Image

അന്ത്യനിമിഷങ്ങളിലും ആല്‍ഫിയെ രക്ഷിക്കാന്‍ ശ്രമിച്ച് പിതാവ് ടോം

Published on 30 April, 2018
അന്ത്യനിമിഷങ്ങളിലും ആല്‍ഫിയെ രക്ഷിക്കാന്‍ ശ്രമിച്ച് പിതാവ് ടോം

ലണ്ടന്‍: ബ്രിട്ടന്റെ വേദനയായി ലോകത്തിന്റെ തീരാവേദനയാക്കി ആല്‍ഫി ഇവാന്‍സ് എന്ന രണ്ടു വയസുകാരന്‍ യാത്രയായി. മാര്‍പാപ്പയുടെ ഇടപെടലിനു പോലും അവനെ ജീവന്‍ രക്ഷാ ഉപകരണങ്ങളില്‍ നിലനിര്‍ത്താന്‍ സഹായകമായില്ല. ഒടുവില്‍ ശനിയാഴ്ച പുലര്‍ച്ചെ 2.30ന് ആല്‍ഫി യാത്രയായി.

മരണം ഉറപ്പായെങ്കിലും ആല്‍ഫിയെ ജീവന്‍രക്ഷാ ഉപകരണങ്ങളില്‍ നീക്കുന്നതിനെതിരേ കോടതിയില്‍ അപ്പീല്‍ നല്‍കി കാത്തിരിക്കുകയായിരുന്നു മാതാപിതാക്കള്‍. അപ്പീല്‍ തള്ളിയതോടെ യന്ത്രങ്ങളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയും ആല്‍ഫി അന്ത്യശ്വാസം നിലയ്ക്കുകയായിരുന്നു.

മകന്റെ ജീവന്‍ നഷ്ടമായെന്നു വിശ്വസിക്കാന്‍ കൂട്ടാക്കാതെ പത്തു മിനിറ്റോളം അവനു കൃത്രിമ ശ്വാസോച്ഛ്വാസം നല്‍കാന്‍ ശ്രമിക്കുകയായിരുന്നു പിതാവ് ടോം. ഒടുവില്‍ ബന്ധുക്കള്‍ പിടിച്ചു മാറ്റി. ഇരുപത്തൊന്നുകാരനായ ടോമും ആല്‍ഫിയുടെ ഇരുപതുകാരിയായ അമ്മ കാറ്റിയും അവസാന സമയത്ത് ആല്‍ഫിയുടെ കിടക്കയില്‍ അവനു കൂട്ടിനൊപ്പമുണ്ടായിരുന്നു.

മരണാനന്തര ചടങ്ങുകളില്‍ ആയിരക്കണക്കിനാളുകളാണ് പങ്കെടുത്തത്. മെഴുകുതിരികള്‍ കത്തിച്ചും ബലൂണുകള്‍ പറത്തിയും അവര്‍ മാതാപിതാക്കളുടെ ദുഃഖത്തില്‍ പങ്കു ചേര്‍ന്നു. 

ആല്‍ഫിയുടെ വേര്‍പാടില്‍ അതീവ ദുഃഖത്തോടെ മാര്‍പാപ്പ

മാറാരോഗം ബാധിച്ച ആല്‍ഫി ഇവാന്‍സിന്റെ ജീവന്‍ യന്ത്ര സഹായത്തോടെ നിലനിര്‍ത്താനുള്ള മാതാപിതാക്കളുടെ നിയമ പോരാട്ടം പരാജയപ്പെട്ടു. ജീവന്‍ രക്ഷാ ഉപകരണങ്ങളില്‍ നിന്നു നീക്കിയ ആല്‍ഫി അന്ത്യയാത്രയായി. 

അവന്റെ ജീവന്‍ നിലനിര്‍ത്താനുള്ള പോരാട്ടത്തില്‍ മാതാപിതാക്കള്‍ക്ക് ധാര്‍മിക പിന്തുണ നല്‍കിവന്ന ഫ്രാന്‍സിസ് മാര്‍പാപ്പ അതീവ ദുഃഖം രേഖപ്പെടുത്തി. അവന്റെ മാതാപിതാക്കള്‍ക്കായി പ്രാര്‍ഥിക്കുമെന്നും മാര്‍പാപ്പ ട്വിറ്ററിലൂടെ അറിയിച്ചു.

പരിഹരിക്കാന്‍ കഴിയാത്ത രീതിയില്‍ തലച്ചോറിന് തകരാറ് വരുന്ന രോഗമായിരുന്നു ആല്‍ഫിക്ക്. ലിവര്‍പൂളിലെ ആശുപത്രിയില്‍നിന്ന് റോമിലെ ക്ലിനിക്കിലേക്ക് അവനെ മാറ്റാനായിരുന്നു മാതാപിതാക്കളുടെ ശ്രമം. എന്നാല്‍, കോടതിയില്‍ ഇതിനായുള്ള അവസാന അപ്പീലും പരാജയപ്പെടുകയായിരുന്നു.

മാര്‍പാപ്പ പലവട്ടം ഈ വിഷയത്തില്‍ ഇടപെട്ട് സംസാരിക്കുകയും, ആല്‍ഫിയുടെ ജീവന്‍ നിലനിര്‍ത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. പിന്തുണ തേടി ആല്‍ഫിയുടെ മാതാപിതാക്കള്‍ വത്തിക്കാനില്‍ പോയി അദ്ദേഹത്തെ കാണുകയും ചെയ്തിരുന്നതാണ്.

ആല്‍ഫിയുടെ അവസ്ഥയറിഞ്ഞ് വത്തിക്കാന്‍ വരെ ഇടപെട്ട സംഭവത്തില്‍ ആല്‍ഫിക്ക് ഇറ്റലി പൗരത്വം വരെ നല്‍കിയിരുന്നു. ജീവന്‍ നിലനിര്‍ത്താനും തുടര്‍ചികിത്സയ്ക്കുമായി ആല്‍ഫിയെ ഇറ്റലിയിലേക്കു കൊണ്ടുപോകാമെന്ന പ്രതീക്ഷയിലായിരുന്നു മാതാപിതാക്കള്‍. എന്നാല്‍, അപ്പീല്‍ കോടതി ഉത്തരവിനെത്തുടര്‍ന്ന് ജീവന്‍രക്ഷാ ഉപകരണങ്ങള്‍ നീക്കം ചെയ്തതോടെ ആല്‍ഫി യാത്രയായി.

റിപ്പോര്‍ട്ട് : ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക