Image

ചെങ്കോട് ഡാല്‍മിയ ഗ്രൂപ്പിന്‌ കൈമാറിയത്‌ ദേശീയ നാണക്കേടെന്ന്‌ മന്ത്രി തോമസ്‌ ഐസക്‌

Published on 30 April, 2018
ചെങ്കോട് ഡാല്‍മിയ ഗ്രൂപ്പിന്‌ കൈമാറിയത്‌ ദേശീയ നാണക്കേടെന്ന്‌ മന്ത്രി തോമസ്‌ ഐസക്‌


തിരുവനന്തപുരം: ഡാല്‍മിയ ഗ്രൂപ്പിന്‌ ചെങ്കോട്ട പോലൊരു ദേശീയ സ്‌മാരകം കൈമാറിയ മോദി സര്‍ക്കാരിന്റെ നടപടി ദേശീയ നാണക്കേടാണെന്ന്‌ ധനമന്ത്രി തോമസ്‌ ഐസക്‌. ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ജ്വലിക്കുന്ന ഏടുകളിലെ കറുത്ത കളങ്കമായി ചെങ്കോട്ടയുടെ ചുവരുകളില്‍ പതിയുന്ന ഡാല്‍മിയയുടെ പരസ്യമുദ്ര അവശേഷിക്കും.

അമൂല്യമായ ദേശീയ സ്‌മാരകങ്ങള്‍ സംരക്ഷിക്കാന്‍ തുച്ഛമായ തുക പോലും ഖജനാവില്‍ നിന്ന്‌ മുടക്കാന്‍ മടിയുള്ള ബിജെപി ദേശീയതയെക്കുറിച്ചുള്ള ഗീര്‍വാണങ്ങള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം ഫേസ്‌ബുക്ക്‌ പോസ്റ്റില്‍ കുറിച്ചു.

സ്വാതന്ത്ര്യസമരം കൊടുമ്‌ബിരിക്കൊള്ളുമ്‌ബോള്‍ ഒളിച്ചിരുന്നവര്‍ക്കും ഒറ്റുകൊടുത്തവര്‍ക്കും ഒരിക്കലും ദേശീയസ്‌മാരകങ്ങളോടു വൈകാരികമായ അടുപ്പം ഉണ്ടാവുകയില്ല. ബിജെപി സര്‍ക്കാരില്‍ നിന്നോ നേതാക്കളില്‍ നിന്നോ അത്തരമൊരു സമീപനം പ്രതീക്ഷിക്കുന്നവരാണ്‌ വിഡ്‌ഢികള്‍.

ചരിത്രത്തോടോ ദേശീയതയോടോ ഉള്ള നിസ്വാര്‍ത്ഥമായ താല്‍പര്യമല്ല ഡാല്‍മിയയെ പോലുള്ള കന്‌പനികളെ ഇത്തരം കരാറുകളില്‍ ഏര്‍പ്പെടാന്‍ പ്രേരിപ്പിക്കുന്നത്‌. ഈ സ്‌മാരകത്തിന്റെ മുക്കിലും മൂലയിലും പരസ്യചിഹ്നങ്ങള്‍ സ്ഥാപിക്കാനുള്ള അവസരം ഒരു കച്ചവടക്കാരനും വേണ്ടെന്ന്‌ വയ്‌ക്കില്ല. ചെങ്കോട്ട സംരക്ഷിക്കാന്‍ പ്രതിവര്‍ഷം അഞ്ച്‌ കോടി രൂപ ചെലവിടാന്‍ കേന്ദ്രം തയ്യാറല്ല. വെറും 25 കോടി രൂപയ്‌ക്കാണ്‌ കരാര്‍. അഞ്ചു കോടിയ്‌ക്കു മുകളില്‍ പ്രതിവര്‍ഷം വരുമാനമുണ്ടാക്കുന്ന ചരിത്രസ്‌മാരകമാണ്‌ ചെങ്കോട്ടയെന്ന്‌ സര്‍ക്കാര്‍ രേഖകള്‍ തന്നെ പറയുന്നു. അദ്ദേഹം
കുറിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക