Image

കേളി അന്താരാഷ്ട്ര കലാമേള: രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി

Published on 25 April, 2018
കേളി അന്താരാഷ്ട്ര കലാമേള: രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി

സൂറിച്ച്: സ്വിറ്റ്‌സര്‍ലന്‍ഡിലെ പ്രമുഖ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ കേളി ഒരുക്കുന്ന യുവജനോത്സവം കലാമേളയുടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായതായി കണ്‍വീനര്‍ ബിന്ദു മഞ്ഞളി അറിയിച്ചു. 

മേയ് 19, 20 തീയതികളില്‍ സൂറിച്ചിലെ ഫെറാല്‍ടോര്‍ഫിലാണ് കലാമാമാങ്കം അരങ്ങേറുക. മത്സരാര്‍ഥികളുടെ എണ്ണത്തിലും രജിസ്‌ട്രേഷനിലും വന്‍ വര്‍ധനയാണ് ഈ വര്‍ഷം രേഖപ്പെടുത്തിയത്. മുന്നൂറോളം രജിസ്‌ട്രേഷനും ഇരുന്നൂറോളം വ്യക്തിഗത മത്സരാര്‍ഥികളും മേളയില്‍ ഉണ്ടായിരിക്കും. രാത്രിയും പകലുമായി നടക്കുന്ന കലാമേള മൂന്നു സ്‌റ്റേജുകളിലായാണ് ഒരുക്കിയിരിക്കുന്നത്. നൂറോളം വോളന്റിയര്‍മാര്‍ കലാമേളയുടെ വിവിധ കമ്മിറ്റികളിലൂടെ സേവനം ചെയ്യും.

ഏഷ്യയിലെ ഏറ്റവും വലിയ സാംസ്‌കാരിക സംഘടനയായ സൂര്യ ഇന്ത്യാ, ഇന്ത്യന്‍ എംബസി ബേണ്‍ എന്നിവരുടെ സഹകരണത്തോടെയാണ് ഇന്ത്യന്‍ കലകളുടെ മത്സരവേദി ഒരുങ്ങുക. മത്സര വിജയികള്‍ക്ക് ട്രോഫിയും സെര്‍ട്ടിഫിക്കറ്റും നല്‍കി ആദരിക്കും. വിശിഷ്ട അവാര്‍ഡുകളായ സൂര്യ ഇന്ത്യ കലാതിലകം, കലാപ്രതിഭ എന്നിവ ഏറ്റവും നല്ല കലാപ്രതിഭകള്‍ക്ക് സമ്മാനിക്കും. നൃത്ത്യേതര ഇനങ്ങളില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ച വക്കുന്ന പ്രതിഭയ്ക്ക് ഫാ.ആബേല്‍ മെമ്മോറിയല്‍ ട്രോഫിയും നൃത്ത ഇനങ്ങളിലെ മികച്ച വ്യക്തിക്ക് കേളി കലാരത്‌ന ട്രോഫിയും സമ്മാനിക്കും. മീഡിയ ഇനങ്ങളായ ഫോട്ടോഗ്രാഫി, ഷോര്‍ട്ട് ഫിലിം, ഓപ്പണ്‍ പെയിന്റിംഗ് ഇനങ്ങളില്‍ ജനപ്രിയ അവാര്‍ഡും സമ്മാനിക്കും. ഏറ്റവും മികച്ച ഷോര്‍ട്ട് ഫിലിമിന് 25000 രൂപ കാഷ് െ്രെപസും സമ്മാനിക്കും. 

ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ് മുഖ്യാതിഥി ആയിരിക്കുന്ന മേളയില്‍ ഇന്ത്യന്‍ ഭക്ഷണങ്ങളുടെ കലവറയും ഉണ്ടായിരിക്കുമെന്ന് കേളി ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക