Image

സിപിഎം ജനറല്‍ സെക്രട്ടറിയായി സീതാറാം യെച്ചൂരി തുടരും

Published on 22 April, 2018
 സിപിഎം ജനറല്‍ സെക്രട്ടറിയായി സീതാറാം യെച്ചൂരി തുടരും
ഹൈദരബാദ്‌: സിപിഎം ജനറല്‍ സെക്രട്ടറിയായി സീതാറാം യെച്ചൂരി തുടരും. കാരാട്ട്‌ പക്ഷവുമായി കടുത്ത ഭിന്നത നിലനിന്നിരുന്നെങ്കിലും വോട്ടെടുപ്പില്ലാതെ തന്നെ യെച്ചൂരിയെ തുടരാന്‍ അനുവദിക്കുകയായിരുന്നു. തുടര്‍ച്ചയായി രണ്ടാം തവണയാണ്‌ യച്ചൂരി ജനറല്‍ സെക്രട്ടറിയാകുന്നത്‌. കേന്ദ്ര കമ്മറ്റിയില്‍ പത്ത്‌ പുതുമുഖങ്ങളെ ഉള്‍പ്പെടുത്താനും ധാരണയായി.

17 അംഗ പോളിറ്റ്‌ ബ്യൂറോയേയും തിരഞ്ഞെടുത്തു. എസ്‌.രാമചന്ദ്രന്‍ പിള്ള പോളിറ്റ്‌ ബ്യൂറോയില്‍ തുടരും. എ.കെ.പത്മനാഭന്‍ ഒഴിയും. കേരളത്തില്‍ നിന്ന്‌ എംവി ഗോവിന്ദനും പാര്‍ട്ടി തൃശൂര്‍ ജില്ലാ സെക്രട്ടറി കെ രാധാകൃഷ്‌ണനും കേന്ദ്ര കമ്മിറ്റിയിലേക്ക്‌ എത്തിയപ്പോള്‍ മുതിര്‍ന്ന അംഗം പികെ ഗുരുദാസന്‍ ഒഴിവായി. 95 അംഗ പാനലിനെ കേന്ദ്ര കമ്മിറ്റി ഐകകണ്‌ഠ്യേന അംഗീകരിച്ചു.

സിസിയില്‍ ഒരു സീറ്റ്‌ സ്‌ത്രീകള്‍ക്കായി ഒഴിച്ചിട്ടിരിക്കുകയാണ്‌.

 മലയാളിയും അഖിലേന്ത്യ കിസാന്‍ സഭാ നേതാവ്‌ വിജൂ കൃഷ്‌ണനും മുരളീധരനും കമ്മിറ്റിയിലുണ്ട്‌. തപന്‍സെന്നും നിലോത്‌പല്‍ ബസുവുമാണ്‌ തെരഞ്ഞെടുക്കപ്പെട്ട പുതുമുഖങ്ങള്‍.

എസ്‌ രാമചന്ദ്രന്‍ പിള്ള പോളിറ്റ്‌ബ്യൂറോയില്‍ തുടരും. 80 വയസു കഴിഞ്ഞ എസ്‌ആര്‍പിയ്‌ക്ക്‌ ഇളവ്‌ നല്‍കണമെന്ന്‌ കാരാട്ട്‌ പക്ഷം നേരത്തെ ആവശ്യപ്പെട്ടിരുന്നു. അതേസമയം, ബുദ്ധദേവ്‌ ഭട്ടാചാര്യ ക്ഷണിതാക്കളുടെ പട്ടികയില്‍ നിന്നും ഒഴിവായി.

വിഎസ്‌ അച്യുതാനന്ദന്‍ കേന്ദ്ര കമ്മിറ്റിയിലെ ക്ഷണിതാവായി തുടരും. മുന്‍ മന്ത്രി പാലൊളി മുഹമ്മദ്‌ കുട്ടിയും സിസിയിലെ ക്ഷണിതാക്കളുടെ പട്ടികയിലുണ്ട്‌. അഞ്ച്‌ സ്ഥിരം ക്ഷണിതാക്കള്‍ ഉണ്ട്‌. ബസുദേവ്‌ ആചാര്യയാണ്‌ കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍.

പോളിറ്റ്‌ ബ്യൂറോ അംഗങ്ങള്‍

1. സീതാറാം യെച്ചൂരി, 2. പ്രകാശ്‌ കാരാട്ട്‌, 3. എസ്‌ രാമചന്ദ്രന്‍പിള്ള, 4. ബിമന്‍ ബോസ്‌, 5. മണിക്‌ സര്‍ക്കാര്‍, 6. പിണറായി വിജയന്‍, 7. ബൃന്ദ കാരാട്ട്‌, 8. സൂര്യകാന്ത്‌ മിശ്ര, 9. കോടിയേരി ബാലകൃഷ്‌ണന്‍, 10. എംഎ ബേബി, 11. സുഭാഷിണി അലി, 12. ബിവി രാഘവേലു , 13. ഹന്നന്‍ മുള്ള , 14. ജി രാമകൃഷ്‌ണന്‍, 15. മുഹമ്മദ്‌ സലീം, 16. തപന്‍ സെന്‍, 17. നീലോല്‍പല്‍ ബസു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക