Image

കല കുവൈറ്റ് മൈക്രൊ ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിച്ചു

Published on 28 April, 2018
കല കുവൈറ്റ് മൈക്രൊ ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി: കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍ നാല്പതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കല കുവൈറ്റ് ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തില്‍ കുവൈറ്റിലെ ഇന്ത്യക്കാര്‍ക്കായ് മൈക്രൊ ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിച്ചു. മൂന്നു മിനിട്ട് ദൈര്‍ഘ്യമുള്ള ചെറിയ ചലചിത്രങ്ങളുടെ വലിയ ഉത്സവമായി കല കുവൈറ്റ് മൈക്രോ ഫിലിം ഫെസ്റ്റിവല്‍. പൂര്‍ണമായും കുവൈത്തില്‍ ചിത്രീകരിച്ച അന്പതോളം ചിത്രങ്ങളാണു ഫെസ്റ്റിവലില്‍ മല്‍സരിച്ചത്. 

പ്രശസ്ത സിനിമാ നിരൂപകനും ചലചിത്ര അക്കാദമി മുന്‍ വൈസ് ചെയര്‍മാനുമായിരുന്ന വി.കെ.ജോസഫ് ഉദ്ഘാടനം ചെയ്തു. കല കുവൈറ്റ് പ്രസിഡന്റ് ആര്‍.നാഗനാഥന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജനറല്‍ സെക്രട്ടറി സജി തോമസ് മാത്യു സ്വാഗതവും ഫിലിം സൊസൈറ്റി കണ്‍വീനര്‍ ടി.വി.ജയന്‍ നന്ദിയും പറഞ്ഞു. കല കുവൈറ്റ് കല വിഭാഗം സെക്രട്ടറി രഹീല്‍ കെ.മോഹന്‍ദാസ് ഫിലിം സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. തുടര്‍ന്നു മൈക്രോ ഫിലിമുകളുടെ പ്രദര്‍ശനം നടന്നു. 

രതീഷ് ഗോപി സംവിധാനം ചെയ്ത ഷേഡ്‌സ് എന്ന മൈക്രൊ ഫിലിം നാലു അവാര്‍ഡുകള്‍ കരസ്ഥമാക്കി. മികച്ച മൈക്രോ ഫിലിം, സംവിധായകന്‍ രതീഷ് ഗോപി, ഛായാഗ്രഹണം രതീഷ് ഗോപി എന്നീ അവാര്‍ഡുകളാണു ഷേഡ്‌സ് നേടിയത്. ഷേഡ്‌സ്, മിയ കുള്‍പ്പ എന്നീ സിനിമകളിലെ അഭിനയത്തിനു ഗോവിന്ദ് ശാന്ത മികച്ച നടനായും ആംനെസ്റ്റി എന്ന ചിത്രത്തിലെ അഭിനയത്തിനു ഉഷ രാമന്‍ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. 

നിമിഷ രാജേഷ് സംവിധാനം ചെയ്ത റിസൊ ആണ് മികച്ച രണ്ടാമത്തെ ചിത്രം. അഭിരാമി അജിത്കുമാറാണു മികച്ച ബാലതാരം (ചിത്രം:ദി ബ്ലാക്ക് ഡേ), കൃഷ്ണ രജീഷ് (മികച്ച തിരക്കഥ, ചിത്രം: തനിയെ), രതീഷ് സി.വി അമ്മാസ് (എഡിറ്റര്‍, ചിത്രം:റിസൊ) എന്നിവയാണു മറ്റ് അവാര്‍ഡുകള്‍. രാജേഷ് കന്പള സംവിധാനം ചെയ്ത ദി ബ്ലാക്ക് ഡേ, ഹരീഷ് കുറുപ്പ് സംവിധാനം ചെയ്ത മിസിംഗ് എന്നീ സിനിമകള്‍ പ്രത്യേക ജൂറി പുരസ്‌കാരത്തിനു അര്‍ഹമായി. വിജയികള്‍ക്ക് വി.കെ.ജോസഫ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. 

പ്രവാസ ജീവിതം അവസാനിപ്പിച്ച നാട്ടിലേക്ക് മടങ്ങുന്ന കല കുവൈറ്റ് അംഗങ്ങളായ പവിത്രന്‍ , ലിന്േ!റാ തന്പി എന്നിവര്‍ക്കു കല കുവൈറ്റിന്റെ ഉപഹാരവും ചടങ്ങില്‍ കൈമാറി. കല കുവൈറ്റ് ജോയിന്റ് സെക്രട്ടറി മുസ്ഫര്‍, വൈസ് പ്രസിഡന്റ് പ്രസീത് കരുണാകരന്‍, ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ എന്‍.അജിത് കുമാര്‍, സാല്‍മിയ മേഖലാ സെക്രട്ടറി കിരണ്‍. പി.ആര്‍, ഫിലിം സൊസൈറ്റി ഭാരവാഹികള്‍, കല കുവൈറ്റ് കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. സിനിമാ പ്രവര്‍ത്തകരും സാമൂഹിക സാംസ്‌കാരിക മാധ്യമ രംഗത്തെ പ്രമുഖരും ഉള്‍പ്പടെ നൂറുകണക്കിന് പേര്‍ ഫെസ്റ്റിവലില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക