Image

കമ്മാരസംഭവത്തില്‍ മലയില്‍ മഹേശ്വരിയായി ശ്വേതാ മേനോന്‍

Published on 30 April, 2018
കമ്മാരസംഭവത്തില്‍ മലയില്‍ മഹേശ്വരിയായി ശ്വേതാ മേനോന്‍
ദിലീപ് നായകനാകുന്ന കമ്മാരസംഭവത്തില്‍ മലയില്‍ മഹേശ്വരിയെന്ന ഉജ്ജ്വല കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് ശ്വേതാ മേനോന്‍ വീണ്ടും....

കമ്മാരസംഭവത്തില്‍ മലയില്‍ മഹേശ്വരിയാകാനുള്ള ക്ഷണം?

വളരെ വൈകിമാത്രം ചിത്രത്തിന്റെ ഭാഗമായ ആളാണ് ഞാന്‍. പലരും രണ്ടും മൂന്നും വര്‍ഷമായി കമ്മാരസംഭവത്തിനുവേണ്ടി വര്‍ക്ക് ചെയ്തു തുടങ്ങിയിരുന്നു. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ഡിക്‌സണ്‍ ചേട്ടനിലൂടെയാണ് രതീഷ് അമ്പാട്ട് എന്ന നവാഗത സംവിധായകനെക്കുറിച്ച് അറിയുന്നത്. എനിക്ക് പറ്റിയൊരുവേഷമുണ്ട് , കഥ കേട്ടുനോക്കൂ എന്നുമാത്രം പറഞ്ഞു. സ്‌ക്രിപ്റ്റ് വായിച്ച് കേട്ടതും എനിക്കിഷ്ടമായി. അപ്പോഴും, മലയാളത്തില്‍ ഇങ്ങനൊരു ചിത്രം യാഥാര്‍ഥ്യമാകുമോ എന്നതുള്‍പ്പെടെ ചില സംശയങ്ങള്‍ തോന്നിയിരുന്നു. എന്റെ ചോദ്യങ്ങള്‍ക്കെല്ലാം വ്യക്തവും കൃത്യവുമായ മറുപടി നല്‍കാന്‍ സംവിധായകന് സാധിച്ചതോടെ , മലയില്‍ മഹേശ്വരിയാകാന്‍ മനസ്സുകൊണ്ടുറപ്പിച്ചു. ഗോകുലം ഗോപാലനങ്കിള്‍ നിര്‍മ്മിക്കുന്ന പ്രൊജക്റ്റ് എന്നതിനപ്പുറം ഒരു ഗ്യാരന്റി വേണ്ടിയിരുന്നില്ല. ഒരുപാട് സ്‌ക്രിപ്റ്റുകള്‍ കേട്ട് 'നോ' പറഞ്ഞ് ഞാന്‍ തന്നെ മടുത്തിരിക്കുമ്പോള്‍ 'യെസ്' പറയിച്ച എക്‌സ്-ഫാക്ടര്‍ ഈ ചിത്രത്തിലുണ്ട്.

ഒരു ആഡ് ഫിലിം മേക്കര്‍ സംവിധായകനാകുമ്പോള്‍?

ആഡ് ഫിലിം ആയാലും കൊമേഴ്ഷ്യല്‍ സിനിമ ആയാലും അഭിനയം അഭിനയവും സംവിധാനം സംവിധാനവുമാണ്. സിനിമയ്ക്ക് കുറേക്കൂടി സമയവും തയ്യാറെടുപ്പും വേണം. പ്രത്യേകിച്ച് , കമ്മാരസംഭവം പോലെ , ലാര്‍ജര്‍ ദാന്‍ ലൈഫ് കഥ അവതരിപ്പിക്കുമ്പോള്‍. നവാഗത സംവിധായകന്‍ എന്ന നിലയില്‍ ഷൂട്ടിങ് തുടങ്ങുമ്പോള്‍ എനിക്ക് ചില മുന്‍വിധികള്‍ ഉണ്ടായിരുന്നു. നാലഞ്ച് ദിവസംകൊണ്ടേ ഫോമിലാകൂ, ശരിയായ ട്രാക്കില്‍ വരൂ എന്നൊക്കെ. എന്റെ ധാരണകളെല്ലാം പൊളിച്ചടുക്കി വ്യക്തമായ പ്ലാനിങ്ങും ഹോംവര്‍ക്കും നടത്തി അനായാസമായ വഴക്കത്തോടെ ആയിരുന്നു രതീഷിന്റെ ഓരോ ചുവടും. ആ അര്‍പ്പണബോധത്തോട് തോന്നിയ ബഹുമാനം ഞങ്ങള്‍ക്കിടയില്‍ നല്ലൊരു സൗഹൃദം വളര്‍ത്തി.

കമ്മാരനായുള്ള ദിലീപിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററോളം തന്നെ ശ്വേതയുടേതും ശ്രദ്ധിക്കപ്പെട്ടല്ലോ?

ആളുകളുടെ ആകാംക്ഷ കലര്‍ന്ന പ്രതികരണങ്ങള്‍ കേട്ട് വല്ലാത്ത സന്തോഷം തോന്നി. ബാഹുബലിയിലെ രാജമാതാ ശിവകാമിയോടുപോലും പലരും താരതമ്യപ്പെടുത്തി. ഇതൊരു തിരിച്ചുവരവാണോ എന്ന് ചോദിക്കുന്നവരുണ്ട്. സത്യത്തില്‍ തിരിച്ചുവരവുകളുടെ പേരില്‍ റെക്കോര്‍ഡുണ്ടെങ്കില്‍ അത് ലഭിക്കേണ്ട വ്യക്തിയാണ് ഞാന്‍. ഇത്ര ടൈം-സ്പാനില്‍ ഇത്ര സിനിമകള്‍ ചെയ്യാമെന്ന വാശി എന്റെ കരിയറില്‍ ഒരിക്കലും ഉണ്ടായിട്ടില്ല. സിനിമ ഗൗരവമായി കണ്ടുതുടങ്ങിയതിനു ശേഷം, പുതുമ തോന്നുന്ന കഥാപാത്രങ്ങള്‍ മാത്രമേ സ്വീകരിച്ചിട്ടുള്ളു. സ്‌കൂളില്‍ പോകുന്ന കുട്ടിയുടെ ടിപ്പിക്കല്‍ അമ്മ റോള്‍ ചെയ്യുന്ന സ്ഥിതിയില്‍ നിന്ന് മാറി നടക്കാനാണ് ആഗ്രഹം. തിരിച്ചുവരവ് നടത്താന്‍ ഞാന്‍ എവിടേക്കും മാറിനിന്നിട്ടില്ലല്ലോ? ടിവി ഷോകളുടെ ഭാഗമായി പ്രേക്ഷകര്‍ എന്നെ കണ്ടുകൊണ്ടാണ് ഇരിക്കുന്നത്. കുടുംബത്തിന് കൊടുക്കേണ്ട ക്വാളിറ്റി ടൈം സിനിമ ചെയ്യാന്‍ മാറ്റിവെക്കുമ്പോള്‍ അതെനിക്ക് കലാകാരി എന്ന നിലയില്‍ സംതൃപ്തി തരണം.

അനശ്വരത്തില്‍ കണ്ടത് മെലിഞ്ഞ് കോലുന്നനെയുള്ള പെണ്‍കുട്ടിയെയാണ്. അവിടെ നിന്ന് ഒഴിമുറി ,പാലേരി മാണിക്യം പോലുള്ള ചിത്രങ്ങളില്‍ കരുത്തുറ്റ സ്ത്രീ കഥാപാത്രങ്ങള്‍ രചിക്കപ്പെടുമ്പോള്‍ ശ്വേതാ മേനോനെ തേടിയെത്തുന്ന അവസ്ഥ വന്നിരിക്കുന്നു. ഈ മാറ്റത്തെ എങ്ങനെ കാണുന്നു?
ആരൊക്കെ എന്തൊക്കെ പോരായ്മകള്‍ പറഞ്ഞാലും അനശ്വരം എന്റെ ഏറ്റവും പ്രിയപ്പെട്ട സിനിമയാണ്. അതിലൊരു മാറ്റവുമില്ല. ഇപ്പോഴും ആ ചിത്രം കാണുമ്പോള്‍ എനിക്ക് കൗതുകമാണ്. അതിലെ കുട്ടിത്തം ഞാന്‍ ആസ്വദിക്കാറുണ്ട്. ഇന്നും കുട്ടിത്തത്തിന്് കുറവ് വന്നിട്ടില്ലെന്നത് വേറെ കാര്യം (ചിരിക്കുന്നു). ശക്തമായ കഥാപാത്രം ആദ്യം ചെയ്യുമ്പോള്‍ ആശങ്ക തോന്നാം. ഒരിക്കല്‍ അംഗീകരിക്കപ്പെട്ടാല്‍, ധൈര്യമാകും. കഥാപാത്രം ഏല്പിക്കാനും , ഏറ്റെടുക്കാനും.

ബോയ്‌സ് എന്ന തമിഴ് ചിത്രം റിലീസ് ആയപ്പോള്‍ മുതല്‍ മലയാളികളുടെ മനസ്സില്‍ കയറിക്കൂടിയ സിദ്ധാര്‍ത്ഥിന്റെ മലയാളത്തിലെ അരങ്ങേറ്റ ചിത്രം കൂടിയാണല്ലോ?

മറ്റു ദക്ഷിണേന്ത്യന്‍ ഭാഷകളിലെല്ലാം വിജയം കണ്ട വ്യക്തിയാണ് സിദ്ധാര്‍ത്ഥ്. എന്നിരുന്നാലും, ഒരു തുടക്കക്കാരനെപ്പോലെ കൂടെ അഭിനയിക്കുന്നവരില്‍ നിന്ന് എന്ത് പഠിക്കാം എന്ന ചിന്തയോടെയാണ് സെറ്റില്‍ എത്തുന്നത്. മൂന്ന് വര്‍ഷങ്ങള്‍ ഈ ചിത്രത്തിനായി മാറ്റിവെച്ചെന്ന് പറയുമ്പോള്‍ സിനിമയോടുള്ള കമ്മിറ്റ്‌മെന്റ് ഊഹിക്കാമല്ലോ. ഡബ്ബിങ് സ്വയം ചെയ്തതും ആ പാഷന്‍ കൊണ്ടാകാം.

ശോഭനയ്ക്ക് ഭാഗ്യലക്ഷ്മി എന്നതുപോലെ അഭിനേതാക്കള്‍ക്ക് ചില ശബ്ദങ്ങള്‍ നന്നായി യോജിക്കും. ശ്വേതയ്ക്ക് പല ആളുകള്‍ ശബ്ദം നല്‍കുമ്പോഴും അതൊക്കെ കഥാപാത്രത്തിന് ചേരുന്നതായി തോന്നിയിട്ടുണ്ട്. എന്താണതിന്റെ രഹസ്യം?

സ്വയം ഡബ്ബ് ചെയ്യുന്നത് കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് നല്ലതാണ്. ഡബ്ബിങ് ഞാന്‍ ആസ്വദിക്കുന്ന കാര്യവുമാണ്. വില്ലന്‍ എന്ന ലാലേട്ടന്റെ മൂവിയില്‍ ഞാനാണ് രാശി ഖന്നയ്ക്ക് ശബ്ദം കൊടുത്തത്. അഭിനയിച്ച പല ചിത്രങ്ങള്‍ക്കും ആഗ്രഹം ഉണ്ടായിരുന്നിട്ടും സാഹചര്യം കൊണ്ട് ശബ്ദം നല്‍കാന്‍ സാധിക്കാതെ പോയിട്ടുണ്ട്. സംസ്ഥാന അവാര്‍ഡ് ലഭിച്ച സോള്‍ട്ട് ആന്‍ഡ് പേപ്പറില്‍ ഭാഗ്യലക്ഷ്മി ചേച്ചിയാണ് എനിക്കുവേണ്ടി ഡബ്ബ് ചെയ്തിരിക്കുന്നത്. പരദേശിയില്‍ സീനത്ത് ചേച്ചിയും സഹോദരിയും ശബ്ദം നല്‍കിയിട്ടുണ്ട്. മലയില്‍ മഹേശ്വരിയായി കേള്‍ക്കാന്‍ പോകുന്നത് സൈറ ചേച്ചിയുടെ ശബ്ദമാണ്. ഇവരുടെയെല്ലാം ശബ്ദം കഥാപാത്രത്തിന് സ്യൂട്ട് ആകുന്നത് എങ്ങനെയാണെന്നുവെച്ചാല്‍ അഭിനയിക്കുമ്പോള്‍ ശ്വേതാ മേനോന്‍ എന്ന വ്യക്തി കടന്നുവരാതിരിക്കാന്‍ ഞാന്‍ ശ്രമിക്കും. കഥാപാത്രം മാത്രമേ കാണൂ. ആ കഥാപാത്രത്തിന് യോജിച്ച ശബ്ദമായിരിക്കും ഡയറക്ടര്‍ കാസ്റ്റ് ചെയ്യുക.

മുരളി ഗോപി എന്ന തിരക്കഥാകൃത്തിനെക്കുറിച്ച്?

സ്‌ക്രിപ്റ്റ് എഴുതി സംവിധായകനെ ഏല്‍പ്പിച്ച് സെറ്റില്‍ നിന്ന് തിരക്കഥാകൃത്ത് അപ്രത്യക്ഷനാകുമ്പോള്‍ ഉണ്ടാകാവുന്ന ചില ന്യൂനതകളുണ്ട്. അതൊന്നും ഈ സിനിമയിലില്ല. കാരണം, മുരളിയേട്ടന്‍ കമ്മാരസംഭവത്തോടൊപ്പം മുഴുവന്‍ സമയവും ഉണ്ടായിരുന്നു. ഫോട്ടോഷൂട്ടിന്റെ സമയത്തുതന്നെ അദ്ദേഹം മനസ്സില്‍ കണ്ട മഹേശ്വരിയെക്കുറിച്ച് ഒരു ടീച്ചറെപ്പോലെ പറഞ്ഞു തന്നിരുന്നു. സമീറാ സനീഷാണ് കോസ്‌റ്യൂംസ് ഡിസൈന്‍ ചെയ്തത്. ലൊക്കേഷനിലെത്തി ആ വേഷവും ആഭരങ്ങളും ഇട്ടപ്പോള്‍ ഞാന്‍ പൂര്‍ണമായും ക്യാരക്ടറായി മാറി. സ്‌പോട്ടില്‍ തോന്നിയ മാറ്റങ്ങള്‍ വരുത്താന്‍ സ്വാതന്ത്ര്യം ഉണ്ടായിരുന്നതുകൊണ്ട് ആസ്വദിച്ചാണ് വര്‍ക്ക് ചെയ്തത്.

ലൊക്കേഷന്‍ വിശേഷങ്ങള്‍?

തേനിയിലും ചേര്‍ത്തലയിലുമായിട്ടാണ് എന്റെ ഭാഗങ്ങള്‍ ചിത്രീകരിച്ചത്. പൊള്ളുന്ന ചൂടായിരുന്നു. മുഖമൊക്കെ കരിവാളിച്ചു. കട്ട് കേള്‍ക്കേണ്ട താമസം, മഹേശ്വരിയുടെ ഗൗരവമൊക്കെ വിട്ട് തണലുള്ള ഒരിടത്ത് പോയി സ്വസ്ഥമായി ഇരിക്കും. നമ്മുടെ മാത്രം വിഷമങ്ങളല്ല ഇതൊന്നും. ദിലീപേട്ടനടക്കം ഓരോരുത്തരും ഒരുപാട് കഷ്ടപ്പെട്ടിരുന്നു. ജനങ്ങളില്‍ നിന്ന് നല്ല പ്രതികരണം ലഭിക്കുമ്പോള്‍ കഷ്ടപ്പെട്ടതൊക്കെ ഫലം കണ്ടതായി തോന്നുന്നു.

ചുരുങ്ങിയ സമയംകൊണ്ടുതന്നെ മികച്ച അഭിപ്രായം നേടിയെടുത്തതിനു പിന്നില്‍?

നമ്മളൊരു വിഭവം തയ്യാറാക്കുമ്പോള്‍ , ഏറ്റവും നല്ല ചേരുവകള്‍ ചേര്‍ത്താല്‍ അതിനു രുചിയുണ്ടാകും. കുക്കിംഗ് അറിയാവുന്നവരാണ് ചെയ്യുന്നതെങ്കില്‍ പറയുകയും വേണ്ട. അങ്ങനെ നോക്കുമ്പോള്‍ ഇത് ഗോകുലം ഗ്രൂപ്പ് നല്‍കുന്ന രുചികരമായ വിരുന്ന് തന്നെയാണ്. എവിടെയുമൊരു വിട്ടുവീഴ്ച ചെയ്യാതെ, മാര്‍ക്കറ്റില്‍ ലഭിക്കാവുന്ന ഏറ്റവും നല്ല ചേരുവകള്‍ ഉപയോഗിച്ചുണ്ടാക്കിയതാണ് കമ്മാരസംഭവം. റസൂല്‍ പൂക്കുട്ടിയടക്കം എല്ലാ ടെക്‌നീഷ്യന്‍സിന്റെയും കഴിവ് പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ഗോപി സുന്ദറിന്റെ മ്യൂസിക്കും ഗംഭീരമാണ്.
ദിലീപേട്ടനുള്‍പ്പടെ ആരും ഇതിന് മുന്‍പ് ചെയ്തിട്ടില്ലാത്ത തരം റോളാണ് കൈകാര്യം ചെയ്തിരിക്കുന്നത്. അതിന്റേതായ ഫ്രെഷ്‌നെസ്സ് സിനിമയ്ക്കുണ്ട്. 

മീട്ടു റഹ്മത്ത് കലാം 
കടപ്പാട്: മംഗളം 
കമ്മാരസംഭവത്തില്‍ മലയില്‍ മഹേശ്വരിയായി ശ്വേതാ മേനോന്‍
കമ്മാരസംഭവത്തില്‍ മലയില്‍ മഹേശ്വരിയായി ശ്വേതാ മേനോന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക