Image

അളവ് (കവിത-മനോജ് മനയില്‍)

Published on 29 April, 2018
അളവ് (കവിത-മനോജ് മനയില്‍)
എത്ര സങ്കടം വേണം നമുക്കൊന്നു
ശങ്കയില്ലാതെ പൊട്ടിക്കരയുവാന്‍?

എത്ര സാന്ത്വനം വേണം നമുക്കൊന്നു
ചിത്തശാന്തി സ്വരൂപിച്ചു വെക്കുവാന്‍?

എത്ര സാഹസം വേണം നമുക്കൊന്നു
തേങ്ങുമാര്‍ത്തനെ കെട്ടിപ്പിടിക്കുവാന്‍?

എത്ര സംയമം വേണം നമുക്കൊന്നു
ഉള്ളിലുള്ള ദുരാര്‍ത്തി കളയുവാന്‍?

എത്ര കാലവര്‍ഷങ്ങള്‍ നനയണം
അഗ്‌നിശാപം കഴുകിക്കളയുവാന്‍?

എത്ര വാക്കുകളോര്‍ത്തുച്ചരിക്കണം
നാവിലെ ചെന്നിനായകം പോക്കുവാന്‍?

എത്ര രാഗങ്ങള്‍ ചൊല്ലിപ്പഠിക്കണം
നമ്മിലെയനുരാഗം വളരുവാന്‍?

എത്ര സാഗരം മോന്തിക്കുടിക്കണം
ദുഷ്ടദാഹങ്ങള്‍ തീര്‍ന്നൊന്നു കിട്ടുവാന്‍?

എത്ര ഭൂതകാലങ്ങളെപ്പുല്‍കണം
ഇന്നിലേക്കൊന്നു ചേര്‍ന്നമര്‍ന്നീടുവാന്‍?

എത്ര ജീവിതം പിന്നെയും പുല്‍കണം
ശിഷ്ടമോഹങ്ങള്‍ പൂര്‍ത്തീകരിക്കുവാന്‍?

എത്ര കാതങ്ങള്‍ താണ്ടിക്കുഴയണം
പിന്നെയും നരകം കടന്നീടുവാന്‍?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക