Image

ഇനി നെയ്യാറ്റിന്‍കരയിലെ പാട്ടുമത്സരത്തിന്‌ കാണാം

ജി.കെ Published on 22 March, 2012
ഇനി നെയ്യാറ്റിന്‍കരയിലെ പാട്ടുമത്സരത്തിന്‌ കാണാം
കേരളം ആകാംക്ഷയോടെ കാത്തിരുന്ന പിറവം ഉപതരെഞ്ഞെടുപ്പ്‌ ഫലം പുറത്തുവന്നിരിക്കുന്നു. മൂവാറ്റുപുഴയാറില്‍ മുങ്ങാതെ പിറവമെന്ന നൂല്‍പ്പാലം കടന്ന്‌ യുഡിഎഫും അനൂപ്‌ ജേക്കബും വിജയകരമായി വിജയത്തിന്റെ മറുകര കടന്നിരിക്കുന്നു. പൊളളുന്ന ചൂടില്‍ വെല്ലുവിളികളും വാഗ്വാദങ്ങളും വിവാദങ്ങളും നിറഞ്ഞ തെരഞ്ഞെടുപ്പ്‌ പ്രചാരണദിനങ്ങള്‍ക്ക്‌ ശേഷം വന്ന ഫലം യുഡിഎഫിന്‌ ആശ്വാസത്തിന്റെ കുളിര്‍മഴയായെങ്കില്‍ എല്‍ഡിഎഫിന്‌ തലയില്‍ പതിച്ച ഇടിത്തീയാണ്‌ എം.എം.ജേക്കബിന്റെ കനത്ത തോല്‍വി.

ഇതുവെറും സെമിഫൈനല്‍ മാത്രമാണെന്നും ഫൈനല്‍ നടക്കുന്നത്‌ നെയ്യാറ്റിന്‍കരയിലാണന്നും പറഞ്ഞ്‌ തടിയൂരാന്‍ എല്‍ഡിഎഫ്‌ ശ്രമിക്കുന്നുണ്‌ടെങ്കിലും കാവിലെ പാട്ടു മത്സരത്തിന്‌ കാണാമെന്ന വെല്ലുവിളിയായെ അതിനെ കാണാനാവു. കാരണം പിറവം പോക്കറ്റിലാക്കാനായി സിപിഎമ്മിലെ ഔദ്യോഗികപക്ഷ നേതാക്കളുടെ വന്‍നിരതന്നെ പിറവത്ത്‌ തമ്പടിച്ച്‌ പ്രവര്‍ത്തിച്ചിരുന്നു. സാക്ഷാല്‍ പിണറായി വിജയന്‍ തന്നെ ബൂത്ത്‌ തലത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനായി മുന്നിട്ടു നിന്നപ്പോള്‍ ആളും അര്‍ഥവുമായി ഇ.പി.ജയരാജനും തോമസ്‌ ഐസക്കുമെല്ലാം കൂടെ ഉണ്‌ടായിരുന്നു. ഒരു മേമ്പൊടിക്കായി വിഎസും പിറവത്ത്‌ സജീവമായിരുന്നു.

എന്നിട്ടും എന്തുകൊണ്‌ട്‌ പിറവത്ത്‌ തോറ്റു എന്ന ചോദ്യത്തിന്‌ ജാതിമത സംഘടനകളെന്നും മദ്യമൊഴുക്കെന്നും അധികാര ദുര്‍വിനിയോഗമെന്നും തല്‍ക്കാലം അണികളോട്‌ പറഞ്ഞു നില്‍ക്കാം. `വിഘടന വാദികളും പ്രതിക്രിയാവാദികളും പ്രഥമ ദൃഷ്ട്യാ അകല്‍ച്ചയിലായിരുന്നെങ്കിലും അവര്‍ക്കിടയിലെ അന്തര്‍ധാര സജീവമായിരുന്നു എന്ന്‌ വേണം കരുതാന്‍. ബൂര്‍ഷ്വാസികളും തക്കം പാര്‍ത്തിരിക്കുകയായിരുന്നു. അതായത്‌...വര്‍ഗാധിപത്യവും കൊളോണിയലിസ്റ്റ്‌ ചിന്താ സരണികളും... റാഡിക്കലായ ഒരു മാറ്റമല്ല' എന്ന സിനിമാ ഡയലോഗ്‌ പോലെ. എങ്കിലും പാര്‍ട്ടി കോണ്‍ഗ്രസിലേക്ക്‌ നീങ്ങുന്ന സിപിഎമ്മിനകത്ത്‌്‌ പിറവം തോല്‍വി ചില്ലറ പൊട്ടിത്തെറികളല്ല ഉണ്‌ടാക്കാന്‍ പോകുന്നതെന്ന്‌ വ്യക്തമാണ്‌. കൊടിപിടിക്കുന്നവര്‍ക്കെങ്കിലും ബോധ്യമാകുന്ന ഒരു വിശദീകരണം നല്‍കാന്‍ പാര്‍ട്ടി സെക്രട്ടറിക്ക്‌ ഇതുവരെ കഴിഞ്ഞിട്ടില്ല. പിറവം യുഡിഎഫ്‌ മണ്‌ഡലമാണെന്നും അതുകൊണ്‌ട്‌ വിജയത്തില്‍ അത്ഭുതമില്ലെന്നും പിണറായി പറയുന്നുണ്‌ടെങ്കിലും എല്‍ഡിഎഫുകാര്‍ പോലും അത്‌ വിശ്വസിച്ചിട്ടില്ല.

എറണാകുളം ജില്ലയില്‍ പാര്‍ട്ടിയിലുള്ള വിഭാഗീയത കരടായി മാറാതിരിക്കാന്‍ സിപിഎമ്മിലെ ഔദ്യോഗികപക്ഷം പ്രചാരണത്തിന്റെ തുടക്കംമുതലേ ബദ്ധശ്രദ്ധ പുലര്‍ത്തിയിരുന്നു. പാര്‍ട്ടി എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ചിട്ടും പിന്തുണയ്‌ക്കുമെന്നുറപ്പുള്ള ബൂത്തുകളിലും പഞ്ചായത്തുകളിലും പോലും ശ്രദ്ധേയമായ മുന്നേറ്റം കാഴ്‌ച്ചവെക്കാന്‍ എം.ജെ.ജേക്കബിന്‌ കഴിഞ്ഞില്ല. കേവലം രണ്‌ട്‌ പഞ്ചായത്തുകളില്‍ മാത്രമാണ്‌ എം.ജെ.ജേക്കബിന്‌ നേരിയ ലീഡ്‌ നേടിയത്‌. പിറവത്തെ 12 പഞ്ചായത്തുകളില്‍ ചോറ്റാനിക്കര, തിരുവാങ്കുളം എന്നിവിടങ്ങളില്‍ യഥാക്രമം 171, 365 എന്നിങ്ങനെയാണ്‌ എല്‍ഡിഎഫിന്‌ ലഭിച്ച ലീഡ്‌.

ഇത്‌ പാര്‍ട്ടിയ്‌ക്കകത്ത്‌ വി.എസ്‌ പക്ഷവും(അങ്ങനെയൊന്നുണ്‌ടെങ്കില്‍) പിണറായി പക്ഷവും ഒരുപോലെ ആയുധമാക്കും. പാര്‍ട്ടിയിലെ കണ്ണൂര്‍ ലോബിയുടെ ആധിപത്യത്തിനേറ്റ തിരിച്ചടിയാണ്‌ പരാജയമെന്ന്‌ വി.എസിനെ അനുകൂലിക്കുന്നവര്‍ വാദിക്കുമെന്ന്‌ രണ്‌ടുതരം. പിറവം ഫലം സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്ന പ്രസ്‌താവനയിലൂടെ യുഡിഎഫിന്‌ അടിക്കാനായി വടി ഇട്ടുകൊടുത്തത്‌ പിണറായി തന്നെയാണെന്നും വി.എസ്‌. പക്ഷം വാദിച്ചേക്കാം. പിറവത്ത്‌ വി.എസ്‌.അല്ല പിണറായി ആയിരുന്നു പ്രചാരണത്തിന്റെ ക്യാപ്‌റ്റനെന്നതും വി.എസ്‌.പക്ഷം ആയുധമാക്കും. ഇതിനെല്ലാം പുറമെയാണ്‌ വിഭാഗീയതയുടെ പേരില്‍ പാര്‍ട്ടി നേതൃത്വത്തെ പരസ്യമായി വിമര്‍ശിച്ച്‌ നെയ്യാറ്റിന്‍കരെ എംഎല്‍എ ആര്‍.ശെല്‍വരാജ്‌ രാജിവെച്ചത്‌. പിറവം പ്രചാരണം ചൂടുപിടിച്ചിരിക്കെയുള്ള ശെല്‍വരാജിന്റെ രാജി ഔദ്യോഗികപക്ഷത്തിന്റെ മുഖത്തിനേറ്റ അടിയായിരുന്നു.

എന്നാല്‍ ഇതുകൊണ്‌ടൊന്നും ക്യാപ്പിറ്റല്‍ പണിമഷ്‌മെന്റില്‍ നിന്ന്‌ വി.എസിന്‌ തലയൂരാന്‍ കഴിയുമെന്ന്‌ തോന്നുന്നില്ല. സിന്ധുജോയിക്കെതിരായ വി.എസിന്റെ പരാമര്‍ശമായിരിക്കും ഔദ്യോഗികപക്ഷം അദ്ദേഹത്തിനെതിരെ പ്രധാനമായും ആയുധമാക്കുക. ഒപ്പം വി.എസിന്റെ അഴിമതിവിരുദ്ധ പ്രതിച്ഛായ പണ്‌ടേ പോലെ ഫലിക്കുന്നില്ലെന്നും അദ്ദേഹത്തിനും മകനുമെതിരെ സമീപകാലത്ത്‌ ഉണ്‌ടായ കേസുകളും വിവാദങ്ങളും മുന്നണിയെ പ്രതികൂലമായി ബാധിച്ചെന്നും അവര്‍ വാദിക്കുമെന്ന്‌ ഉറപ്പ്‌.

എന്തായാലും തോല്‍വിയുടെ പോസ്റ്റുമോര്‍ട്ടവും ഇരുവിഭാഗത്തിനും ഒരിക്കല്‍ കൂടി കൊണ്‌ടും കൊടുത്തും മുന്നേറാനുള്ള അവസരമാകുമെന്ന്‌ ഉറപ്പ്‌. എന്തായാലും പിറവം കഴിഞ്ഞു. ഇനി നെയ്യാറ്റിന്‍കരയിലാണ്‌ അടുത്ത പാട്ടു മത്സരം. പിറവം കൈവിട്ടപോലെ അവിടെ തോറ്റുകൊടുക്കാന്‍ ഇടതുപക്ഷത്തിനും പ്രത്യേകിച്ച്‌ സിപിഎമ്മിനും കഴിയില്ല. കാരണം യുഡിഎഫിനെയല്ല പാര്‍ട്ടിയുടെ നെഞ്ചില്‍ ചവിട്ടി പുറത്തുപോയ ശെല്‍വരാജിനെയാണ്‌ അവിടെ അവര്‍ക്ക്‌ പ്രധാനമായും തോല്‍പ്പിക്കേണ്‌ടത്‌. അതുകൊണ്‌ടുതന്നെ നെയ്യാറ്റിന്‍കരയിലെ തോല്‍വിയെക്കുറിച്ച്‌ എല്‍ഡിഎഫിന്‌ ചിന്തിക്കാനെ കഴിയില്ല. ഇനി നെയ്യാറ്റിന്‍കരയിലെ പാട്ടു മത്സരത്തിലും തോറ്റാലോ എന്നാണ്‌ ചോദ്യമെങ്കില്‍ ഉടന്‍ തന്നെ അഞ്ചാറു പാട്ടുമത്സരങ്ങള്‍ കൂടി ഉണ്‌ടാവുമെന്നാണല്ലോ യുഡിഎഫിന്റെ മുഖ്യ സംഘാടകന്‍ ശ്രീ പി സി ജോര്‍ജ്‌ തന്നെ പറഞ്ഞിരിക്കുന്നത്‌. അത്‌ വിശ്വസിച്ച്‌ സഖാക്കളെ മുന്നോട്ടുപോകാം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക