Image

വിവാഹത്തിലൂടെ ലഭിക്കുന്ന ഗ്രീന്‍ കാര്‍ഡ്: അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 21 April, 2018
വിവാഹത്തിലൂടെ ലഭിക്കുന്ന ഗ്രീന്‍ കാര്‍ഡ്: അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ (ഏബ്രഹാം തോമസ്)
അമേരിക്കയില്‍ സ്ഥിര താമസമാക്കുന്നതിനും പൗരത്വം നേടുന്നതിനും കൂടുതലാളുകളും തിരഞ്ഞെടുക്കുന്ന മാര്‍ഗമാണ് ഗ്രീന്‍ കാര്‍ഡ്. ഗ്രീന്‍ കാര്‍ഡ് ലഭിക്കുവാന്‍ അവിവാഹിതരായവര്‍ അമേരിക്കന്‍ പൗരത്വം ഉള്ളവരെ വിവാഹം കഴിക്കാറുണ്ട്. വിവാഹം കഴിച്ചതിനു ശേഷം നിയമപരമായി അമേരിക്കയിലെത്തിയ ഭര്‍ത്താവിനോ ഭാര്യയോ പങ്കാളിക്ക് വേണ്ടി ഗ്രീന്‍ കാര്‍ഡിന് അപേക്ഷിക്കാം. അമേരിക്കന്‍ പൗരരോ ഗ്രീന്‍ കാര്‍ഡ് ഉള്ളവരോ മറ്റ് രാജ്യക്കാരെ വിവാഹം കഴിച്ച് അവരെ അമേരിക്കയിലെത്തിക്കുവാന്‍ ഗ്രീന്‍ കാര്‍ഡിന് ശ്രമിക്കാറുണ്ട്.

ഗ്രീന്‍ കാര്‍ഡ് ലഭിക്കുവാനുള്ള മാര്‍ഗം ദശകങ്ങളായി ധാരാളമായി ദുരുപയോഗം ചെയ്ത് വന്നിരുന്നതായി ആരോപണങ്ങളുണ്ട്. ഈ പശ്ചാത്തലത്തില്‍ നിയമങ്ങള്‍ക്കും നിബന്ധനകള്‍ക്കും പുതുക്കി എഴുത്ത് നടക്കാറുണ്ട്. നിലവില്‍ പ്രാബല്യത്തിലുള്ള നിയമങ്ങളെയും നിബന്ധനകളെയും കുറിച്ച് ഇവിടെ പ്രതിപാദിക്കുന്നു. ഇത് പൊതുവേ ആപേക്ഷികമായ കാര്യങ്ങളാണ്. വ്യക്തിപരമായ കേസുകളുടെ സ്വഭാവവും സാഹചര്യവും പരിഗണിച്ചാവും അധികാരികള്‍ തീരുമാനം എടുക്കുക.
ഫാമിലി ബെയ്‌സ്ഡ് ഗ്രീന്‍കാര്‍ഡ്-സ്‌പൊസ് എന്ന വിഭാഗത്തിലാണ് വിവാഹത്തിലൂടെയുള്ള ഗ്രീന്‍ കാര്‍ഡ് അപേക്ഷകള്‍ പരിഗണിക്കുന്നത്. മറ്റ് ഫാമിലി ബെയ്‌സ്ഡ് അപേക്ഷകളെക്കാള്‍ വേഗത്തില്‍ ഇവയ്ക്ക് തീരുമാനം ഉണ്ടാവുന്നു. അമേരിക്കയില്‍ സ്ഥിരമായി വസിക്കുവാനുള്ള രേഖയാണ് ഗ്രീന്‍കാര്‍ഡ്. ഈ ഇമിഗ്രേഷന്‍ പെറ്റിഷന് ഉപയോഗിക്കേണ്ടത് ഫോം ഐ 130 ആണ്.

യു.എസ്. സിറ്റിസണ്‍ഷിപ്പ് ആന്റ് ഇമിഗ്രേഷന്‍ സര്‍വീസ് താല്‍ക്കാലികമായി അമേരിക്കയില്‍ വസിക്കുവാന്‍ അനുവദിച്ചിട്ടുള്ളവര്‍ ഫോം ഐ 485 ഉപയോഗിക്കുന്നു.
അമേരിക്കന്‍ പൗരരോ ഗ്രീന്‍കാര്‍ഡ് ഉള്ളവരോ ആയി മറ്റ് രാജ്യക്കാര്‍ നടത്തുന്ന വിവാഹങ്ങള്‍ പങ്കാളികള്‍ക്ക് ഗ്രീന്‍ കാര്‍ഡിന് വേണ്ടി അപേക്ഷിക്കുമ്പോള്‍ തീവ്ര പരിശോധനയിലാവുന്ന സാഹചര്യങ്ങളാണ് ഇപ്പോഴുള്ളത്. ഇന്റര്‍വ്യൂവിന് ഹാജരാവുമ്പോള്‍ ഈ ചോദ്യങ്ങള്‍ക്കും മറുപടി പറയേണ്ട സാഹചര്യം ഉണ്ടാവാം. എപ്പോഴാണ് നിങ്ങള്‍ അന്യോന്യം കണ്ടുമുട്ടിയത്? പങ്കാളിയുടെ ദേഹത്ത് പച്ച(ടാറ്റൂ) കുത്തിയിട്ടുണ്ടോ? ഏതൊക്കെ ചലച്ചിത്രങ്ങലാണ് നിങ്ങള്‍ ഇരുവരും ഒന്നിച്ച് കണ്ടിട്ടുള്ളത്? പങ്കാളികള്‍ അവരുടെ ബന്ധം യഥാര്‍ത്ഥമാണെന്ന് കാണിക്കുവാന്‍ രേഖകളും(മറ്റ് ഭാഷകളിലുള്ളതാണെങ്കില്‍ ഇംഗ്ലീഷ് തര്‍ജ്ജമകളും ഒന്നിച്ചെടുത്ത ഫോട്ടോകളും, തെളിവിനായി ഹാജരാക്കണം.

ഉത്തരങ്ങള്‍ എല്ലാം ശരിയായിരുന്നാലും തീര്‍പ്പ് അനുകൂലമാവണമെന്ന് നിര്‍ബന്ധമില്ലെന്ന് അധികാരികളും കുടിയേറ്റ നിയമത്തില്‍ പ്രവീണരായ അഭിഭാഷകരും പറയുന്നു.
നിങ്ങള്‍ എപ്പോഴാണ് കണ്ടുമുട്ടിയത് എന്ന ചോദ്യത്തിന് അനുബന്ധമായി അതിന് ശേഷം എപ്പോഴാണ് ഡേറ്റ് ചെയ്യാന്‍ ആരംഭിച്ചത് എന്ന ചോദ്യം ഉയരാം. എപ്പോഴാണ് പങ്കാളിയുടെ ബന്ധുക്കളെ കണ്ടത്, എപ്പോഴാണ് വിവാഹിതരാവാന്‍ തീരുമാനിച്ചത്, എപ്പോഴാണ് വിവാഹമോതിരം വാങ്ങിയത് എങ്ങനെ ആയിരുന്നു വിവാഹം, ആരൊക്കെ സംബന്ധിച്ചു, ഇതിന് ശേഷം എന്ത് ചെയ്തു, എവിടെയാണ് ആഹാരം കഴിച്ചത് എന്നും ചോദിക്കാം. നിങ്ങളുടെ വിവാഹബന്ധത്തെ കൂടതലറിയാന്‍ ഇമിഗ്രേഷന്‍ അധികാരി ഇങ്ങനെ ശ്രമിക്കുന്നു.

സാധാരണഗതിയില്‍ ഇതൊരു വ്യാജവിവാഹമാണ് എന്ന മുന്‍വിധിയോടെയാണ് അധികാരി ഇന്റര്‍വ്യൂ ആരംഭിക്കുക. മറിച്ചാണ് എന്ന് സ്ഥാപിക്കേണ്ടത് ഭാര്യയുടെയും ഭര്‍ത്താവിന്റെയും ഉത്തരവാദിത്തമാണ്. അസത്യമാണ് പറയുന്നതെന്ന് തെളിഞ്ഞാല്‍ 2,50,000 ഡോളര്‍ വരെ പിഴ നല്‍കേണ്ടിവരും. ജയില്‍ശിക്ഷയും ഉണ്ടാവും. വിവാഹത്തിലൂടെ ഗ്രീന്‍കാര്‍ഡ് ലഭിക്കുവാനുള്ള സാധ്യത ഇതോടെ അപേക്ഷകയ്ക്ക്/ അപേക്ഷകന് നഷ്ടമായേക്കും.

മൊത്തം അപേക്ഷാഫീസ് 299 ഡോളറാണ്. ചിലപ്പോള്‍ വ്യവസ്ഥകള്‍ക്ക് ബാധകമായി(കണ്ടീഷനല്‍)ഗ്രീന്‍ കാര്‍ഡ് നല്‍കിയേക്കാം. ഈ ഗ്രീന്‍ കാര്‍ഡിന്റെ  കാലാവധിക്ക്‌ശേഷം 90 ദിവസത്തിനുള്ളില്‍ ഫോം ഐ 751 ല്‍ വ്യവസ്ഥകള്‍ മാറ്റിക്കിട്ടാന്‍ അപേക്ഷിക്കേണ്ടതാണ്.

കൂടുതല്‍ ചോദ്യങ്ങള്‍ ഇവയില്‍ നിന്നാകാം. നിങ്ങളുടെ ബെഡ്‌റൂമിന്റെ ചിത്രം വരയ്ക്കുക?  നിങ്ങളുടെ വീട്ടില്‍ നിങ്ങള്‍ എങ്ങനെയാണ് പ്രവേശിക്കുന്നത്? ഏത് വഴികളിലൂടെയാണ് നിങ്ങളുടെ പങ്കാളി സാധാരണ സഞ്ചരിക്കുന്നത്? കഴിഞ്ഞ രാത്രി നിങ്ങള്‍ എന്ത് ചെയ്തു? ക്രിസ്മസിന് നിങ്ങള്‍ എന്ത് ചെയ്തു? പങ്കാളിക്ക് നിങ്ങള്‍ എന്ത് സമ്മാനമാണ് നല്‍കിയത്?
പങ്കാളി അയാളുടെ(അവളുടെ) അമ്മാവിഅമ്മയെ അവസാനമായി കണ്ടത് എപ്പോഴാണ്?
എവിടെ നിങ്ങള്‍ ആദ്യമായി പങ്കാളിയുടെ സഹോദരന്മാരെയും സഹോദരിമാരെയും കണ്ടത്? നിങ്ങളുടെ പങ്കാളി എപ്പോഴെങ്കിലും ആശുപത്രിയില്‍ ചികിത്സയിലായിരുന്നുവോ?

പൗരത്വത്തിന്റെ യോഗ്യതകള്‍ ഇവയാണ്;
അഞ്ച് വര്‍ഷമായി ഗ്രീന്‍ കാര്‍ഡ് ഉടമയായിരിക്കണം-ഈ അഞ്ച് വര്‍ഷത്തിനുള്ളില്‍ യു.എസിന് പുറത്ത് ആറ് മാസമോ അതില്‍ കൂടുതലോ വസിച്ചിരിക്കരുത്.
പൗരത്വത്തിന് അപേക്ഷിക്കുന്നതിന് മുന്‍പ് 30 മാസമെങ്കിലും യു.എസില്‍ ശാരീരമായി ഉണ്ടായിരുന്നിരിക്കണം.

എവിടെ നിന്നാണോ അപേക്ഷിക്കുന്നത് ആ സംസ്ഥാനത്ത് 3 മാസം താമസിച്ചിരിക്കണം. ഇംഗ്ലീഷില്‍ സാമാന്യബോധം ഉണ്ടായിരിക്കണം- ഈ വ്യവസ്ഥയ്ക്ക് ഇളവിനായി നിയമപോരാട്ടങ്ങള്‍ നടക്കുന്നുണ്ട്.

അമേരിക്കന്‍ ചരിത്രം, ഗവണ്‍മെന്റ്, സമൂഹം എന്നിവയെ കുറിച്ച് അറിവ് ഉണ്ടായിരിക്കണം.

അമേരിക്കയോട് കൂറ് പ്രഖ്യാപിച്ച് പ്രതിജ്ഞ എടുക്കുവാന്‍ തയ്യാറായിരിക്കണം-പ്രതിജ്ഞകള്‍ അനുവദനീയമല്ലാത്ത മതവിശ്വാസികള്‍ ഇളവുണ്ട്.
പൗരത്വ അപേക്ഷയുടെ മൊത്തം ചെലവ് 924 ഡോളറാണ് (മാറ്റം ഉണ്ടായേക്കാം).
ആപ്ലിക്കേഷന്‍ ഫീ- 199 ഡോളര്‍, യു.എസ്.സി ഐഎസ് ഫയലിംഗ് ഫീ-640 ഡോളര്‍, ബയോമെട്രിക് ഫീ-85 ഡോളര്‍ എന്നിങ്ങനെയാണ് ഫീസ് ശേഖരിക്കുന്നത്.
ഗ്രീന്‍ കാര്‍ഡിന്റെയോ പൗരത്വത്തിന്റെയോ നടപടികള്‍ ആരംഭിക്കുവാന്‍ തുനിഞ്ഞാല്‍ സ്വകാര്യ വിവരത്തില്‍ ചിലതൊക്കെ ഗോപനീയമായി എന്ന് വരില്ല. തുടര്‍ച്ചയായി അനൗദ്യോഗിക കേന്ദ്രങ്ങളില്‍ നിന്ന് ഫോണ്‍ വിളികലും ഇമെയിലുകളും ഉണ്ടായി എന്ന് വരും. ഇവയ്‌ക്കെതിരെ സൂക്ഷമ ജാഗ്രത പാലിച്ചാല്‍ പിന്നീട് ദുഃഖിക്കേണ്ടി വരികയില്ല.
പൗരത്വത്തിനുള്ള അപേക്ഷ ഫോറം എന്‍ 400ല്‍ ചെയ്യുന്നു. നടപടിക്രമങ്ങള്‍ സാധാരണ ആറ് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാറുണ്ട്. എങ്കിലും ധാരാളം അപേക്ഷകള്‍ തീര്‍പ്പ് കാത്ത് കിടപ്പുള്ളതിനാല്‍ ഇതില്‍ കൂടുതല്‍ സമയം വേണ്ടി വന്നേക്കും. അപേക്ഷ കിട്ടിയാല്‍ ബയോമെട്രിക്‌സി(ശാരീരിക അളവുകളും കൈരേഖകളും സമര്‍പ്പിക്കുവാന്‍ എത്തണമെന്ന നിര്‍ദ്ദേശം യു.എസ്. സിഐഎസ് അറിയിക്കും. ഇതിന് ശേഷം ഇന്റര്‍വ്യൂവിനുള്ള തീയതിയും സമയവും അറിയിക്കും. ഇന്റര്‍വ്യൂവില്‍ ഇംഗ്ലീഷ് വായിക്കുവാനും എഴുതുവാനും പറയുവാനും  യു.എസ്.സിവികിസിനെ കുറിച്ച് 10 ചോദ്യങ്ങള്‍ക്കുള്ള മറുപടികളും പരീക്ഷിച്ച് തീര്‍പ്പ് കല്പിക്കും.

വിവാഹത്തിലൂടെ ലഭിക്കുന്ന ഗ്രീന്‍ കാര്‍ഡ്: അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ (ഏബ്രഹാം തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക