Image

ഉള്ളില്‍ നേരുള്ള യഥാര്‍ത്ഥ ഹീറോ! (അബ്ദുള്‍ റഷീദ് )

അബ്ദുള്‍ റഷീദ് Published on 24 April, 2018
ഉള്ളില്‍ നേരുള്ള യഥാര്‍ത്ഥ ഹീറോ! (അബ്ദുള്‍ റഷീദ് )
നാഷ്‌വില്ലെയില്‍ റെസ്‌റ്റോറണ്ടിലേക്കു പാഞ്ഞുകയറിയ അക്രമി തുരുതുരാ വെടിയുതിര്‍ത്തത് കഴിഞ്ഞ ഞായറാഴ്ചയാണ്. നാല് പേര്‍ അവിടെത്തന്നെ പിടഞ്ഞുമരിച്ചു. മുപ്പതോളം പേര്‍ക്ക് പരിക്കേറ്റു.

കയ്യില്‍ വെടിയേറ്റ ജെയിംസ് ഷോ എന്ന ചെറുപ്പക്കാരന്‍ ധീരതയോടെ മുന്നോട്ടുവന്നു അക്രമിയുടെ കയ്യിലെ സെമി ഓട്ടോമാറ്റിക് റൈഫിളില്‍ പിടുത്തമിട്ടു. 
ടോയ്‌ലെറ്റിന്റെ വാതില്‍കൊണ്ടു അക്രമിയെ ഇടിച്ചുവീഴ്ത്തിയ ജെയിംസ് ഷോ തോക്കു പിടിച്ചുവാങ്ങി ദൂരെയെറിഞ്ഞു.

ആ ധീരതയാണ് അവിടെയുണ്ടായിരുന്ന നൂറോളം മനുഷ്യരുടെ ജീവന്‍ രക്ഷിച്ചത്.

സ്വാഭാവികമായും ജെയിംസ് അമേരിക്കയില്‍ 
ഒരു ഹീറോ ആയി. മാധ്യമങ്ങള്‍ അയാളുടെ ആത്മധൈര്യത്തെ വാഴ്ത്തി. രക്ഷപ്പെട്ട ഓരോരുത്തരും ജെയിംസിന് നന്ദി പറഞ്ഞു. അമേരിക്കന്‍ പ്രസിഡണ്ട് പോലും ജെയിംസിനെ അഭിനന്ദനം അറിയിച്ചു.

അങ്ങനെ ഇന്ന്, ലോകമാധ്യമങ്ങള്‍ കാമറക്കണ്ണുകള്‍ തുറന്നുവെച്ച വലിയൊരു ഹാളില്‍ അമേരിക്കയുടെ ആ ഹീറോ 
മാധ്യമങ്ങളെ കണ്ടു. ആ അസാധാരണ ധീരതയുടെ രഹസ്യമറിയാന്‍ ജയിംസിന്റെ വാക്കുകള്‍ക്ക് ലോകം കാതോര്‍ത്തു.

പലതവണ നിറഞ്ഞ കണ്ണുകള്‍ ഒപ്പി, 
ശബ്ദമിടറി ജെയിംസ് സംസാരിച്ചു. അസാധാരണമായ സത്യസന്ധതയോടെ, ഉള്ളിന്റെ ഉള്ളില്‍നിന്നു വന്ന നേരിന്റെ വാക്കുകള്‍...

'സത്യത്തില്‍ ഞാന്‍ കാണിച്ചത് ധീരതയേ അല്ല. ഞാന്‍ ഹീറോയുമല്ല. എന്റെ ആ പ്രതികരണം ഒരു സ്വാര്‍ത്ഥത മാത്രമായിരുന്നു. സ്വന്തം ജീവന്‍ രക്ഷിയ്ക്കാനുള്ള സ്വാര്‍ത്ഥത. 
മറ്റാരുടെയും രക്ഷ അപ്പോള്‍ എന്റെ മനസ്സില്‍ ഉണ്ടായിരുന്നില്ല. എന്റെ ജീവന്‍... അത് രക്ഷിയ്ക്കാന്‍ മാത്രമാണ് ഞാന്‍ അത് ചെയ്തത്.

ആളുകള്‍ ഇപ്പോള്‍ കരുതുന്നതുപോലെ ഞാന്‍ ഒരു സൂപ്പര്‍മാന്‍ ഒന്നുമല്ല. ഒരു സാധാരണ മനുഷ്യന്‍ മാത്രമാണ്. വെടിയൊച്ച കേട്ടതും ഞാന്‍ കുളിമുറിയില്‍ ഒളിച്ചു. പക്ഷെ അതിന്റെ വാതില്‍ അയാള്‍ വെടിവെച്ചു തകര്‍ത്തു. എനിക്ക് കയ്യില്‍ വെടിയേറ്റു.

ഒരു നിമിഷം വെടിയുതിര്‍ക്കല്‍ അവസാനിപ്പിച്ച് അക്രമി അയാളുടെ തോക്കിലേക്കു നോക്കി. 
ആ നിമിഷം ഞാന്‍ മുന്നോട്ടുചെന്നു അതില്‍ പിടുത്തമിട്ടു. അത് ചെയ്തില്ലെങ്കില്‍ അടുത്ത നിമിഷം എന്റെ മരണം ആയിരുന്നു.

മല്‍പ്പിടുത്തതിന്റെ വെപ്രാളത്തില്‍ ഞാന്‍ അയാളെ കുളിമുറി വാതില്‍കൊണ്ടു ഇടിച്ചു. തോക്കു താഴെ വീണതും ഞാന്‍ അതെടുത്തു ദൂരേക്ക് എറിഞ്ഞു. അയാളെ ഞാന്‍ തള്ളി പുറത്താക്കി. ഇത് മാത്രമാണ് നടന്നത്.

ജനങ്ങള്‍ നാളെ എന്നെയൊരു ഹീറോയെന്നോ അതിമാനുഷന്‍ എന്നോ വിളിയ്ക്കുന്നത് ശരിയല്ല. അതുകൊണ്ടാണ് ഇത് പറയുന്നത്. ഏതൊരു സാധാരണ മനുഷ്യനെയുംപോലെ ഞാന്‍ ആ സമയം കാട്ടിയത് സ്വാര്‍ത്ഥതയാണ്. എന്റെ പ്രാണന്‍ രക്ഷിയ്ക്കാനുള്ള നിസ്സാരമായ സ്വാര്‍ത്ഥത. അത്ര മാത്രം...'

ജയിംസിന്റെ പത്രസമ്മേളനം റിപ്പോര്‍ട്ട് ചെയ്ത ഒരു മാധ്യമപ്രവര്‍ത്തകന്‍ ഇങ്ങനെ എഴുതുന്നു, 'ഇപ്പോഴാണ് അയാള്‍ ഹീറോ ആയത്. ഉള്ളില്‍ നേരുള്ള യഥാര്‍ത്ഥ ഹീറോ!

ഉള്ളില്‍ നേരുള്ള യഥാര്‍ത്ഥ ഹീറോ! (അബ്ദുള്‍ റഷീദ് )ഉള്ളില്‍ നേരുള്ള യഥാര്‍ത്ഥ ഹീറോ! (അബ്ദുള്‍ റഷീദ് )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക