Image

'വിദേശ വനിതയുടെ സംസ്‌കാര ചടങ്ങുകള്‍ക്കിടെ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍

Published on 03 May, 2018
'വിദേശ വനിതയുടെ  സംസ്‌കാര ചടങ്ങുകള്‍ക്കിടെ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍

തിരുവല്ലത്ത്‌ കൊല്ലപ്പെട്ട വിദേശ വനിതയുടെ മൃതദേഹം ദഹിപ്പിക്കരുതെന്ന്‌ മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്‌. തിരുവനന്തപുരം ശാന്തികവാടത്തില്‍ സംസ്‌കാരചടങ്ങുകള്‍ പുരോഗമിക്കുന്നതിനിടെയാണ്‌ മനുഷ്യവകാശ കമ്മീഷന്റെ ഉത്തരവ്‌.

കേസില്‍ ദുരൂഹത നിലനില്‍ക്കുന്നതിനാലാണ്‌ കമ്മീഷന്റെ ഇടപെടല്‍. ദഹിപ്പിക്കുന്നതിന്‌ പകരം മൃതദേഹം മറവ്‌ ചെയ്‌താല്‍ മതിയെന്നാണ്‌ കമ്മീഷന്‍ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുള്ളത്‌. എന്നാല്‍ ഇത്‌ സംബന്ധിച്ച ഉത്തരവിന്റെ പകര്‍പ്പ്‌ കൈമാറിയിട്ടില്ല. ബിജെപി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ്‌ കമ്മീഷന്റെ ഉത്തരവ്‌. രണ്ടാഴ്‌ച്ചയ്‌ക്കകം റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ നിര്‍ദേശം നല്‍കി.

എന്നാല്‍ വൈകുന്നേരം 4:45 ഓടെ ഇവരുടെ മൃതദേഹം ശാന്തികവാടത്തില്‍ തന്നെ സംസ്‌കരിച്ചു.

തിരുവല്ലത്ത്‌ കണ്ടല്‍കാട്ടില്‍ വിദേശവനിതയെ ബലാത്സംഗം ചെയ്‌ത്‌ കൊലപ്പെടുത്തിയ കേസില്‍ കോവളം വാഴമുട്ടം പനത്തുറ സ്വദേശികളായ ഉമേഷ്‌, ഉദയന്‍ എന്നിവരെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തിരുന്നു.

കൊലപാതകവും ബലാത്സംഗം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ്‌ അറസ്റ്റ്‌. വിദേശ വനിത പീഡനത്തിന്‌ ഇരയായതായി സ്ഥിരീകരിക്കുന്ന രാസപരിശോധനാഫലം പുറത്തുവന്നു. മുടിയിഴകളും വിരലടയാളവും പ്രതികളുടേതെന്നു സ്ഥിരീകരിച്ചിട്ടുണ്ട്‌. ബോട്ടിങ്ങ്‌ നടത്താനെന്ന പേരിലാണു വിദേശ വനിതയെ ഇവിടേക്കെത്തിച്ചതെന്നു പ്രതികളിലൊരാള്‍ സമ്മതിച്ചതായി പൊലീസ്‌ അറിയിച്ചിരുന്നു.

കണ്ടല്‍ക്കാട്ടിലെത്തിയ ശേഷം വിദേശ വനിതയെ ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. ഇതിനിടെയാണ്‌ ഇവര്‍ മരിച്ചതെന്നും പൊലീസ്‌ വെളിപ്പെടുത്തി. വിദേശ വനിതയെ മാര്‍ച്ച്‌ 14നാണ്‌ പ്രതികള്‍ ചേര്‍ന്നു കൊലപ്പെടുത്തിയത്‌. ഇരയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധനഫലം ഇന്ന്‌ രാവിലെ പോലീസിനു ലഭിച്ചിരുന്നു.

ഉദയന്‍ ഗൈഡാണെന്നും ഇയാളാണ്‌ വിദേശ വനിതയെ വാഴമുട്ടത്തു കൊണ്ടുവന്നതെന്നും പോലീസ്‌ പറഞ്ഞു. ഉമേഷാണ്‌ കേസിലെ ഒന്നാം പ്രതി. ഇയാള്‍ മറ്റ്‌ സ്‌ത്രീകളെയും കുട്ടികളെയും പീഡിപ്പിച്ചിരുന്നുവെന്നും പോലീസ്‌ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക