Image

അനാരോഗ്യം കാരണം പ്രവാസം ദുരിതമയമായ മലയാളി വനിത, നവയുഗത്തിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി.

Published on 28 April, 2018
അനാരോഗ്യം കാരണം പ്രവാസം ദുരിതമയമായ മലയാളി വനിത, നവയുഗത്തിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി.
ദമ്മാം: ആരോഗ്യം മോശമായത് കാരണം ജോലി ചെയ്യാനാകാതെ ദുരിതത്തിലായ വീട്ടുജോലിക്കാരിയ്ക്ക് നവയുഗം സാംസ്‌ക്കാരികവേദിയുടെ സഹായഹസ്തം. തിരുവല്ല സ്വദേശിനിയായ സാലി കുട്ടപ്പനാണ് നവയുഗം സാംസ്‌കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ ഇടപെടലില്‍, നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങിയത്.

ഒരു വര്‍ഷം മുന്‍പാണ് ദമ്മാമിലെ ഒരു സൗദി പൗരന്റെ വീട്ടില്‍ സാലി കുട്ടപ്പന്‍ വീട്ടുജോലിയ്ക്ക് എത്തിയത്.  ആ വലിയ വീട്ടില്‍ ആറുമാസത്തോളം വലിയ കുഴപ്പമില്ലാതെ ജോലി ചെയ്തു. എന്നാല്‍ വിശ്രമമില്ലാത്ത ജോലി ക്രമേണ ആരോഗ്യം ക്ഷയിപ്പിച്ചു. അതോടെ ശാരീരികാദ്ധ്വാനം നടത്താനുള്ള കഴിവ് കുറഞ്ഞു. തന്നെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ സാലി സ്‌പോണ്‍സറോട് ആവശ്യപ്പെട്ടെങ്കിലും അയാള്‍ സമ്മതിച്ചില്ല. രോഗം മൂലം ഏറെ അവശയായിട്ടും അവരോട് ജോലി തുടരാനാണ് സ്‌പോണ്‍സര്‍ പറഞ്ഞത്. ഇനിയും ആ വീട്ടില്‍ തുടര്‍ന്നാല്‍ തന്റെ ജീവന്‍ തന്നെ അപകടത്തിലാകും എന്ന് തോന്നിയ സാലി, ആരുമറിയാതെ പുറത്തിറങ്ങി, ദമ്മാം ഇന്ത്യന്‍ എംബസ്സി ഹെല്‍പ്‌ഡെസ്‌ക്കില്‍ പോയി പരാതി പറഞ്ഞു. 
അവര്‍ നല്‍കിയ വിവരമനുസരിച്ച് സാലി, നവയുഗം ജീവകാരുണ്യപ്രവര്‍ത്തകയായ മഞ്ജു മണിക്കുട്ടനെ ഫോണില്‍ ബന്ധപ്പെട്ട് സഹായം അഭ്യര്‍ത്ഥിച്ചു. 

മഞ്ജു മണിക്കുട്ടന്‍  ഉടനെ സ്ഥലത്തെത്തുകയും, പോലീസിന്റെ സഹായത്തോടെ സാലി കുട്ടപ്പനെ ദമ്മാം വനിത അഭയകേന്ദ്രത്തില്‍ എത്തിയ്ക്കുകയും ചെയ്തു.

 മഞ്ജു മണിക്കുട്ടനും നവയുഗം ജീവകാരുണ്യപ്രവര്‍ത്തകരും സാലിയുടെ സ്‌പോണ്‍സറെ ബന്ധപ്പെട്ട് ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടത്തി. സാലിയുടെ രോഗാവസ്ഥയുടെ ഗൗരവം സ്‌പോണ്‍സറെ പറഞ്ഞു ബോധ്യപ്പെടുത്തിയപ്പോള്‍, സ്‌പോണ്‍സര്‍ ഒത്തുതീര്‍പ്പിന് തയ്യാറായി. സാലിയ്ക്ക് ഫൈനല്‍ എക്‌സിറ്റ് അടിച്ച പാസ്സ്‌പോര്‍ട്ടും, വിമാനടിക്കറ്റും നല്‍കാന്‍ സ്‌പോണ്‍സര്‍ തയ്യാറായി. 

മഞ്ജു വനിതാഅഭയകേന്ദ്രവുമായി  ബന്ധപ്പെട്ട് മറ്റു നിയമനടപടികള്‍ വേഗം പൂര്‍ത്തിയാക്കി. 

 എല്ലാവരോടും നന്ദി പറഞ്ഞ് സാലി കുട്ടപ്പന്‍ നാട്ടിലേയ്ക്ക് മടങ്ങി.



അനാരോഗ്യം കാരണം പ്രവാസം ദുരിതമയമായ മലയാളി വനിത, നവയുഗത്തിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക