Image

ജര്‍മന്‍ ഭാഷ പഠിക്കൂ; നഴ്‌സിംഗ് ജോലി നേടൂ

Published on 27 April, 2018
ജര്‍മന്‍ ഭാഷ പഠിക്കൂ; നഴ്‌സിംഗ് ജോലി നേടൂ

ബര്‍ലിന്‍: ജര്‍മനിയില്‍ രോഗികള്‍ക്കും പ്രായമേറിയവര്‍ക്കുമായുള്ള കെയര്‍ മേഖലയില്‍ മാത്രം ഏകദേശം 35,000 ഒഴിവുകള്‍ നികത്തപ്പെടാതെ കിടക്കുകയാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ഇത് മൂന്നിരട്ടിയിലധികം ഉണ്ടെന്നാണ് അനൗദ്യോഗിക കണക്കുകള്‍.

25,000 ഒഴിവുകളും നഴ്‌സിംഗ് മേഖലയിലാണ്. മേഖല നേരിടുന്ന വലിയ പ്രതിസന്ധി തന്നെയാണിതെന്ന് ഗ്രീന്‍ പാര്‍ട്ടി നേതാവ് കാതറിന്‍ ഗോറിങ് എക്കാര്‍ട്ട് അഭിപ്രായപ്പെട്ടു. ഇതില്‍ 10,000 ഒഴിവുകള്‍ എമര്‍ജന്‍സി വിഭാഗത്തിലാണെന്നും ഈ മേഖലയിലെ ഒഴിവുകള്‍ എത്രയും വേഗം നികത്തപ്പെടണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ഓരോ സ്‌റ്റേറ്റുകളിലും യോഗ്യതയുള്ള പ്രഫഷണലുകളുടെ കുറവ് വ്യത്യാസപ്പെട്ടിരിക്കുന്നു. ബര്‍ലിനില്‍ നൂറ് ഒഴിവുകള്‍ക്ക് യോഗ്യരായ 43 തൊഴില്‍ രഹിതര്‍ മാത്രമാണുള്ളത്. നോര്‍ത്ത് റൈന്‍ വെസ്റ്റ്ഫാലിയയില്‍ ഇത് 34 ആണ്. ബവേറിയയിലും തൂറിംഗനിലും വെറും 14. റൈന്‍ലാന്റ് ഫാല്‍സിലും, സാക്‌സണിയിലും 13. ദേശീയ ശരാശരി നൂറിന് 21.

എന്നാല്‍ 100 വികലാംഗ വിദഗ്ധ തൊഴിലാളി ഒഴിവുകളില്‍ 81 എണ്ണം വികലാംഗര്‍ തന്നെ ബര്‍ലിനില്‍ നികത്തപ്പെടുന്‌പോള്‍, മറ്റു സ്‌റ്റേറ്റുകളായ മെക്ക്‌ലെന്‍ബുര്‍ഗില്‍ 74 ഉം ബാഡന്‍വ്യുര്‍ട്ടെംബര്‍ഗില്‍ 29 ഉം ലഭ്യമാണ്. രാജ്യത്തെ ദേശീയ ശരാശരി 41 ഉം ആണ്.

ജര്‍മനിയിലെ നഴ്‌സിംഗ് മേഖല നേരിടുന്ന പ്രതിസന്ധി തരണം ചെയ്യാന്‍ മെര്‍ക്കല്‍ ഭരണകൂടം ഈ വര്‍ഷം ജനുവരിയില്‍ പ്രാഥമികമായി 8,000 പേരെ വിദേശത്തുനിന്ന് അടിയന്തരമായി റിക്രൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഇതു മതിയാകാത്ത സാഹചര്യത്തില്‍ വീണ്ടും റിക്രൂട്ട്‌മെന്റ് നടത്തി ഒഴിവു വന്ന നഴ്‌സിംഗ് തസ്തികകള്‍ അടിയന്തരമായി നികത്തേണ്ടതുണ്ടെന്ന തിരിച്ചറിവാണ് ഇപ്പോള്‍ സര്‍ക്കാരിനെ പ്രേരിപ്പിയ്ക്കുന്നത്.

നിലവില്‍ കേരളത്തില്‍ നിന്ന് ജര്‍മനിയിലേയ്ക്കുള്ള നഴ്‌സിംഗ് കുടിയേറ്റം വലിയ തോതില്‍ നടക്കുന്നുണ്ടെങ്കിലും ഇനിയും വേക്കന്‍സികള്‍ ഒഴിഞ്ഞുകിടക്കുന്നുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ജര്‍മന്‍ ഭാഷയില്‍ ബി 2 ലെവല്‍ പരിജ്ഞാനം നേടിയ, നഴ്‌സിംഗ് പാസായിട്ടുള്ള ഏതൊരാളിനും ജര്‍മനിയില്‍ ജോലി നേടാം. നിലവില്‍ ജര്‍മന്‍ ഭാഷയില്‍ ബി 2 (ആ2)ലെവല്‍ സര്‍ട്ടിഫിക്കറ്റ് നേടിയവര്‍ക്കാണ് തൊഴില്‍ അവസരം ലഭ്യമാകുന്നത്. ബി 2 ലെവല്‍ ഭാഷാ പരീക്ഷ പാസായവര്‍ എത്രയും വേഗം ജര്‍മനിയിലേക്കുള്ള വീസക്കും വര്‍ക്ക് പെര്‍മിറ്റിനുമായി ഇന്ത്യയിലെ ജര്‍മന്‍ എംബസിയുമായോ കോണ്‍സുലേറ്റുമായോ നേരിട്ട് ബന്ധപ്പെട്ട് നടപടികള്‍ക്ക് വിധേയമായാല്‍ കാര്യങ്ങള്‍ എളുപ്പമാവും. 

ജര്‍മനിയിലെ ഈ റിക്രൂട്ട്‌മെന്റിനുവേണ്ടി ഒരു രാജ്യത്തും ഒരു ഏജന്‍സികളേയും നിയോഗിച്ചിട്ടില്ല എന്ന കാര്യവും ശ്രദ്ധിയ്‌ക്കേണ്ടതാണ്. റിക്രൂട്ട്‌മെന്റിന്റെ മറവില്‍ വ്യാജഏജന്‍സികളുടെ പിടിയിലായി വെറുതെ സാന്പത്തിക നഷ്ടം വരുത്തരുതെന്നും ഓര്‍മിപ്പിക്കുന്നു. 

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക