Image

സര്‍ഗ്ഗവേദിയുടെ ഏകദിന ശില്‍പ്പശാല

പീറ്റര്‍ നീണ്ടൂര്‍ Published on 30 June, 2011
സര്‍ഗ്ഗവേദിയുടെ ഏകദിന ശില്‍പ്പശാല
എല്‍മോണ്ടിലുള്ള കേരളാ സെന്ററില്‍ വെച്ച്‌ ജൂണ്‍ 26-ന്‌ നടത്തപ്പെട്ട ഏകദിന ശില്‍പ്പശാല വളരെ വിജ്ഞാനപ്രദവും ചിന്തനീയവുമായിരുന്നു. കേരളത്തിനും കേരളത്തിനു വെളിയിലും കൊച്ചുകൊച്ചു വിവാദങ്ങള്‍ സൃഷ്‌ടിക്കുകയും, തന്റെ അഭിപ്രായങ്ങള്‍ എഴുത്തിലൂടെയും പ്രഭാഷണങ്ങളിലൂടെയും തന്റേടത്തോടെ തുറന്നടിക്കാന്‍ മടിക്കാത്ത പോള്‍ സഖറിയ ആയിരുന്നു മുഖ്യാതിഥി. തികഞ്ഞ ഭാഷാ സ്‌നേഹിയും, മലയാളം സംസാരിക്കാന്‍ കിട്ടുന്ന അവസരങ്ങള്‍ പാഴാക്കാതെ തന്റെ ഭാഷാ സ്‌നേഹം വെളിവാക്കുന്ന, സ്വതന്ത്രമായി ചിന്തിക്കുകയും, ഭാഷയിലുള്ള അഗാധ പാണ്‌ഡിത്യം ലളിതവും, സരളവുമായി കേള്‍വിക്കാരുമായി പങ്കുവെയ്‌ക്കുന്ന ഡോ. എം.വി. പിള്ളയായിരുന്നു സഹപ്രഭാഷകന്‍.

`ബുദ്ധജീവികള്‍ സ്വതന്ത്രരാകണോ?' എന്ന ചോദ്യത്തിന്‌ ഉത്തരം കണ്ടെത്താനുള്ള ശ്രമമായിരുന്നു രാവിലെ നടന്നത്‌. മനോഹര്‍ തോമസ്‌ നിയന്ത്രിച്ച പരിപാടിയില്‍ സഖറിയ അദ്ദേഹത്തിന്റെ ചിന്തകളും കണ്ടെത്തലുകളും ഒരു പ്രബന്ധ രൂപത്തില്‍ അവതരിപ്പിക്കുകയും വിശദമായിത്തന്നെ വിവരിക്കുകയും ചെയ്‌തു.

മണ്‍മറഞ്ഞുപോലെ പ്രഗത്ഭരായ പല എഴുത്തുകാരും സ്വതന്ത്രകേരളത്തിന്റെ മണ്ണിലും, മരങ്ങളിലും വായുവിലും, വെള്ളത്തിലും അലിഞ്ഞുചേര്‍ന്നിട്ടുള്ള പൈതൃക സംസ്‌കാരം വളരുന്നതിനും വികാസം പ്രാപിക്കുന്നതിനും ഉതകത്തക്കവിധം തെറ്റുകളും കുറ്റങ്ങളും ഇല്ലായ്‌മചെയ്‌ത്‌ ഒരു മൂല്യബോധം പകരാന്‍ സൃഷ്‌ടികള്‍ നടത്തുകയും, വാക്കിലും പ്രവര്‍ത്തിയിലും മാതൃകയായിരിക്കാന്‍ ശ്രദ്ധിക്കുമായിരുന്നു. എന്നാല്‍ ഇന്നുള്ള ബുദ്ധിജീവികളെന്നും, പ്രശസ്‌തരെന്നും ജനഹൃദയങ്ങളില്‍ സ്ഥാനം പിടിച്ചിട്ടുള്ളവര്‍ ഏതെങ്കിലും പ്രസ്ഥാനങ്ങളുടേയോ, പ്രത്യയശാസ്‌ത്രത്തിന്റേയോ വക്താക്കള്‍ മാത്രമല്ലേ?

ആള്‍ദൈവങ്ങളുടെ ആവിര്‍ഭാവവും മതമാത്സര്യവും അമിത ശക്തിയിലും വര്‍ണ്ണങ്ങളിലും ആടിത്തിമര്‍ക്കുമ്പോള്‍ ബുദ്ധിജീവികള്‍ എന്ന്‌ സ്വയം അഭിമാനിക്കുകയും വാഴ്‌ത്തപ്പെടുകയും ചെയ്യുന്നവര്‍ വെറും നോക്കുകുത്തികളാവുകയല്ലേ? ഈ നോക്കുകുത്തി സംസ്‌കാരം വെടിഞ്ഞ്‌ ആത്മബന്ധങ്ങളുടേയും ആത്മഭാഷയുടേയും വാക്കുകുത്തികളാകൂ. എങ്കില്‍ മാത്രമേ വ്യഭിചരിക്കപ്പെട്ടിരിക്കുന്ന മലയാളി സംസ്‌കാരം വരുംതലമുറയ്‌ക്കെങ്കിലും പവിത്രങ്ങളാവുകയുള്ളുവെന്ന്‌ തന്നെയാണ്‌ പ്രഭാഷകരുടെ ആഹ്വാനങ്ങളിലും സദസ്യരുടെ അഭിപ്രായങ്ങളിലും മുഴങ്ങിക്കേട്ടത്‌.

ജോണ്‍ ഇളമത, നിര്‍മ്മലാ തോമസ്‌, എം.ടി. ആന്റണി, ഡോ. എന്‍.പി. ഷീല തുടങ്ങി പലരുടേയും അഭിപ്രായ പ്രകടനങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു.

ഭക്ഷണത്തിനുശേഷം വീണ്ടും ഒന്നിച്ചപ്പോള്‍ `മാധ്യമങ്ങള്‍ ആരുടെ പക്ഷത്ത്‌' എന്നതായിരുന്നു വിഷയം. പണ്ട്‌ വിരലില്‍ എണ്ണാവുന്ന മാധ്യമങ്ങള്‍ കേരളമക്കള്‍ക്ക്‌ അറിവുപകര്‍ന്നുകൊടുത്ത നാളുകളില്‍ പത്ര ഉടമകള്‍ക്ക്‌ ജനങ്ങളോട്‌ പ്രതിബദ്ധതയും ക്ഷേമ താത്‌പര്യുവുമുണ്ടായിരുന്നു.എന്നാലിന്ന്‌ അച്ചടിമാധ്യമ മുതലാളിമാരും, ദൃശ്യമാധ്യമ മുതലാളിമാരും തങ്ങളുടേയും തങ്ങള്‍ ഉള്‍പ്പെടുന്ന വിഭാഗങ്ങളുടേയും സ്ഥാപിത താത്‌പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള ചട്ടുകമായി മാധ്യമങ്ങളെ ഉപയോഗിക്കുന്നു. സ്വദേശാഭിമാനി രാമകൃഷ്‌ണപിള്ള കാട്ടിത്തന്ന ധീരവും ശക്തവുമായ പത്രപ്രവര്‍ത്തനം അന്യമായിരിക്കുന്നു. ലാഭേച്ഛമാത്രം കൈമുതലാക്കിയുള്ള ഇന്നത്തെ മാധ്യമ മുതലാളിമാര്‍ ജനങ്ങളെ എങ്ങോട്ടാണ്‌ നയിക്കുന്നത്‌? ഈ പതനത്തിന്‌ ചരിത്രം മാപ്പ്‌ കൊടുക്കുമോ? എന്നു തുടങ്ങി പല കാര്യങ്ങളും വിശകലന വിധേയമാക്കി. കേരളത്തിലെ കാര്യങ്ങള്‍ സഖറിയയും, കേരളത്തിലേയും അമേരിക്കയിലേയും കാര്യങ്ങള്‍ ഡോ. എം.വി. പിള്ളയും, അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തനത്തിന്റെ പരിമിതികളും, പരാധീനതകളും ഇവിടെയുള്ള പ്രസ്‌ ക്ലബ്‌ ഭാരവാഹികളും വിവരിച്ചു.

ഇന്ത്യാ എബ്രോഡിനും, മലയാളം പത്രത്തിനുംവേണ്ടി ജോര്‍ജ്‌ ജോസഫ്‌, ആത്മാര്‍ത്ഥമായ പത്രപ്രവര്‍ത്തനത്തിന്റെ ഫലമായി ഇന്നദ്ദേഹം നേരിടുന്ന നിയമ പ്രശ്‌നങ്ങള്‍ വിശദമാക്കി. മലയാളം പത്രത്തിന്റെ എഡിറ്റര്‍ ടാജ്‌ മാത്യു, പത്രപ്രവര്‍ത്തിന്റെ എത്തിക്‌സ്‌ പൂര്‍ണ്ണമായി പ്രായോഗികതയിലെത്തിക്കാന്‍ സാധിക്കുന്നില്ലെന്ന്‌ തുറന്നു സമ്മതിച്ചു. `പള്ളികൃഷി' എന്ന വാക്ക്‌ ശ്രീ മനോഹരതില്‍ നിന്ന്‌ കടമെടുത്തുകൊണ്ട്‌ അമേരിക്കയിലേയും പ്രത്യേകിച്ച്‌ സ്റ്റാറ്റന്‍ഐലന്റിലും പടരുന്ന `പള്ളികൃഷി' എന്ന സാമുദായിക പകര്‍ച്ച വ്യാധിയുടെ അപകടകരമായ വശങ്ങളെ ഹാസ്യത്തില്‍ ചാലിച്ച്‌ കൈരളി ടിവി ഡയറക്‌ടര്‍ ജോസ്‌ കാടാപ്പുറം അവതരിപ്പിച്ചു. അതുപോലെ ജോസ്‌ തയ്യില്‍ ഇരുപത്തഞ്ച്‌ വര്‍ഷത്തിലധികം അമേരിക്കയില്‍ പത്രം നടത്തിയതിന്റെ അനുഭവങ്ങള്‍ വിവരിച്ചു.

നിശിതവും വിശദവുമായി അവതരിപ്പിക്കപ്പെട്ട രണ്ടു വിഷയങ്ങളുടേയും അവഗാഹാനുഭവം അമ്പലപ്പുഴ പാല്‍പ്പായസത്തിനു തുല്യമായിരുന്നു എന്നു തോന്നി. ഇതില്‍ പങ്കെടുക്കാന്‍ കഴിഞ്ഞത്‌ മഹാഭാഗ്യമായി ഞാന്‍ കാണുന്നു. പോയില്ലെങ്കില്‍ നഷ്‌ടമായേനെ.
സര്‍ഗ്ഗവേദിയുടെ ഏകദിന ശില്‍പ്പശാല
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക