Image

വാക്കുകള്‍ ശ്വസിക്കപ്പെടേണ്ടത് (ഷിജി അലക്‌സ്)

Published on 03 May, 2018
വാക്കുകള്‍ ശ്വസിക്കപ്പെടേണ്ടത് (ഷിജി അലക്‌സ്)
ഈ അടുത്ത സമയത്ത് ജോലി കഴിഞ്ഞ് വീട്ടില്‍ എത്തിയപ്പോള്‍ അച്ഛനും അമ്മയും ഇല്ലാത്ത ഒരു കത്ത് കിട്ടി. അത് വായിച്ചിരുന്നപ്പോള്‍ വായനയെപ്പറ്റി ഞാന്‍ ചിന്തിച്ചുപോയി. എന്നാണ് ഞാന്‍ വായന തുടങ്ങിയത്. ഓര്‍മ്മയില്ല. എന്നാല്‍ അത് ചിത്രകഥകളിലൂടെയും, ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പുസ്തകങ്ങളിലൂടെയും വളരാന്‍ തുടങ്ങി. 1985- 1990 കാലഘട്ടം എന്റെ വായനയുടെ സുവര്‍ണ്ണകാലമെന്നു പറയാം. കേരളാ കൗമുദിയുടെ പത്രാധിപ കോളം, വാരാന്ത്യപ്പതിപ്പ്, മാതൃഭൂമിയുടെ ഓണം വിശേഷാല്‍ പതിപ്പുകള്‍, നോവലുകള്‍, കഥകള്‍, കവിതകള്‍, ലേഖനങ്ങള്‍, നിരൂപണങ്ങള്‍, വേദഗ്രന്ഥങ്ങള്‍, മതപരമായ പുസ്തകങ്ങള്‍. എന്തും ഏതും ആര്‍ത്തിയോടെ വായിച്ചു.

ഓരോ വാക്കുകളും ശ്യസിക്കുന്നവയായിരുന്നു. മുണ്ടശേരിയും പനമ്പള്ളിയും നടത്തിയ വാക്പയറ്റിന്റെ കഥകള്‍. അഴീക്കോട് മാഷും സാനു മാഷും ജസ്റ്റീസ് കൃഷ്ണയ്യരും, എം.എന്‍ ഗോവിന്ദന്‍ നായര്‍, പി. ഗോവിന്ദപ്പിള്ള ഇവരൊക്കെ പത്രങ്ങളെ സമ്പന്നമാക്കിയിരുന്ന കാലം. വിദ്യാഭ്യാസം പൂര്‍ത്തിയാക്കുക മാത്രമല്ല മറിച്ച് വായനയിലൂടെ ചിന്താശേഷി വര്‍ദ്ധിക്കുന്നു. മാനവഹൃദയങ്ങളില്‍ മതിക്കാനാവാത്ത മൂല്യങ്ങള്‍ നിറയ്ക്കുന്നു. പുസ്തകങ്ങളിലൂടെ നാം അപരിചിതമായ ഗ്രാമങ്ങളെ പരിചിതമാക്കി മാറ്റുന്നു. തീവ്രമായ മനുഷ്യബന്ധങ്ങള്‍ പ്രക്ഷുബ്ദമായ സാഹചര്യങ്ങള്‍, കലഹം, പ്രണയം, വിരഹം, നൊമ്പരം ഇവയെല്ലാം അക്ഷരങ്ങളിലൂടെ നാം അനുഭവിക്കുന്നു. പുസ്തകത്താളുകളില്‍ നാം കണ്ടുമുട്ടുന്ന വ്യക്തികള്‍, സമൂഹത്തെ അവര്‍ പ്രോത്സാഹിപ്പിക്കുന്ന രീതികള്‍ ഒക്കെ നമ്മെയും സ്വാധീനിക്കും. പ്രപഞ്ചസത്യങ്ങളുടെ സൂക്ഷ്മപഠനം നാം ശാസ്ത്ര പുസ്തകങ്ങളില്‍ തേടുന്നു. ചില കഥാപാത്രങ്ങള്‍ മനസ്സിന്റെ ശക്തിയും കര്‍മ്മോന്മുഖമായ ചിന്തകളും കൊണ്ട് മുഖ്യധാരയിലേക്ക് വരുന്നത് നാം വായിക്കുന്നു.

സ്വഭാവരൂപീകരണത്തില്‍ വായനയ്ക്ക് നല്ല പങ്കുണ്ട്. നമ്മുടെ ജീവിതം എങ്ങനെയെങ്കിലും ജീവിച്ച് തീര്‍ത്താല്‍ മതിയോ? അരോ പുനരാവര്‍ത്തനം ചെയ്യാനായി എന്തെങ്കിലും അവശേഷിപ്പിച്ച് പോകാനാകുമോ എന്നു ചിന്തിക്കണം. കഥ പറയാനായി ജീവിച്ചിരിക്കുക എന്ന് മാര്‍ക്കസ് തന്റെ ആത്മകഥയ്ക്ക് പേരിട്ടിരുന്നു. ഒരു പൂവിനെപ്പോലെ എങ്ങനെ ജീവിക്കാമെന്നു ഗീത പഠിപ്പിക്കുന്നു. മറ്റുള്ളവര്‍ക്കുവേണ്ടി സുഗന്ധം മുഴുവന്‍ പകര്‍ന്നുകൊടുത്തിട്ട് തന്റെ കാലം കഴിയുമ്പോള്‍ താനെ കൊഴിയുന്ന പൂവ്. കശക്കിയെറിയുന്നവന്റെ കൈയ്യിലും സുഗന്ധം അവശേഷിപ്പിക്കാന്‍ ആ പൂവിനെ മാത്രമേ കഴിയൂ. എത്ര ഉദാത്തമായ ചിത്രം. ഓരോ വാക്കും ശ്യസിക്കപ്പെടേണ്ടതാണ്. പക്ഷെ ഇന്നത്തെ ചില വാക്കുകള്‍ കയ്ചിട്ട് വിഴുങ്ങുവാന്‍ പോലും ആവാത്തതാണ്. പക്ഷെ പ്രതീക്ഷ കൈവിടുന്നില്ല. നല്ല വായനകള്‍ തുടരും. നഷ്ടചിന്തകള്‍, നന്മയുള്ള മനസ് ആ വാക്കുകള്‍ കൂര്‍ത്ത മുനയുള്ളതല്ല. മറിച്ച് ബന്ധങ്ങളെ, ഹൃദയങ്ങളെ കൂട്ടിയിണക്കുന്നവയാണ്. ലെവിസ് കരോള്‍ പറയുന്നപോലെ
"പോരായ്മയെ ശക്തിയാക്കി മാറ്റുംവരെ, ഇരുട്ടിനെ വെളിച്ചമാക്കി മാറ്റുംവരെ, തെറ്റിനെ ശരിയാക്കി മാറ്റുംവരെ ആഗ്രഹങ്ങളും സ്വപ്നങ്ങളുമെല്ലാം ചിന്തയുടെ രാത്രികളില്‍ ശമിപ്പിക്കുക.'

അതിവേഗം വാര്‍ത്താവിനിമയം നടക്കുന്ന ഈ കാലത്ത്, വിവരം വിരല്‍തുമ്പില്‍ ലഭിക്കുന്ന ഈ കാലഘട്ടത്തില്‍ പുസ്തകങ്ങളുടെ പ്രസക്തി എന്ത് എന്ന് ചിന്തിക്കുന്നവരുണ്ടാകാം. പക്ഷെ എഴുത്തിന്റേയും വായനയൂടേയും അനുഭൂതിയുടെ ഇന്ദ്രജാലം തീര്‍ക്കാന്‍ ഒരു സാങ്കേതികവിദ്യയ്ക്കും ആവില്ല എന്നു ഞാന്‍ കരുതുന്നു. സങ്കടത്തിലും സന്തോഷത്തിലും പുസ്തകങ്ങള്‍ നമ്മുടെ സുഹൃത്തുക്കളാവട്ടെ. നേരുനിറഞ്ഞ വായനകള്‍ നമ്മുടെ സമൂഹത്തെ വളര്‍ച്ചയിലേക്ക് നയിക്കും. ഉച്ഛരിക്കപ്പെടുന്ന, എഴുതപ്പെടുന്ന ഓരോ വാക്കും നമുക്ക് ശ്യസിക്കാനുതകുന്നതാകട്ടെ.

ഷിജി അലക്‌സ്,
ചിക്കാഗോ.
Join WhatsApp News
Joseph 2018-05-03 22:28:30
ശ്രീമതി ഷിജി അലക്സിന്റെ വളരെ ആശയപുഷ്ടി നിറഞ്ഞ ഒരു ലേഖനമാണ് ഇത്. എന്റെ അഭിനന്ദനങ്ങൾ. നല്ല സന്ദേശവും നൽകുന്നുണ്ട്. എന്നാൽ ടൈറ്റിലിൽ കൊടുത്തിരിക്കുന്ന 'ശ്യസിക്കപ്പെടേണ്ടത്' വാക്ക് ഡിഷ്ണറിയിലോ മറ്റു ഒരു പ്രസിദ്ധീകരണങ്ങളിലോ കാണുന്നില്ല. ഗൂഗിളിൽ സേർച്ച് ചെയ്തപ്പോൾ 'ഇമലയാളി' മാത്രം ആ വാക്ക് പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാളത്തിൽ പുതിയതായി ധാരാളം വാക്കുകളുണ്ടായിട്ടുണ്ട്. 'ശ്യസിക്കപ്പെടേണ്ട' എന്ന ഈ വാക്ക് ലേഖനത്തിൽ പല ഭാഗത്തും ഉപയോഗിച്ചിരിക്കുന്നു. ഈ വാക്ക് പ്രയോഗത്തിലുള്ളതെങ്കിൽ എന്റെ പ്രതികരണം കാര്യമാക്കേണ്ട.!!!    
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക