Image

മേപ്പിള്‍ മരങ്ങളില്‍ മഞ്ഞുവീഴുമ്പോള്‍ (വായന: പ്രൊഫ. എം. കെ. ഗംഗാധരന്‍)

Published on 19 April, 2018
മേപ്പിള്‍ മരങ്ങളില്‍ മഞ്ഞുവീഴുമ്പോള്‍ (വായന: പ്രൊഫ. എം. കെ. ഗംഗാധരന്‍)
ഒരേ മരത്തിലെ ഇലകള്‍ക്ക് പല വര്‍ണ്ണങ്ങള്‍. അതാണ് കാനഡയുടെ ദേശീയവൃക്ഷമായ മേപ്പിള്‍ മരത്തിന്റെ പ്രത്യേകത. അതില്‍ മഞ്ഞുവീഴുമ്പോഴുള്ള മനോഹാരിതയ്‌ക്കൊപ്പം ആ മണ്ണിന്റെ സവിശേഷതകളുമാണ് ജോണ്‍ ഇളമത ആ പേരിലുള്ള നോവലിലൂടെ നമ്മെ അനുഭവിപ്പിക്കുന്നത്. തന്റെ പ്രവാസജീവിതം തനിക്കും തന്റെ കൂട്ടര്‍ക്കും നല്‍കിയ ഉല്‍ക്കര്‍ഷങ്ങളോടൊപ്പം ഒത്തിരി ദുഃഖങ്ങളും തന്റെ മാതൃഭാഷയിലൂടെ ആവിഷ്ക്കരിക്കുകയാണ് നോവലിസ്റ്റ്. മറ്റൊരു നോവലിസ്റ്റിന്റെ കണ്ണിലൂടെ നോക്കുമ്പോള്‍ അനുഭവങ്ങള്‍ക്കു കലാപരമായ ആവിഷ്ക്കാരം നല്‍കാന്‍ ഈ നോവലിസ്റ്റ് അനുഭവിച്ച ബുദ്ധിമുട്ടുകള്‍ വ്യക്തമായി കാണാന്‍ കഴിയും. പൊരുത്തമില്ലാത്ത രണ്ടു സംസ്ക്കാരങ്ങള്‍ക്കിടയിലെ അസ്വാരസ്യങ്ങളെ, അതിലൂടെ സംജാതമാകുന്ന ദുരന്തങ്ങള, ആ ദുരന്തങ്ങളില്‍പ്പെട്ടലയുന്ന നിസ്സഹായരായ മനുഷ്യരെ കാട്ടിത്തരുന്നു നോവലിസ്റ്റ് (In brief, it is the pity of life and the pity life distilled)

കൈരളിയുടെ ഒരു പുസ്തകം കണ്ണൂരില്‍ നിന്നു വന്നു തിരുവനന്തപുരത്തെ പ്രസ്ക്ലബ്ബില്‍ പ്രകാശനം ചെയ്യാന്‍ പോകുന്നുവെന്നു കൈരളി ബുക്ക്‌സിന്റെ സാരഥി ഒ. അശോക് കുമാര്‍ വിളിച്ചറിയിച്ചതുകൊണ്ടാണ് എനിക്കവിടെ എത്താന്‍ കഴിഞ്ഞത്. സഖറിയ എന്ന മുതിര്‍ന്ന പ്രതിഭാശാലിയില്‍ നിന്നു പ്രദീപ് പനങ്ങാട് എന്ന യുവപ്രതിഭ അത് സ്വീകരിക്കുന്നതും കണ്ടു. ഈ പരിപാടിക്കുവേണ്ടി കാനഡയില്‍ നിന്നെത്തിയ നോവലിസ്റ്റിനെയും കേരളത്തിന്റെ വിവിധ സ്ഥലങ്ങളില്‍ നിന്നെത്തിയ അദ്ദേഹത്തിന്റെ സ്‌നേഹിതന്മാരേയും കണ്ടു. ജോണ്‍ മുമ്പെഴുതിയ കൃതികളെക്കുറിച്ച് അവിടെ പരാമര്‍ശിക്കപ്പെട്ടപ്പോഴാണ് ഞാന്‍ അറിയുന്നത്. പ്രവാസികളയക്കുന്ന പണം കൊണ്ടു വാങ്ങിയ കളസം ധരിക്കുന്ന നമ്മുടെ മാധ്യമക്കാര്‍ പ്രവാസി സാഹിത്യത്തോടു കാണികക്കക്കന്ന അവഗണന ഖേദകരമാണ്. പ്രസാധകന്റെ കച്ചവട സാമര്‍ത്ഥ്യം കൊണ്ട് നൂറില്‍പ്പരം പതിപ്പുകളിറക്കാന്‍ കഴിഞ്ഞ ഒരു കൃതി മാത്രം എഴുത്തുകാരന്റെ ഭാഗ്യം കൊണ്ട് അറിയപ്പെടുന്നു. മറ്റു സാഹിത്യത്തിനുള്ളതുപോലെ പ്രാധാന്യം പ്രവാസി സാഹിത്യത്തിനു നാം നല്‍കുന്നില്ലെന്നുള്ള സഖറിയായുടെ അഭിപ്രായത്തോടു ഞാന്‍ യോജിക്കുന്നു.

ഈ നോവലിലെ മുഖ്യകഥാപാത്രം പല ദാമ്പത്യബന്ധങ്ങളിലൂടെ കടന്നുപോകുന്ന ഡോക്ടര്‍ റോയ് ആകുന്നു. മദ്ധ്യതിരുവിതാംകൂറിലെ കടപ്ര മാന്നാര്‍ എന്ന ഗ്രാമത്തില്‍ ദരിദ്രമായ സാഹചര്യങ്ങളില്‍ വളര്‍ന്ന റോയ് പഠിപ്പിലുള്ള മിടുക്കുകൊണ്ടുമാത്രമാണ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കപ്പെടുന്നതും ഡോക്ടറാകുന്നതും കാനഡയില്‍ കോളേജ് പ്രൊഫസര്‍മാരായ നായര്‍-ക്രിസ്ത്യന്‍ ദമ്പതികളുടെ ഏകമകള്‍ സൈക്കോളജി ലക്ചററായ റോസിയെ വിവാഹം കഴിച്ച് അയാള്‍ കാനഡയില്‍ കുടിയേറുന്നു. അവിടെ ഒരു വലിയ ആശുപത്രിയില്‍ കാര്‍ഡിയോളജിസ്റ്റായി സമ്പന്നജീവിതം നയിക്കുന്നു. ഒരു മകനും മകളും. കേരളത്തില്‍ കൊണ്ടുവന്നു പാര്‍പ്പിക്കാതെ അവരെ അമേരിക്കന്‍ സംസ്ക്കാരത്തില്‍ വളര്‍ത്തണമെന്ന റോസിയുടെ ആഗ്രഹത്തിനു റോയിയും കൂട്ടുനില്‍ക്കുന്നു. അവിടെ പതിനാറെത്തുമ്പോള്‍ പ്രായപൂര്‍ത്തിയാവുന്നു. മകന്‍ മാറിമാറി വീട്ടില്‍ ഗേള്‍ഫ്രണ്ടുകളെ കൊണ്ടുവരാന്‍ തുടങ്ങിയപ്പോള്‍ മലയാളിയുടെ, ഇന്ത്യക്കാരന്റെ, ധാര്‍മ്മികരോഷം പിതാവില്‍ നിറയാന്‍ തുടങ്ങി. പതിനെട്ടായപ്പോള്‍ പകല്‍നേരത്ത് ഒരു നീഗ്രോപെണ്ണിനെ വീട്ടുമുറിയില്‍ ഭോഗിക്കുന്നത് യാദൃശ്ചികമായി വീട്ടിലേക്കു വന്ന പിതാവ് കാണുന്നു. കഴുത്തില്‍ കിടന്ന കുഴലൂരി ഡോക്ടര്‍ രണ്ടിനെയും പ്രഹരിക്കുന്നു. ആ കറമ്പി ഒറ്റയടിക്ക് ഡോക്ടറെ വീഴ്ത്തി, മകനും ചേര്‍ന്ന് പിതാവിനെ കട്ടില്‍ക്കാലില്‍ കെട്ടിയിട്ടു പോലീസിനെ വിവരമറിയിക്കുന്നു. താന്‍ വീട്ടിലില്ലാത്തപ്പോള്‍ തന്നെ അന്വേഷിച്ചുവന്ന പെണ്ണിനെ പിതാവ് ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചെന്നാണ് പുത്രന്‍ നല്‍കിയ കേസ്!

ആ കേസില്‍ നിന്നും രക്ഷപ്പെടാന്‍ വളരെ പ്രയാസപ്പെട്ടു ഡോക്ടര്‍. മകന്‍ അവരെ വിട്ടുപോയി. പിന്നെ മകളിലായി ദമ്പതിമാരുടെ പ്രതീക്ഷ. അവള്‍ക്കൊരു കുഞ്ഞുണ്ടായിക്കാണാന്‍ ആഗ്രഹിച്ച അവരെ നിരാശപ്പെടുത്തിക്കൊണ്ട് അവള്‍ ലസ്ബിയന്‍ അഥവാ സ്വവര്‍ഗ്ഗപ്രേമിയാണെന്നു വെളിപ്പെടുത്തുന്നു. ജോലി കിട്ടിയപ്പോള്‍ മറ്റൊരു പെണ്ണിനോടൊപ്പം താമസിക്കുന്നു!

റോയിയുടെ ജീവിതത്തിലെ ട്രാജഡികളുടെ തുടക്കമാണിത്. തുടര്‍ന്നു ദമ്പതികള്‍ വേര്‍പിരിയുന്നു. വളരെ ദയനീയമായ അവസ്ഥയാണ് പിന്നീട്. നല്ല ഭാഷയില്‍ത്തന്നെ ജോണ്‍ ഇളമത കഥ പറയുന്നു. നല്ല വായനാനുഭവമാണ് നോവല്‍ നല്‍കുന്നത്. മലയാളത്തിന് ഒരു നേട്ടം തന്നെയാണ് ഈ കൃതി.

*************
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക