Image

വിഴിഞ്ഞം പദ്ധതിക്കെതിരേ സര്‍ക്കാര്‍, അദാനി ഗ്രൂപ്പ് പ്രതിക്കൂട്ടില്‍

Published on 20 April, 2018
വിഴിഞ്ഞം പദ്ധതിക്കെതിരേ സര്‍ക്കാര്‍, അദാനി ഗ്രൂപ്പ് പ്രതിക്കൂട്ടില്‍
കൊട്ടിഘോഷിച്ച് നടപ്പിലാക്കാനെത്തിയ വിഴിഞ്ഞം പദ്ധതിക്ക് ഒച്ചിഴയുന്ന വേഗം. സര്‍ക്കാര്‍ പദ്ധതി നടത്തിപ്പുകാരായ അദാനി ഗ്രൂപ്പിനെതിരേ പരസ്യമായി രംഗത്തു വന്നു. കരാര്‍പ്രകാരം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കാത്തതിനാല്‍ 18.96 കോടി രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ട് അദാനി ഗ്രൂപ്പിനു സര്‍ക്കാര്‍ നോട്ടീസ് നല്‍കി. 
കഴിഞ്ഞ ഒക്‌ടോബര്‍ 24നകം പദ്ധതിയുടെ 25% നിര്‍മാണം പൂര്‍ത്തിയാകേണ്ടതായിരുന്നു. അതിനുശേഷമുള്ള ഓരോദിവസവും 12 ലക്ഷം രൂപ വീതം കണക്കാക്കിയാണു നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. 2019 ഡിസംബറില്‍ പദ്ധതി പൂര്‍ത്തിയാക്കണമെന്ന് അദാനി പോര്‍ട്‌സ് സി.ഇ.ഒ: കരണ്‍ അദാനിയോടു മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചിരുന്നു. 16 മാസം കൂടി അദാനി ഗ്രൂപ്പ് അധികസമയം ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ വഴങ്ങിയില്ല. 2020 ഓഗസ്റ്റില്‍ പദ്ധതി പൂര്‍ത്തിയാക്കാമെന്നാണ് അദാനി ഗ്രൂപ്പ് അധികൃതര്‍ ചര്‍ച്ചയില്‍ അറിയിച്ചത്. 

ഓഖി ചുഴലിക്കാറ്റിലുണ്ടായ നാശനഷ്ടങ്ങളും കരിങ്കല്‍ ക്ഷാമവും മൂലം മാസങ്ങളായി നിര്‍മാണം നിലച്ചിരിക്കുകയാണെന്നു കരണ്‍ അദാനി ചൂണ്ടിക്കാട്ടി. പ്രകൃതിദുരന്തങ്ങളുണ്ടായാല്‍ നിര്‍മാണകാലാവധി നീട്ടിനല്‍കാന്‍ കരാറില്‍ വ്യവസ്ഥയുണ്ടെന്നു വാദിച്ചാണു കമ്ബനി സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കാന്‍ ശ്രമിച്ചത്. എന്നാല്‍, 2019 ഡിസംബറില്‍തന്നെ പണി പൂര്‍ത്തിയാക്കണമെന്നു മുഖ്യമന്ത്രി അന്ത്യശാസനം നല്‍കി. 

കരിങ്കല്‍ ക്ഷാമം തീര്‍ക്കാന്‍ സര്‍ക്കാര്‍ നടപടിയെടുത്തിട്ടുണ്ട്. തുറമുഖനിര്‍മാണത്തിനു പാറ ലഭ്യമാക്കാന്‍ ക്വാറികള്‍ക്ക് അനുമതി നല്‍കി. നിശ്ചിത കാലാവധിക്കുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയില്ലെങ്കില്‍ അദാനി ഗ്രൂപ്പ് നഷ്ടപരിഹാരം നല്‍കേണ്ടിവരുമെന്നു കഴിഞ്ഞമാസം നടന്ന ഉന്നതതലയോഗത്തിലും സര്‍ക്കാര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. തുറമുഖ നിര്‍മാണക്കരാറില്‍ ഈ വ്യവസ്ഥയുണ്ട്. അതില്‍ ഇളവു നേടാനാണ് അദാനി ഗ്രൂപ്പ് സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക