Image

കാന്‍സര്‍ രോഗത്തിന് ഒറ്റമൂലികള്‍ ഇല്ല; മാറേണ്ടത് ജീവിത ശൈലി: ഡോ. തോമസ് വര്‍ഗീസ്

Published on 28 April, 2018
കാന്‍സര്‍ രോഗത്തിന് ഒറ്റമൂലികള്‍ ഇല്ല; മാറേണ്ടത് ജീവിത ശൈലി: ഡോ. തോമസ് വര്‍ഗീസ്

അബുദാബി: രോഗം പിടിപെടുന്നവരുടെ എണ്ണത്തില്‍ ആശങ്കാജനകമായ വര്‍ധനവ് കാണിക്കുന്ന കാന്‍സര്‍ രോഗത്തില്‍ നിന്നും വിമുക്തി നേടുന്നതിന് ജനങ്ങളുടെ ജീവിതശൈലിയില്‍ ഗണ്യമായ മാറ്റങ്ങള്‍ക്കു തയാറാകണമെന്ന് പ്രമുഖ ഓങ്കോളജിസ്റ്റ് ഡോ.തോമസ് വര്‍ഗീസ്. കോഴഞ്ചേരി സെന്റ് തോമസ് കോളജ് അലൂംനി ഫോറം അബുദാബി ചാപ്റ്ററിന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു പൂര്‍വവിദ്യാര്‍ഥികൂടിയായ ഡോ. തോമസ് വര്‍ഗീസ്.

കാന്‍സര്‍ രോഗത്തിന് ഒറ്റമൂലി ചികത്സകളില്ല. പ്രത്യക്ഷത്തില്‍ ഒരേ പോലെ കാണുന്ന കാന്‍സര്‍ രോഗങ്ങള്‍ക്ക് ഒരേ ചികിത്സയല്ല നല്‍കേണ്ടത്. അറുപതോളം തരത്തിലുള്ള സ്തനാര്‍ബുദങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവയ്ക്ക് ഓരോന്നും ചികിത്സ വ്യത്യസ്തമാണ്. ഇവ കണ്ടെത്തി ചികിത്സ നടത്താന്‍ സൗകര്യങ്ങളുള്ള ആശുപത്രികള്‍ വേണം തെരഞ്ഞെടുക്കേണ്ടത്. 

ഭക്ഷണ ക്രമങ്ങളില്‍ ഗുണപരമായ മാറ്റങ്ങള്‍ക്കു ജനങ്ങള്‍ തയാറായാല്‍ മിക്ക കാന്‍സര്‍ രോഗങ്ങളും പ്രതിരോധിക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സസ്യാഹാരമാണ് മനുഷ്യഘടനയ്ക്കു ഉത്തമം. മാംസാഹാരങ്ങള്‍ വര്‍ജിക്കുകയാണ് വേണ്ടത്. വ്യായാമം ജീവിതരീതിയുടെ ഭാഗമാക്കാനും തയാറാകണം  ഡോ. തോമസ് വര്‍ഗീസ് പറഞ്ഞു.

പ്രസിഡന്റ് സജി തോമസ് അധ്യക്ഷത വഹിച്ചു. മാര്‍ത്തോമ്മ ഇടവക വികാരി റവ.ബാബു പി. കുലത്താക്കല്‍, സഹവികാരി റവ. സി.പി. ബിജു, റവ. ഷിജു പി.ജോണ്‍, വൈസ് പ്രസിഡന്റ് മാത്യു സി. കുര്യന്‍, സെക്രട്ടറി സി.ആര്‍. ഷിബു, ട്രഷറര്‍ രെഞ്ചു ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക