Image

ഇന്ത്യയും ജര്‍മനിയും വ്യാപാരബന്ധം ശക്തിപ്പെടുത്താന്‍ ധാരണ

Published on 22 April, 2018
ഇന്ത്യയും ജര്‍മനിയും വ്യാപാരബന്ധം ശക്തിപ്പെടുത്താന്‍ ധാരണ

ബര്‍ലിന്‍: ഹ്രസ്വസന്ദര്‍ശനത്തിനായി ബര്‍ലിനില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലുമായി കൂടിക്കണ്ടു. മോദിയുടെ അഞ്ചുദിന യൂറോപ്യന്‍ പര്യടനത്തിനൊടുവില്‍ വെള്ളിയാഴ്ച വൈകിട്ട് പ്രാദേശിക സമയം 7.30 ന് ബര്‍ലിനില്‍ വിമാനമിറങ്ങിയ പ്രധാനമന്ത്രിയെ ഇന്ത്യയിലെ ജര്‍മന്‍ സ്ഥാനപതി ഡോ.മാര്‍ട്ടിന്‍ നെയി, ജര്‍മനിയിലെ ഇന്ത്യന്‍ സ്ഥാനപതി മുക്ത ദത്ത ടൊമാര്‍ എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു. 

ഗാര്‍ഡ് ഓഫ് ഹോണറിനു ശേഷം ചാന്‍സലര്‍ കാര്യാലയത്തിലെത്തിയ മോദിയെ ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ സ്വീകരിച്ചു. കാര്യാലയ ഉദ്യോഗസ്ഥരെ പരിചയപ്പെടുത്തിയ മെര്‍ക്കല്‍ ഇന്ത്യ, ജര്‍മനിയുടെ കരുത്തുറ്റ വ്യവസായിക, ബിസിനസ് പങ്കാളിയെന്നു വിശേഷിപ്പിച്ചു. ചര്‍ച്ചകള്‍ക്കുശേഷം മെര്‍ക്കല്‍ ഒരുക്കിയ അത്താഴവിരുന്നിലും മോദി പങ്കെടുത്തു.

മെര്‍ക്കല്‍ നാലാം തവണയും ജര്‍മന്‍ ചാന്‍സലറായി അധികാരമേറ്റ ശേഷം മോദിയുമായി നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണിത്. മോദിയുടെ നാലാം ജര്‍മന്‍ സന്ദര്‍ശനവും. മെര്‍ക്കലിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് മോദി ബര്‍ലിനില്‍ എത്തിയത്.

ബ്രെക്‌സിറ്റ് നടപ്പാവുന്നതോടെ യൂറോപ്യന്‍ യൂണിയനും പ്രത്യേകിച്ച് ഇന്തോ ജര്‍മന്‍ വ്യാപാര ബന്ധം വീണ്ടും ശക്തിപ്പെടുമെന്നും ഇരുവരും തമ്മില്‍ നടത്തിയ ചര്‍ച്ചകള്‍ക്കുശേഷം വെളിപ്പെടുത്തി. വിവിധ വിഷയങ്ങള്‍ക്കൊപ്പം ഇന്ത്യ  ചൈന ബന്ധത്തിന്റെ ഭാവിയും ചര്‍ച്ചയായി. ചൈനയുമായും ഇന്ത്യയുമായും ജര്‍മനിക്ക് നല്ല ബന്ധമുള്ളതിനാല്‍, ഇന്ത്യ  ചൈന ബന്ധത്തിന്റെ ഭാവിയില്‍ തങ്ങള്‍ക്കു സവിശേഷ താത്പര്യം കാത്തുസൂക്ഷിക്കുമെന്ന് ജര്‍മന്‍ സര്‍ക്കാര്‍ വക്താവ് പറഞ്ഞു. ഏഷ്യയുടെ ഭാവിക്ക് ചൈനയും ഇന്ത്യയും പ്രധാനമാണ്. മേഖലയില്‍ സുസ്ഥിരത ഉറപ്പാക്കുക എന്നത് ഇന്ത്യ  ചൈന ബന്ധത്തിന്റെ സ്വഭാവത്തെ ആശ്രയിച്ചിരിക്കുന്നു എന്നത് ജര്‍മനിയുടെ താത്പര്യ വിഷയമാണെന്നു വക്താവ് അഭിപ്രായപ്പെട്ടു.

ജര്‍മനിയുടെ പൊതുവായ സാന്പത്തിക താല്പര്യങ്ങള്‍ ഇന്ത്യയുമായി ഭാവിയില്‍ ഊട്ടിയറപ്പിക്കാനാകുമെന്ന് ജര്‍മന്‍ ഗവണ്‍മെന്റിന്റെ വക്താവ് സ്‌റ്റെഫാന്‍ സൈബര്‍ട്ട് പറഞ്ഞു.

ഇന്ത്യയുടെ തന്ത്രപ്രധാന പങ്കാളിയായ ജര്‍മനിയുമായി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള തങ്ങളുടെ പരസ്പര മോഹങ്ങള്‍ ഈ സന്ദര്‍ശനം തെളിയിക്കുന്നതായി ഇന്ത്യന്‍ വിദേശകാര്യ വക്താവും ഫ്രാങ്ക്ഫര്‍ട്ടിലെ മുന്‍ കോണ്‍സല്‍ ജനറലുമായ രവീഷ്‌കുമാര്‍ പറഞ്ഞു.

തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്താനാണ് ഞങ്ങള്‍ കൂടിക്കണ്ടത്. ഉയര്‍ന്ന തലത്തിലുള്ള സഹകരണത്തിലൂടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉത്തേജനം നിലനിര്‍ത്താന്‍ നേതാക്കള്‍ പ്രതിജ്ഞാ ബദ്ധമാണെന്ന് തെളിയിക്കുന്ന കൂടിക്കാഴ്ചയാണുണ്ടായത്.കഴിഞ്ഞ മാസം ജര്‍മന്‍ പ്രസിഡന്റ് ഫ്രാങ്ക് വാള്‍ട്ടര്‍ സ്‌റ്റൈന്‍മയറുടെ ഇന്ത്യ സന്ദര്‍ശനത്തിനുശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള സാന്പത്തിക, വ്യാപാര തന്ത്രപ്രധാന ബന്ധം വളര്‍ത്താനുള്ള നീക്കവും ഇരുരാജ്യങ്ങളും തമ്മില്‍ നടത്തിയിരുന്നു.

യൂറോപ്യന്‍ യൂണിയന്‍ ബ്ലോക്കിലെ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി ജര്‍മനിയാണ്. 2016/17ല്‍, ജര്‍മനിയുടെ ഉഭയകക്ഷി വ്യാപാരം 18,76 ട്രില്യണ്‍ ഡോളര്‍ ആയി ഉയര്‍ന്നു. ഇന്ത്യ 7.18 ഡോളര്‍ ട്രില്യണ്‍ രൂപയുടെ സാധനങ്ങള്‍ ജര്‍മനിയിലേയ്ക്ക് കയറ്റുമതി ചെയ്തപ്പോള്‍ 11:58 ഡോളര്‍ ട്രില്യണ്‍ രൂപയുടെ ജര്‍മന്‍ ഉത്പന്നങ്ങള്‍ ഇന്ത്യ ഇറക്കുമതി ചെയ്തു.

യൂറോപ്യന്‍ പര്യടനത്തിന്റെ ഭാഗമായി ഏപ്രില്‍ 17 ന് സ്വീഡന്‍ സന്ദര്‍ശിച്ച മോദി സ്‌റ്റോക്‌ഹോമില്‍ നോര്‍ഡിക് ഉച്ചകോടിയില്‍ ഫിന്‍ലാന്റ,് നോര്‍വേ, ഡെന്‍മാര്‍ക്ക്, ഐസ്ലാന്റ് എന്നീ രാഷ്ട്രത്തലവന്മാരുമായി കൂടിക്കണ്ടിരുന്നു. തുടര്‍ന്നു ബ്രിട്ടനിലെത്തി പ്രധാനമന്ത്രി തെരേസാ മേ, എലിസബത്ത് രാജ്ഞി, ചാള്‍സ് രാജകുമാരന്‍ എന്നിവരെ സന്ദര്‍ശിച്ചശേഷം കോമണ്‍വെല്‍ത്ത് ഉച്ചകോടിയിലും പങ്കെടുത്തശേഷമാണ് മോദി ജര്‍മനിയിലെത്തിയത്. 

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക