Image

പാട്യ കൂട്ടക്കൊല: മുന്‍മന്ത്രി മായാ കൊദ്‌നാനിയെ ഹൈക്കോടതി കുറ്റവിമുക്തയാക്കി

Published on 20 April, 2018
പാട്യ കൂട്ടക്കൊല: മുന്‍മന്ത്രി മായാ കൊദ്‌നാനിയെ ഹൈക്കോടതി കുറ്റവിമുക്തയാക്കി

അഹമ്മദാബാദ്‌: 2002 ലെ ഗുജറാത്ത്‌ കലാപവുമായി ബന്ധപ്പെട്ട്‌ അരങ്ങേറിയ നരോദാ പാട്യ കൂട്ടക്കൊലക്കേസില്‍ മുന്‍മന്ത്രിയും ബിജെപി നേതാവുമായ മായാ കൊദ്‌നാനിയെ ഹൈക്കോടതി കുറ്റവിമുക്തയാക്കി. മായാ കൊദ്‌നാനി കുറ്റക്കാരിയെന്ന്‌ കണ്ട്‌ വിചാരണക്കോടതി വിധിച്ച 28 വര്‍ഷം തടവുശിക്ഷ ഹൈക്കോടതി റദ്ദാക്കി. തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി മറ്റ്‌ 29 പേരെയും ഹൈക്കോടതി കുറ്റവിമുക്തരാക്കി. വിചാരണക്കോടതി വിധി ചോദ്യം ചെയ്‌ത്‌ പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ്‌ ഹൈക്കോടതിയുടെ വിധി.

സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണ്‌ ജസ്റ്റിസുമാരായ ഹര്‍ഷ ദേവാനി, എഎസ്‌ സുപേഹിയ എന്നിവരുടെ ബെഞ്ച്‌ മായാ കൊദ്‌നാനിയെ വെറുതെ വിട്ടിരിക്കുന്നത്‌. അതേസമയം, ബജ്‌റംഗ്‌ ദള്‍ നേതാവ്‌ ബാബു ബജ്‌റംഗി കുറ്റക്കാരനാണെന്ന്‌ കണ്ടെത്തിയ വിചാരണക്കോടതി വിധി ഹൈക്കോടതി ശരിവച്ചു. ബാബു ബജ്‌റംഗിക്ക്‌ മരണം വരെ തടവുശിക്ഷയാണ്‌ വിചാരണക്കോടതി വിധിച്ചിരിക്കുന്നത്‌.

നേരത്തെ വിചാരണക്കോടതി കുറ്റക്കാരിയെന്ന്‌ കണ്ടെത്തിയ മായാ കൊദ്‌നാനിക്ക്‌ 28 വര്‍ഷം തടവുശിക്ഷയാണ്‌ വിധിച്ചിരുന്നത്‌. മായാ കൊദ്‌നാനി ഉള്‍പ്പെടെ 32 പേരെയാണ്‌ കേസില്‍ വിചാരണക്കോടതി ശിക്ഷിച്ചത്‌. ഏഴ്‌ പ്രതികള്‍ക്ക്‌ ജീവപര്യന്തം തടവും ബാക്കി പ്രതികള്‍ക്ക്‌ 14 വര്‍ഷം സാധാരണ തടവുശിക്ഷയുമായിരുന്നു വിചാരണക്കോടതി വിധിച്ചിരുന്നത്‌. 2014 ജൂലൈ 30 മുതല്‍ മായാ കൊദ്‌നാനി ജാമ്യത്തിലാണ്‌. ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി മായ നല്‍കിയ അപ്പീലിലാണ്‌ ഹൈക്കോടതി ജാമ്യം അനുവദിച്ചത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക