Image

മൈക്കല്‍ ജാക്‌സന്റെ ബെവര്‍ലി ഹില്‍സ് വസതി വില്‍ക്കുന്നു

Published on 22 March, 2012
മൈക്കല്‍ ജാക്‌സന്റെ ബെവര്‍ലി ഹില്‍സ് വസതി വില്‍ക്കുന്നു
ന്യൂയോര്‍ക്ക്: പോപ് ഇതിഹാസം മൈക്കല്‍ ജാക്‌സന്റെ ബെവര്‍ലി ഹില്‍സ് വസതി വില്‍ക്കുന്നു. 2009ല്‍ ഈ വസതിയില്‍വെച്ചാണ് ജാക്‌സന്‍ ദുരൂഹ സാഹചര്യത്തില്‍ മരണമടഞ്ഞത്. 17,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വസതിയ്ക്ക് 23.9 മില്യണ്‍ ഡോളറാണ് വിലയിട്ടിരിക്കുന്നത്. ലോസാഞ്ചല്‍സിന് സമീപം ഹോംബി ഹില്‍സിലാണ് ജാക്‌സന്റെ ആഡംബര വസതി. ഏഴു കിടപ്പുമുറികളും 13 ബാത്‌റൂമുകളും ഏഴു കാര്‍ പാര്‍ക്കിംഗ് ഗാരേജുകളുമടങ്ങുന്നതാണ് വസതി. 2010 ഓഗസ്റ്റില്‍ വില്‍പനയ്ക്ക് വെച്ചിരുന്നെങ്കിലും 29 മില്യണ്‍ ഡോളര്‍ വിലയിട്ടിരുന്നതിനാല്‍ വാങ്ങാനായി ആവശ്യക്കാരാരും എത്തിയിരുന്നില്ല. കഴിഞ്ഞ വര്‍ഷം ബെവര്‍ലി ഹില്‍സ് വസതിയിലെ പെയിന്റുങ്ങളടക്കമുള്ള വസ്തുക്കള്‍ ലേലം ചെയ്തിരുന്നു. 2009 ജൂണിലാണ് പ്രൊപ്പോഫോള്‍ അമിതമായി കഴിച്ചതിനെത്തുടര്‍ന്ന് ജാക്‌സനെ മരിച്ച നിലയില്‍ കണ്‌ടെത്തിയത്.

ഡോ.സുധീര്‍ പാരീഖിന് നൈറ്റ്ഹുഡ് ബഹുമതി

ന്യൂജേഴ്‌സി: ന്യൂജേഴ്‌സിയിലെ ഫിസിഷ്യനും പ്രസാധകനും മനുഷ്യാവകാശപ്രവര്‍ത്തകനുമായ ഡോ.സുധീര്‍ പാരീഖിന് എക്യുമെനിക്കില്‍ ഹോസ്പിറ്റാലര്‍ ഓര്‍ഡര്‍ ഓഫ് ദ് നൈറ്റ്‌സ് മാള്‍ട്ടയുടെ നൈറ്റ്ഹുഡ് ബഹുമതി. 17ന് ഫിലാഡല്‍ഫിയയിലെ ലാ സാളെ യൂണിവേഴ്‌സിറ്റിയില്‍ നടന്ന ചടങ്ങില്‍ ബഹുമതി സമ്മാനിച്ചു. പാരീഖിന്റെ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളെ ആദരിച്ചാണ് ബഹുമതി നല്‍കുന്നത്. പാരീഖിന്റെ പ്രവര്‍ത്തനങ്ങളാണ് പാവങ്ങള്‍ക്കായി അനാഥാലയങ്ങളും സ്കൂളുകളും പരിശീലന പദ്ധതികളും, വൈദ്യസഹായ പദ്ധതികളും ഏര്‍പ്പെടുത്താന്‍ എക്യുമെനിക്കില്‍ ഓര്‍ഡറിന് പ്രചോദനമായത്. അമേരിക്കയിലെ മൂന്നു പതിറ്റാണ്ടു നീണ്ട സാമൂഹികസേവനത്തിനിടെ നിരവധി പുരസ്കാരങ്ങളാണ് പാരീഖിനെ തേടിയെത്തിയത്. ഇന്ത്യന്‍ സര്‍ക്കാര്‍ പത്മശ്രി, പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്കാരങ്ങള്‍ നല്‍കി പാരീഖിനെ ആദരിച്ചിട്ടുണ്ട്.

ഇറാന്‍പ്രശ്‌നം: ഇന്ത്യയ്ക്കും ചൈനയ്ക്കും യുഎസിന്റെ ഉപരോധഭീഷണി

വാഷിംഗ്ടണ്‍: ഇറാനില്‍നിന്ന് എണ്ണ വാങ്ങുന്നത് ഗണ്യമായി കുറച്ച ജപ്പാനെയും പത്ത് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളെയും സാമ്പത്തിക ഉപരോധനടപടികളില്‍നിന്ന് അമേരിക്ക ഒഴിവാക്കി. എന്നാല്‍ ഇറാന്റെ പ്രധാന എണ്ണ ഉപഭോക്താക്കളായ ഇന്ത്യയ്ക്കും ചൈനയ്ക്കുമെതിരെ ഉപരോധനടപടികളുണ്ടായേക്കും. ആണവപദ്ധതിക്കെതിരെ ഇറാനുമേല്‍ സമ്മര്‍ദം ചെലുത്തുന്നതിന്റെ ഭാഗമായാണ് അമേരിക്ക ഉപരോധനടപടികള്‍ പ്രഖ്യാപിക്കുന്നത്. ഉപരോധത്തിന് വിധേയരാവുന്ന രാജ്യങ്ങളിലെ ബാങ്കുകളുടെ യു.എസ്. സമ്പദ്‌വ്യവസ്ഥയുമായുള്ള ബന്ധം ആറുമാസത്തേക്ക് വിച്ഛേദിക്കാനാണ് തീരുമാനം.

ഉപരോധത്തില്‍ ഇളവുലഭിക്കുന്ന 11 രാജ്യങ്ങളുടെ പട്ടിക യു.എസ്. വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റണ്‍ കഴിഞ്ഞദിവസം പുറത്തുവിട്ടു. എന്നാല്‍ ഇന്ത്യയും ചൈനയും പട്ടികയിലില്ല. മറ്റ് പ്രമുഖ ഇറക്കുമതിക്കാരും യു.എസ്. സഖ്യകക്ഷികളുമായ ദക്ഷിണകൊറിയ, തുര്‍ക്കി എന്നീ രാജ്യങ്ങള്‍ക്കും ഈ പട്ടികയ്ക്ക് പുറത്താണ് സ്ഥാനം. ഇറാനില്‍നിന്ന് എണ്ണ ഇറക്കുമതി കുറച്ചില്ലെങ്കില്‍ 12 രാജ്യങ്ങള്‍ക്കെതിരെ സാമ്പത്തിക ഉപരോധനടപടികളുണ്ടാകുമെന്ന് യു.എസ്. വിദേശകാര്യവക്താവ് പറഞ്ഞു. എന്നാല്‍ ഏതൊക്കെ രാജ്യങ്ങള്‍ക്കെതിരെയാവും നടപടിയെന്ന് സ്ഥിരീകരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.

ഇറാനില്‍നിന്നുള്ള എണ്ണ കയറ്റുമതിയുടെ പാതിയോളം ജപ്പാന്‍, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളിലേക്കാണ്. പ്രതിദിനം 26 ലക്ഷം വീപ്പയിലേറെ വരുമിത്. ഇന്ത്യയും ചൈനയും ഉപരോധഭീഷണിയുടെ നിഴലിലാണെങ്കിലും ദേശീയ താത്പര്യം മുന്‍നിര്‍ത്തി പ്രസിഡന്റ് ബറാക് ഒബാമയ്ക്ക് വേണമെങ്കില്‍ ഇളവനുവദിക്കാന്‍ നിയമം അനുമതി നല്‍കുന്നുണ്ട്. യു.എസിന്റെ ഭാഗത്തുനിന്നുള്ള ഏകപക്ഷീയ ഉപരോധം അംഗീകരിക്കാനാവില്ലെന്ന് ചൈന വ്യക്തമാക്കിയിട്ടുണ്ട്.യു.എസ്. ഉപരോധത്തിന്റെ പരിധിയില്‍ വരില്ലെന്നാണ് ഇന്ത്യയും അവകാശപ്പെടുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക