Image

വിദേശവനിത ലിഗയുടെ മരണം അസ്വാഭാവികമാണെന്ന്‌ ആവര്‍ത്തിച്ച്‌ സഹോദരി

Published on 23 April, 2018
വിദേശവനിത ലിഗയുടെ മരണം അസ്വാഭാവികമാണെന്ന്‌ ആവര്‍ത്തിച്ച്‌ സഹോദരി

തിരുവനന്തപുരം: വിദേശവനിത ലിഗയുടെ മരണം അസ്വാഭാവികമാണെന്ന്‌ ആവര്‍ത്തിച്ച്‌ സഹോദരി എലീസ്‌. ലിഗയെ കാണാതായ സംഭവത്തില്‍ പോലീസ്‌ ഗുരുതര വീഴ്‌ച വരുത്തി. ലിഗയുടേത്‌ കൊലപാതകമാണെന്ന്‌ സംശയിക്കുന്നതായി സഹോദരി എലീസ്‌ അഭിപ്രായപ്പെട്ടു.

ലിഗയെ കാണാതായ അന്നുതന്നെ കൃത്യമായ രീതിയില്‍ അന്വേഷണം നടന്നിരുന്നെങ്കില്‍ കണ്ടെത്താന്‍ സാധിക്കുമായിരുന്നു. ലിഗയെ കാണാതായി പത്ത്‌ ദിവസങ്ങള്‍ക്ക്‌ ശേഷമാണ്‌ പോലീസ്‌ ഗൗരവമായി കണ്ട്‌ അന്വേഷണം തുടങ്ങിയത്‌. മരണവുമായി ബന്ധപ്പെട്ട്‌ ഉന്നയിച്ചിരിക്കുന്ന സംശയങ്ങള്‍ ദുരീകരിക്കുന്നത്‌ വരെ പോരാട്ടം തുടരുമെന്നും എലീസ്‌ പറഞ്ഞു.

മൃതദേഹം കണ്ടെത്തിയ സ്ഥലത്ത്‌ ലിഗക്ക്‌ തനിയെ എത്താനാകില്ല. ആരെങ്കിലും ലിഗയെ അവിടെ എത്തിച്ചതാകാമെന്നും എലീസ്‌ പറയുന്നു. മുഖ്യമന്ത്രിയെ നേരത്തെ കാണാന്‍ ശ്രമിച്ചെങ്കിലും സാ!ധിച്ചില്ല. ആദ്യം ഡിജിപിയെ സമീപിച്ചപ്പോള്‍ വേണ്ട ഗൌരവത്തില്‍ എടുത്തില്ല. നിരവധിതവണ കരഞ്ഞുപറഞ്ഞിട്ടും പോലീസുകാര്‍ ചിരിക്കുകയായിരുന്നുവെന്നും എലീസ്‌ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ആത്മഹത്യയെന്നാണ്‌ പറയുന്നതെങ്കില്‍ റീപോസ്റ്റ്‌മോര്‍ട്ടത്തിന്‌ ആവശ്യപ്പെടുമെന്നും ലിഗയുടെ മരണത്തില്‍ ഉന്നതതല അന്വേഷണത്തിന്‌ ഉത്തരവിട്ട ഡിജിപിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും ലിഗയുടെ ഭര്‍ത്താവിനൊപ്പം തിരുവനന്തപുരത്ത്‌ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ എലീസ്‌ പറഞ്ഞു.

ലിഗയുടെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന്‌ പോലീസ്‌ വ്യക്തമാക്കിയിരുന്നു. ലിഗയുടെ ശരീരത്തിലോ ആന്തരികാവയവങ്ങളിലോ യാതൊരു പരിക്കുകളോ പോറലുകളോ ഉണ്ടായിട്ടില്ലെന്നും എല്ലുകളും മറ്റും യഥാസ്ഥാനത്താണെന്നും പോലീസ്‌ പറഞ്ഞു. വിഷം ഉള്ളില്‍ ചെന്നതാകാം മരണകാരണമെന്നാണ്‌ പോലീസ്‌ സംശയിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ലാത്‌വിയ സ്വദേശി ലിഗ(33)യെ ആയുര്‍വേദ ചികിത്സക്കിടെ പോത്തന്‍കോട്‌ നിന്ന്‌ കഴിഞ്ഞ മാര്‍ച്ച്‌ 14നാണ്‌ കാണാതായത്‌. തിരുവല്ലം പനത്തുറ ചേന്തിലക്കരി ഭാഗത്തെ കണ്ടല്‍ക്കാട്ടിനുള്ളിലാണ്‌ ജീര്‍ണിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക