Image

വിദേശ വനിതയുടെ മരണം അന്വേഷിക്കുന്നതില്‍ പൊലീസിന്റെ ഭാഗത്തു നിന്നും ഗുരുതര വീഴ്‌ചയുണ്ടായെന്ന്‌ ചെന്നിത്തല

Published on 23 April, 2018
വിദേശ വനിതയുടെ മരണം അന്വേഷിക്കുന്നതില്‍  പൊലീസിന്റെ ഭാഗത്തു നിന്നും ഗുരുതര വീഴ്‌ചയുണ്ടായെന്ന്‌   ചെന്നിത്തല

തിരുവനന്തപുരം: വിദേശ വനിത ലിഗയുടെ തിരോധാനവും മരണവും അന്വേഷിക്കുന്നതില്‍ പൊലീസിന്‌ ഗുരുതരമായ വീഴ്‌ചയുണ്ടായെന്ന്‌ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല ആരോപിച്ചു. ലിഗയെ കാണാനില്ലെന്ന പരാതിയുമായി പൊലീസിനെ സമീപിച്ച ഭര്‍ത്താവിനോടും സഹോദരിയോടും അവര്‍ തിരിച്ചെത്തിക്കോളുമെന്ന നിരുത്തരവാദപരമായ മറുപടിയാണ്‌ പൊലീസ്‌ നല്‍കിയത്‌.

ദൈവത്തിന്റെ സ്വന്തം നാട്‌ കാണെനെത്തിയ ഒരു വിദേശ വനിതക്ക്‌ ഉണ്ടായ ഈ ദുരന്തം ലോകത്തിന്‌ മുന്നില്‍ കേരളത്തെ നാണം കെടുത്തുന്നതാണെന്നും അദ്ദേഹം പ്രസ്‌താവനയില്‍ പറഞ്ഞു. നിയമസഭ നടക്കുന്ന സമയത്ത്‌ ലിഗയുടെ സഹോദരി തന്നെ വന്ന്‌ കണ്ട്‌ സഹായം ആവശ്യപ്പെട്ടുവെന്നും പ്രതിപക്ഷ നേതാവ്‌ എന്ന നിലയില്‍ ഡി.ജി.പിയെ വിളിച്ച്‌ അന്വേഷണം ത്വരതപ്പെടുത്തണമെന്നും താന്‍ ആവശ്യപ്പെട്ടിരുന്നു.

വളരെ വൈകിയാണ്‌ ലിഗയെ കണ്ടെത്താനുള്ള അന്വേഷണ സംഘം രൂപീകരിച്ചതെന്ന ബന്ധുക്കളുടെ വെളിപ്പെടുത്തല്‍ കേരളാ പൊലീസിന്റെ കാര്യക്ഷമതയെ ചോദ്യം ചെയ്യുന്നതാണ്‌. ആദ്യം ഈ പരാതി പൊലീസ്‌ അര്‍ഹിക്കുന്ന ഗൗരവത്തോടെ എടുത്തിരുന്നെങ്കില്‍ ലിഗയെ ജീവനോടെ തന്നെ കണ്ടെത്താമായിരുന്നു.

മുഖ്യമന്ത്രി ഇവരെ കാണാന്‍ തയ്യാറാകാതിരുന്നതും തെറ്റാണ്‌.. ഇനിയെങ്കിലും പൊലീസ്‌ കൃത്യമായ അന്വേഷണം നടത്തി മരണത്തിലെ ദുരൂഹതകള്‍ പുറത്തുകൊണ്ടുവരണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക