Image

വരാപ്പുഴയില്‍ പോലീസ്‌ കസ്റ്റഡിയില്‍ കൊല്ലപ്പെട്ടത്‌ നിരപരാധി: ശ്രീജിത്തിനെതിരെ തെളിവില്ല

Published on 22 April, 2018
വരാപ്പുഴയില്‍ പോലീസ്‌ കസ്റ്റഡിയില്‍ കൊല്ലപ്പെട്ടത്‌ നിരപരാധി: ശ്രീജിത്തിനെതിരെ തെളിവില്ല
കൊച്ചി: വരാപ്പുഴയില്‍ വീടു കയറി ആക്രമിച്ചതിനെത്തുടര്‍ന്ന്‌ ഗൃഹനാഥന്‍ വാസുദേവന്‍ ആത്മഹത്യ ചെയ്‌ത കേസില്‍ പിടികൂടിയത്‌ നിരപരാധികളെയെന്ന്‌ അന്വേഷണ സംഘം കണ്ടെത്തി. കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്ത്‌ ഉള്‍പ്പെടെയുള്ള എട്ടു പേര്‍ യഥാര്‍ത്ഥ പ്രതികളായിരുന്നില്ലെന്ന്‌ അന്വേഷണ സംഘം പറവൂര്‍ ഒന്നാംക്ലാസ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതിയെ അറിയിച്ചു. തെളിവില്ലാത്തതിനാല്‍ ആത്മഹത്യാപ്രേരണക്കുറ്റം റദ്ദാക്കുകയാണെന്നും സംഘം വ്യക്തമാക്കി.

കൊലപാതകവുമായി ബന്ധപ്പെട്ട്‌ അറസ്റ്റിലായ വരാപ്പുഴ എസ്‌ഐ ജി.എസ്‌. ദീപക്‌, റൂറല്‍ ടൈഗര്‍ ഫോഴ്‌സിലെ പോലീസുകാരായ സന്തോഷ്‌കുമാര്‍, ജിതിന്‍രാജ്‌, സുമേഷ്‌ എന്നിവര്‍ക്ക്‌ തലയൂരാനാവാത്തവിധം കുരുക്ക്‌ മുറുക്കിയാണ്‌ റിപ്പോര്‍ട്ട്‌.

നിരപരാധികളെ കസ്റ്റഡിയിലെടുക്കാന്‍ സിപിഎം നേതൃത്വം ഇടപെട്ടിട്ടുണ്ടെന്ന പാര്‍ട്ടി പ്രാദേശിക നേതാവിന്റെ മകന്റെ വെളിപ്പെടുത്തലിനെ കേന്ദ്രീകരിച്ചായിരിക്കും ഇനിഅന്വേഷണം.

വീടാക്രമണക്കേസില്‍ അറസ്റ്റിലായ നിഥിന്‍, ഗോപിന്‍, സിദ്ദിക്‌, എസ്‌.ജി. വിനു, വിനു (ധാണ്‍ഡി), ശ്രീക്കുട്ടന്‍, സജിത്ത്‌ എന്നിവര്‍ക്ക്‌ കേസുമായി ബന്ധമില്ല. ശരത്ത്‌, വിനു (ധാരാവി) എന്നിവര്‍ക്ക്‌ മാത്രമേ ബന്ധമുള്ളൂ. ആത്മഹത്യാപ്രേരണക്കുറ്റം നിലനില്‍ക്കില്ലെന്നും പോലീസ്‌ കോടതിയില്‍ വ്യക്തമാക്കി. ആത്മഹത്യയ്‌ക്ക്‌ പ്രേരണയുമായി ബന്ധപ്പെട്ട്‌ എടുത്ത കേസാണ്‌ റദ്ദാക്കിയത്‌. ഇനി വീട്‌ കയറി ആക്രമിച്ച കേസ്‌ മാത്രമാണ്‌ നിലനില്‍ക്കുക. കേസിലെ ഏഴു പ്രതികള്‍ക്കും ജാമ്യം അനുവദിച്ചിട്ടുണ്ട്‌.

അതിനിടെ സന്തോഷ്‌കുമാര്‍, ജിതിന്‍രാജ്‌, സുമേഷ്‌ എന്നിവരുടെ ജാമ്യാപേക്ഷ പറവൂര്‍ കോടതി തള്ളി. റൂറല്‍ എസ്‌പി എ.വി. ജോര്‍ജ്ജിന്റെ നിയന്ത്രണത്തിലുള്ള റൂറല്‍ ടൈഗര്‍ഫോഴ്‌സിലെ അംഗങ്ങളായ ഇവര്‍, കേസില്‍ മനഃപൂര്‍വം കുടുക്കുകയായിരുന്നുവെന്നും പോലീസില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും വെളിപ്പെടുത്തിയിരുന്നു. ഇവരുടെ വിവാദ വെളിപ്പെടുത്തലിനെക്കുറിച്ചും അന്വേഷണമുണ്ടാകും. കൊലക്കുറ്റം ചുമത്തി അന്വേഷണ സംഘം അറസ്റ്റു ചെയ്‌ത വരാപ്പുഴ എസ്‌ഐ ജി.എസ്‌. ദീപക്കിനെ കോടതി ഇന്നലെ റിമാന്‍ഡ്‌ ചെയ്‌തു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക