Image

ഇരുട്ടിന്റെ ഇന്നലെകളില്‍ നിന്ന്, വെളിച്ചത്തിന്റെ ഇന്നിലേയ്‌ക്കൊരുഉണര്‍ത്തു പാട്ട് ! (കവിത: ജയന്‍ വര്‍ഗീസ്)

Published on 27 April, 2018
ഇരുട്ടിന്റെ ഇന്നലെകളില്‍ നിന്ന്, വെളിച്ചത്തിന്റെ ഇന്നിലേയ്‌ക്കൊരുഉണര്‍ത്തു പാട്ട് ! (കവിത: ജയന്‍ വര്‍ഗീസ്)
(ദക്ഷിണ ചൈനാ കടലിനു മുകളില്‍ ഉരുണ്ടു കൂടിയ ആണവ യുദ്ധ ഭീഷണിയുടെ കരിങ്കാറുകളെ കീറി മുറിച്ചു കൊണ്ട്, കൊറിയകളുടെ ചക്രവാളത്തില്‍ ഉദിച്ചുയര്‍ന്ന സമാധാന സൂര്യന്റെ ചെങ്കതിരുകള്‍ മനുഷ്യ രാശിയെ തഴുകി നില്‍ക്കുന്‌പോള്‍, കഴിഞ്ഞ നൂറ്റാണ്ടിന്റെ കാലാടിപ്പാടുകളില്‍ ചതഞ്ഞു മരിച്ച ജീവിത സ്വപ്നങ്ങള്‍ക്ക് കണ്ണീര്‍പ്പൂക്കള്‍ അര്‍പ്പിച്ചു കൊണ്ട് ലോകത്താകമാനമുള്ള മനുഷ്യ സ്‌നേഹികള്‍ക്ക് ഒന്നായിച്ചേര്‍ന്ന് പാടാന്‍ ഒരുണര്‍ത്തു പാട്ട്. )

ഉദയ ഗിരികളേ ,
ഉണരൂ, ഉണരൂ...
ഉഷസുണരുന്നൂ ദൂരേ ..!

ഒരു വര്‍ഗ്ഗ സ്വപ്നത്തിന്റെ
ചിറകുകള്‍ കുടയുന്നൂ,
മനസ്സിന്റെ മയിലുകള്‍ ചാരേ ...!

ഇരുപതാം ശതകമേ,
ഇനി യാത്ര പറയട്ടേ,
ഇരുള്‍ നീങ്ങിയുണര്‍ന്നു പോയ് കാലം...!

നവയുഗ പുലരിയെ
വരവേല്‍ക്കാനൊരുങ്ങുന്‌പോള്‍,
കരയുന്നേന്‍ കരളിലെ കിളികള്‍....?

പിടയുന്ന മനുഷ്യന്റെ
മൃദു മാറിലുഷസ്സിന്റെ
പുതു രശ്മി പോലും മുള്ളിന്‍ മുനയായ്...,

തറയുന്നു ! സിറിയകള്‍
കരയുന്നു ! ഇറാക്കിന്റെ
ഹൃദയത്തിലൊഴുകുന്നൂ മിഴി നീര്‍ ...!

ഒരു ജാതി, യൊരുമത
മുരുവിട്ട ഭാരതത്തില്‍,
പല ജാതിപ്പരിഷകള്‍ വിഷമായ് ...,

പകലിന്റെ തിരുനെറ്റി
ത്തെളിമയി, ലിരുളിന്റെ
യൊരു കരി, ത്തിലകമായിരിപ്പൂ ...!

ഒരു കൂട്ടരിരുളിന്റെ
യാടിമകള്‍! ദൈവത്തിനെ
പ്പരിണാമ ക്കാട്ടില്‍ ദൂരേ എറിഞ്ഞൂ ....!

മറു കൂട്ടര്‍ മതങ്ങളാ
ണവര്‍ നാളെ ലോകത്തിന്റെ
യവസാന ശ്വാസം കാതോര്‍ത്തിരിപ്പൂ ...!

ഒരുവര്‍ക്കും വേണ്ടെങ്കിലു
മലറുന്നു ഞാന്‍, എന്‍ ലോകം
ഇതുപോലെ വേണം എനിക്കെന്നും....?

ഒരുവേള ഞാനില്ലെങ്കില്‍
വിരിയുന്ന നിലാവിന്റെ
യഴകിലെന്‍ ആത്മാവുകള്‍ പാടും ...!

പുലരിയില്‍ വിടരുന്ന
പുളകമാം മലരിന്റെ
മധുവില്‍ ഞാന്‍ വരി വണ്ടായ് പുണരും...!

ഒരു കോടി യുഗങ്ങളെ
ത്തഴുകട്ടേ, ഇനിയുമൊ
ട്ടൊഴുകട്ടേ ദൈവത്തിന്റെ സ്‌നേഹം...!

ഉണരട്ടെ, യിവള്‍ ഭൂമി
യുഷസ്സിന്റെ തുടി താള
പെരുമയി, ലുണരട്ടേ വീണ്ടും....!

ഉദയ ഗിരികളേ,
ഉണരൂ, ഉണരൂ,
ഉഷസുനേരുന്നൂ ദൂരേ ....!

ഒരു വര്‍ഗ്ഗ സ്വപ്നത്തിന്റെ
ചിറകുകള്‍ കുടയുന്നൂ...,
മനസ്സിന്റെ മയിലുകള്‍ ചാരേ ....!!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക