Image

മതരാഷ്ട്രവാദികള്‍ ഇന്ത്യയെ കീഴടക്കാതിരിക്കാന്‍ ഇടതുപക്ഷം ഉണരണം: ഡോ. എം.എന്‍ കാരശേരി

Published on 01 May, 2018
മതരാഷ്ട്രവാദികള്‍ ഇന്ത്യയെ കീഴടക്കാതിരിക്കാന്‍ ഇടതുപക്ഷം ഉണരണം: ഡോ. എം.എന്‍ കാരശേരി

റിയാദ്: വലതുപക്ഷ മതരാഷ്ട്രവാദികള്‍ ജനാധിപത്യ ഭരണസംവിധാനത്തിലെ ഏറ്റവും വലിയ വെല്ലുവിളിയാണെന്നും അവരുടെ ഭീഷണിയില്‍ നിന്നും ഇന്ത്യയെ രക്ഷിക്കാന്‍ രാജ്യത്തെ ഇടതുപക്ഷ മതേതരരാഷ്ട്രീയ കക്ഷികള്‍ ഇനിയും ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ലെങ്കില്‍ 2019ലെ പൊതുതെരഞ്ഞെടുപ്പോടെ എല്ലാം കൈവിട്ടു പോകുമെന്നും പ്രമുഖ വാഗ്മിയും എഴുത്തുകാരനും ചിന്തകനുമായ ഡോ. എം.എന്‍ കാരശ്ശേരി പറഞ്ഞു. 

റിയാദ് ഇന്ത്യന്‍ ഫ്രണ്ട്ഷിപ്പ് അസോസിയേഷന്‍ (റിഫ) നടത്തിയ വായനാ മത്സരത്തിന്റെ സമാപനച്ചടങ്ങില്‍ പങ്കെടുക്കാനായി റിയാദിലെത്തിയ എം.എന്‍ കാരശേരിക്കായി റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം സംഘടിപ്പിച്ച മീറ്റ് ദി പ്രസ് പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മതജാതി ചിന്തകളിലെ പുഴുക്കുത്തുകള്‍ക്കെതിരെ വിമര്‍ശനമുയര്‍ത്താതെ ജനാധിപത്യത്തിന് നിലനില്‍പ്പില്ല. ലോകം കണ്ടിട്ടുള്ള എല്ലാ പ്രവാചകരും സാമൂഹ്യ പരിഷ്‌കര്‍ത്താക്കളും അതത് കാലഘട്ടങ്ങളില്‍ നിലനിന്ന അനാചാരങ്ങള്‍ക്കും ദുഷിച്ച പ്രവണതകള്‍ക്കുമെതിരെ കലഹിച്ചാണ് ജനഹൃദയങ്ങളില്‍ സ്ഥാനം നേടിയത്. അത് കാലഘട്ടം ആവശ്യപ്പെടുന്നതാണ്. താല്‍ക്കാലികമായ തിരിച്ചടികളും ഭീഷണികളും നേരിട്ടാലും അന്തിമ വിജയം അവര്‍ക്കാണെന്നത് കാലം തെളിയിച്ചതാണ്. സത്യം വിളിച്ചു പറയാനുള്ള അവസരങ്ങള്‍ ഞാന്‍ ഉപയോഗപ്പെടുത്തും. അതിനെതിരെ ആര് ഭീഷണിയുയര്‍ത്തിയാലും. ഭീഷണി ഉയര്‍ത്തുന്നവര്‍ ഭീരുക്കളാണെന്നതാണ് യാഥാര്‍ത്ഥ്യം. രാജ്യത്തിെന്റ നന്‍മക്കായി മനുഷ്യകുലത്തിന്റെ നിലനില്‍പ്പിനായുള്ള സമരത്തില്‍ ആരോടും സഹകരിക്കാമെന്നും അതിന് കൊടിയുടെ നിറം താന്‍ നോക്കാറില്ലെന്നും ഡോ. എം.എന്‍ കാരശേരി റിയാദിലെ മാധ്യമപ്രവര്‍ത്തകരോടായി പറഞ്ഞു.

റിംഫ് പ്രസിഡന്റ് ഉബൈദ് എടവണ്ണ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സെക്രട്ടറി സുലൈമാന്‍ ഊരകം സ്വാഗതം പറഞ്ഞു. റിംഫിന്റെ ഉപഹാരം ഷക്കീബ് കൊളക്കാടന്‍ ഡോ. എം.എന്‍ കാരശേരിക്ക് സമ്മാനിച്ചു. അഫതാബ് റഹ്മാന്‍ പരിപാടിയില്‍ നന്ദി രേഖപ്പെടുത്തി. 

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക