണ്ട്‌ ഞങ്ങളുടെ കണ്ണും മൂക്കുമൊക്കെ തമ്മില്‍ സാമ്യമുണ്ടെന്ന്‌ ഒരുപാടുപേര്‍ പറഞ്ഞു. അതുകൊണ്ടുതന്നെ, ഡിജിറ്റല്‍ ഇമ്പര്‍നേഷന്‍ നടത്തിയും മ്യുച്വല്‍ ക്രാഫ്‌റ്റ്‌ വഴിയും പെണ്ണായുള്ള എന്റെ ഗെറ്റപ്പ്‌ പ്ലാന്‍ ചെയ്‌തത്‌ അനുഷ്‌കയെ റെഫെറെന്‍സ്‌ ആക്കിവെച്ചാണ്‌. ഒറ്റനോട്ടത്തില്‍ എനിക്ക്‌ തന്നെ സുന്ദരി എന്നുതോന്നി. അതോടെ ആത്മവിശ്വാസമായി.


മേക്ക്‌ ഓവര്‍ വീഡിയോ വൈറലായല്ലോ. ഒരുപാട്‌ കഷ്ടപ്പെട്ടെന്ന്‌ തോന്നുന്നു?


നമ്മള്‍ ഇതുവരെ കാണാത്ത അന്യഗ്രഹജീവിയെ സ്‌ക്രീനില്‍ അവതരിപ്പിക്കാന്‍ ആണെങ്കില്‍ കഷ്ടപ്പെട്ടേനെ. ഇതിപ്പോ 'അമ്മ, ചേച്ചി തുടങ്ങി എത്രയോ സ്‌ത്രീകള്‍ മുന്‍പിലുണ്ട്‌, അടുത്തിടപഴകിയിട്ടുണ്ട്‌. മുണ്ടുടുത്ത്‌ നടക്കാന്‍ ഗ്രിപ്പ്‌ ഉള്ളതുകൊണ്ട്‌ സാരി ഒരു പ്രശ്‌നമേ ആയില്ല. ബ്ലൗസ്‌ ഫുള്‍ പാഡഡ്‌ ആയതിന്റെ ബുദ്ധിമുട്ട്‌ തോന്നി. സുന്ദരിയായി നടക്കാന്‍ പെണ്ണുങ്ങള്‍ എടുക്കുന്ന സ്‌ട്രെയിന്‍ മനസിലാക്കാന്‍ പറ്റി എന്നതാണ്‌ പ്രധാന കാര്യം. പുരികം ത്രെഡ്‌ ചെയ്‌തപ്പോള്‍ ഞാന്‍ കൂവിപ്പോയി. ഇങ്ങനെ വേദന സഹിക്കാന്‍ പെണ്ണുങ്ങള്‍ക്കേ പറ്റൂ. പ്രസവവേദന വരെ സഹിക്കുന്നവരല്ലേ?

കൂര്‍ത്ത വെപ്പുനഖം വെച്ചിരുന്നതുകൊണ്ട്‌ ലിക്വിഡ്‌ ഫുഡ്‌ ആയിരുന്നു ഷൂട്ടിനിടയില്‍ കഴിച്ചത്‌. ലിപ്‌സ്‌ടിക്കും മേക്ക്‌ അപ്പും പോകാതിരിക്കാന്‍ നല്ല പാടുപെട്ടു.


സെറ്റിലുണ്ടായ രസകരമായ അനുഭവങ്ങള്‍?


പെണ്ണിന്റെ മേക്കപ്പില്‍ എന്നെക്കണ്ട്‌ മനസിലാകാതെ ആര്‍ട്‌ ഡയറക്ടര്‍ മാഡം എന്നുവിളിച്ചു. യൂണിറ്റിലെ പയ്യന്മാരൊക്കെ കൂടെ നിന്ന്‌ സെല്‍ഫി എടുത്തു. ഫസ്റ്റ്‌ ലുക്ക്‌ പോസ്റ്റര്‍ ഇറങ്ങുംവരെ ആരും ഫോട്ടോ പുറത്തുവിടരുതെന്നു പറഞ്ഞിരുന്നു. എന്റെ അടുത്ത്‌ നില്‍ക്കുമ്പോള്‍ എലാവരുടെയും നോട്ടം വയറിലേക്കാണ്‌ പോയിരുന്നത്‌. ' ഒന്നും തോന്നല്ലേ ചേട്ടാ ' എന്നുപറയുമ്പോള്‍ ഞാന്‍ ചിരിക്കും.

ഇതുവരെ എന്റെ ഒരു സിനിമയുടെയും സെറ്റില്‍ വരാത്ത 'അമ്മ ലൊക്കേഷനില്‍ വന്നെന്നെ പെണ്ണായി കാണണമെന്ന്‌ ആഗ്രഹം പറഞ്ഞു. രണ്ട്‌ പെണ്‍കുട്ടികള്‍ വേണമെന്നായിരുന്നത്രെ അമ്മയുടെ മോഹം. ഒറ്റപ്പാലത്തുനിന്നു എറണാകുളത്തുവന്ന സാരിയുടുത്തുനിന്ന എന്റെയൊപ്പം ഫോട്ടോയും എടുത്തു 'അമ്മ.


നേത്രദാനത്തിനുള്ള സമ്മതപത്രം ചാണക്യതന്ത്രം ടീം ഒപ്പുവച്ചല്ലോ?

പബ്ലിക്‌ ഫിഗര്‍ എന്ന നിലയില്‍ നമ്മള്‍ ചെയ്യുന്ന നന്മ കുറച്ചുപേരെങ്കിലും അനുകരിക്കും.എന്റെ ജീവിതശൈലിപോലും അത്തരത്തിലാണ്‌. സിഗററ്റു വലിക്കുന്നതിനേക്കാള്‍ ഒരുപാട്‌ ബുദ്ധിമുട്ടുള്ള കാര്യമാണ്‌ പത്ത്‌ കിലോയുടെ ഡംബെല്‍ പൊക്കുന്നത്‌. എന്തിലെയും നല്ല വശം കാണാന്‍ ശ്രമിക്കാത്തവരുണ്ട്‌.

സംവിധായകനും നിര്‍മ്മാതാവ്‌ ഫൈസലും നൂറോളം ഫാന്‍സും അന്നുതന്നെ നേത്രദാനത്തിനുള്ള സമ്മത പത്രം ഒപ്പിട്ടത്‌ എന്തോ ഒരുള്‍പ്രേരണകൊണ്ടാണ്‌. നന്മയുടെ ആ തുടക്കമാകാം ഷൂട്ട്‌ തീരും വരെ ബുദ്ധിമുട്ടുകളൊന്നുമില്ലാതെ ഞങ്ങളെ ദൈവം കാക്കാന്‍ കാരണം. സിനിമ റിലീസ്‌ ചെയ്യുമ്പോഴും ആ അനുഗ്രഹം ഉണ്ടാകുമെന്നാണ്‌ വിശ്വാസം.

മരിച്ചുകഴിഞ്ഞാല്‍ ഒരുഗുണവുമില്ലാത്ത കണ്ണുകള്‍ ഒരാള്‍ക്ക്‌ ലോകം കാണാന്‍ ഉപകരിക്കുമെങ്കില്‍ അത്‌ നല്ലതല്ലേ എന്നേ ഞാന്‍ ചിന്തിച്ചുള്ളു. പെട്ടെന്ന്‌ എടുക്കുന്ന തീരുമാനങ്ങളാണ്‌ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ശരി. എണ്‍പത്തിയഞ്ച്‌ ശതമാനം മാര്‍ക്ക്‌ പ്ലസ്‌ ടുവിന്‌ ലഭിച്ചിട്ടും തുടര്‍ന്നുപഠിക്കാതെ സമയവും ഊര്‍ജവും സിനിമയെന്ന മോഹത്തിന്‌ സമര്‍പ്പിച്ചാണ്‌ ഇരുപത്തിരണ്ടാം വയസ്സില്‍ സിനിമയെന്തെന്നറിയാത്ത ഞാന്‍ നടനായത്‌.


ഭാവിവധു കണ്ണുകള്‍ ദാനം ചെയ്യുന്നതിനെ എതിര്‍ത്താലോ?

ഇത്‌ ഞാന്‍ കല്യാണത്തിന്‌ മുന്‍പെടുത്ത തീരുമാനമാണല്ലോ. രണ്ടുപേര്‍ക്കും അവരവുരിടെതായ കാര്യങ്ങളില്‍ തീരുമാനം എടുക്കാനുള്ള സ്‌പേസ്‌ ഉണ്ടായിരിക്കണം. ഭര്‍ത്താവ്‌ പാതിരാത്രി വരെ ജോലി ചെയ്യുമ്പോള്‍ ഞാനും അങ്ങനെ ചെയ്യും എന്നുള്ള രീതിയല്ല. ആര്‍ക്കും ഉപദ്രവവും ഉപകാരവുമില്ലാത്ത ചില കാര്യങ്ങള്‍. ഉദാഹരണത്തിന്‌, അത്രനാള്‍ വളര്‍ത്തി വലുതാക്കിയ അച്ഛന്റെ പേരുമാറ്റി ഭര്‍ത്താവിന്റെ പേര്‌ ചേര്‍ക്കുന്നതില്‍ സ്‌ത്രീകള്‍ക്കൊരു എതിര്‍പ്പുമില്ലാത്തതിന്റെ കാര്യം എനിക്ക്‌ മനസിലായിട്ടില്ല. എന്റെ കൂട്ടുകാര്‍ പറയാറുണ്ട്‌ അത്‌ ആണുങ്ങള്‍ക്കൊരു അഭിമാനമാണെന്ന്‌. പക്ഷെ, എനിക്ക്‌ തോന്നിയിട്ടില്ല. ജീവിതത്തിന്റെ സിംഹഭാഗവും മക്കള്‍ക്കുവേണ്ടി ഹോമിച്ച അച്ഛനമ്മമാരെ മറന്നുകൊണ്ടല്ല ഭര്‍ത്താവിനെ സ്‌നേഹിക്കേണ്ടത്‌. തമ്മില്‍ പറയുന്ന ആശയങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ആളാണെങ്കിലേ ആ ദാമ്പത്യത്തിന്‌ അര്‍ത്ഥമുള്ളൂ. വിട്ടുവീഴ്‌ചയല്ല പരസ്‌പരബഹുമാനമാണ്‌ വേണ്ടത്‌.



2018 ലെ സ്വപ്‌നങ്ങള്‍?


2017 നല്ല വര്‍ഷമായിരുന്നു. അച്ചായന്‍സ്‌, ക്ലിന്റ്‌, ബാഗ്മതി തുടങ്ങി നല്ല ചിത്രങ്ങളുടെ ഭാഗമായി. അവ നല്‍കിയ സംതൃപ്‌തിയാണ്‌ ഈ വര്‍ഷത്തെ എന്റെ ഇന്ധനം. ഇരയും ചാണക്യതന്ത്രവുമാണ്‌ അടുത്ത്‌ റിലീസ്‌ ആകുന്ന ചിത്രങ്ങള്‍. ഷാന്‍ റഹ്‌മാന്റെ സംഗീതത്തില്‍ എന്റെ രണ്ടാമത്തെ ഗാനം ചാണക്യതന്ത്രത്തിനുവേണ്ടി പാടി എന്നതും സന്തോഷമുള്ള കാര്യമാണ്‌. ഒരു പ്രൊഡക്ഷന്‍ ഹൗസ്‌ തുടങ്ങുന്നതും സംവിധായകനാകുന്നതുമൊക്കെ കുറെ നാളായുള്ള സ്വപ്‌നങ്ങളാണ്‌. അതിനുള്ള ചെറിയ കാല്‍വെപ്പായി ബിലാത്തിക്കഥ എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ രഞ്‌ജിത്‌ സാറിനെ അസിസ്‌ററ്‌ ചെയ്യുന്നുണ്ട്‌.

( ചാണക്യന്‍ എതിരാളികളെ നേരിടാന്‍ മെനയുന്ന സൂത്രങ്ങള്‍ പോലെ കൃത്യതയോടെ ചുവടുറപ്പിച്ച്‌ തന്റെ ലക്ഷ്യത്തിലേക്ക്‌ നടന്നടുക്കുകയാണ്‌ ഉണ്ണി മുകുന്ദന്‍).
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക