Image

വാക്കേ (കവിത : ഏ .വി സന്തോഷ് കുമാര്‍)

Published on 23 April, 2018
വാക്കേ (കവിത : ഏ .വി സന്തോഷ് കുമാര്‍)
ദുരിതവേഗത്താല്‍
കൈകാലൊടിഞ്ഞ്
വീട്ടില്‍
ഒറ്റക്കിരുന്ന്
കരയുമ്പോള്‍
പണ്ട്
ചിറക്
പറിച്ച്
പറക്കാന്‍വിട്ട
പൂമ്പാറ്റ
മൂക്കിന്‍തുഞ്ചത്ത്
പാറിവന്നിരുന്ന്
ഒറ്റച്ചിറകുവീശി
കണ്ണീരാറ്റുന്നു.

വെന്തകാലം
കണ്ണിനുളളില്‍
ചുവന്ന
കാന്താരി
വിരിയിച്ച്
ചുടുചോരപോല്‍
ചമറുവെള്ളം
വായിലേക്ക്
ചാലുകീറുമ്പോള്‍
പണ്ട്
ഒറ്റയേറിന്
കണ്ണുതകര്‍ത്ത
കുഞ്ഞുപൂച്ച
ഓടിവന്ന്
മോങ്ങിമോങ്ങി
കാലില്‍
മേലുരുമ്മുന്നു
ഉമ്മകള്‍കൊണ്ട്
കുളിരുകോരുന്നു.

നരകയാമത്തില്‍
ഒറ്റവരിപോലും
എഴുതാനാവാതെ
പേനത്തുമ്പും
കടലാസും
വാക്കുകിട്ടാതുഴന്ന്
വൈരികളേപ്പോല്‍
തുറിച്ചുനോക്കുമ്പോള്‍
പണ്ട്
പുസ്തകം
ചവിട്ടിയാല്‍
തൊട്ട്
തലയില്‍
വെക്കണമെന്ന
മുത്തശ്ശിച്ചൊല്ലിനെ
കുത്തിനോവിച്ച
വാക്കുകള്‍
തിക്കിത്തിരക്കി
ഓടിവന്ന്
ദയയേതുമില്ലാതെ
തുറിച്ചുനോക്കുന്നു.
Join WhatsApp News
വിദ്യാധരൻ 2018-04-24 00:01:38

പണ്ട് ഞാൻ ചെയ്ത പാപംമോക്കയും 
പത്തിരട്ടിയായി വന്നലട്ടിടുന്നു 
കൊടുത്തതൊക്കെയും കൊല്ലത്തു 
കിട്ടുമെന്നു പറഞ്ഞതെത്ര സത്യം 

നല്ല കവിത 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക