Image

അമ്മ ഭവനത്തിലെ സ്‌നേഹദീപം-(ഭാഗം:1- തോമസ് ഫിലിപ്പ് പാറയ്ക്കമണ്ണില്‍ റാന്നി)

തോമസ് ഫിലിപ്പ് പാറയ്ക്കമണ്ണില്‍ റാന്നി Published on 05 May, 2018
അമ്മ ഭവനത്തിലെ സ്‌നേഹദീപം-(ഭാഗം:1- തോമസ് ഫിലിപ്പ് പാറയ്ക്കമണ്ണില്‍ റാന്നി)
അമേരിക്കന്‍ ജനത ആദരവോടു കൂടി അമ്മമാരെ ഓര്‍ക്കുകയും അത്ഭുതകരമായ അവരുടെ സ്‌നേഹത്തിന് മക്കള്‍ നന്ദിയും പാരിതോഷികങ്ങളുമൊക്കെ നല്‍കി പരസ്പരമായി സന്തോഷം പങ്കുകൊള്ളുന്ന സുന്ദരസുദിനമാകുന്നു മെയ് 13 ലെ മദേഴ്‌സ് ഡേ. പല ലോകരാഷ്ട്രങ്ങളും മദേഴ്‌സ് ഡേ ആഘോഷിക്കുന്നു. ഇംഗ്ലണ്ടില്‍ 'Mothering Day' ആയി ഇതാ ആഘോഷിക്കപ്പെടുന്നു. പുരാതനകാലം മുതല്‍ ആര്‍ഷ ഭാരതവും മാന്യവും ആദരണീയവുമായ ഒരു സ്ഥാനമാണ് മാതാവിന് നല്‍കപ്പെട്ടുപോരുന്നത്. വിശ്രുതമായ മഹാഭാരത യുദ്ധത്തിന് പോകുന്നതിന് മുമ്പായി ദുര്യോധനന്‍ മാതാവായ ഗാന്ധാരിയുടെ സമീപത്തെത്തി അനുഗ്രഹം ചോദിക്കുന്ന സംഭവം മാനവരാശിയ്ക്ക് മുഴുവന്‍ മാതൃകയാണ്.

അമ്മ എത്ര പ്രിയങ്കരവും മധുരമനോഹരവുമായ ശബ്ദം! ദൈവം കഴിഞ്ഞാല്‍ ഭൂമിയില്‍ നിസ്വാര്‍ത്ഥമായ സ്‌നേഹത്തിന്റെ ഉറവിടമായി, പ്രകാശകേദാരമായി, മക്കള്‍ക്കും കൊച്ചുമക്കള്‍ക്കും മറ്റു കുടുംബാംഗങ്ങള്‍ക്കും സ്വാന്തനവും ആശ്വാസവും ആനന്ദവും പ്രദാനം ചെയ്തു കൊണ്ടിരിക്കുന്ന അമ്മയെപ്പോലെ ആരാധ്യയായ മറ്റൊരു സ്‌നേഹവും ലോകത്തില്‍ ഇല്ല! അത്രയ്ക്ക് അതുല്യ സുന്ദരവും പരിശുദ്ധവുമാകുന്നു അമ്മ എന്നുള്ള ആ പദം!

ഇന്നേക്ക് 33 വര്‍ഷങ്ങള്‍ക്ക് മുമ്പായി 1985 ഒക്ടോബര്‍ 30ന് കങ്ങഴ എം.ജി.ഡി.എം. ആശുപത്രിയില്‍ വച്ച് അന്തരിച്ച എന്റെ മാതാവിന്റെ ത്യാഗസുന്ദരഭിലമായ  ജീവിതത്തെയും സ്‌നേഹത്തെയും കരുതലിനെയുമൊക്കെ മക്കള്‍ക്കാര്‍ക്കും മറക്കാവുന്നതല്ല. ഹോസ്പിറ്റലിലെ  കുളിമുറിയിലേക്ക് ചുമയുള്ള ഞാന്‍ കുളിക്കാന്‍ പോകുന്ന വിവരം മനസ്സിലാക്കിയ എന്റെ മാതാവ് മരിക്കുന്ന ദിവസവും എന്നെ വിളിച്ച് ചൂടുവെള്ളത്തിലേ കുളിക്കാവൂ എന്ന് ഉപദേശിച്ച സ്‌നേഹനിധിയായിരുന്ന ആ അമ്മയുടെ മക്കളെപ്പറ്റിയുള്ള കരുതലിനെ ആശ്ചര്യത്തോടു കൂടിയാണ് ഞാന്‍ ഇന്നും ഓര്‍ക്കുന്നത്. എന്റെ മാതാവിനെ ശരിയായി അറിയാവുന്ന ഒരു വൈദികന്‍ അമ്മയുടെ ശവസംസ്‌ക്കാരത്തിനു ശേഷം എന്നോട് ഇങ്ങനെ പറഞ്ഞു 'Your mother was a wonderful Lady' എന്ന്. എന്റെ മാതാവ് മരിക്കുന്ന ദിവസം മരണക്കിടക്കയുടെ ചുറ്റുമായി ദുഃഖാകുലരായി നിന്ന മക്കളോടും മരുമക്കളോടും മറ്റു കുടുംബാംഗങ്ങളോടുമായി സുബോധത്തോടുകൂടി ഭക്തയായി ജീവിച്ച ആ സാദ്ധ്വി പറഞ്ഞു എന്നെപ്പറ്റി നിങ്ങള്‍ ദുഃഖിക്കേണ്ട; ഞാന്‍ നഷ്ടപ്പെടുകയില്ല. അക്കരനാട്ടില്‍ വെച്ച് നമുക്ക് വീണ്ടും കാണാമെന്നുള്ള അചഞ്ചലമായ പ്രത്യാശയിലും വിശ്വാസത്തിലും ശ്രേഷ്ഠമായ ക്രിസ്തീയ ജീവിതം നയിച്ച് കടന്നുപോയ ആ ധന്യശീലയായിരുന്ന മാതാവിന്റെ ജീവിതം മക്കളായ ഞങ്ങള്‍ 6 പുത്രന്മാരെയും ഏക പുത്രിയെ സംബന്ധിച്ചും ഒരിക്കലും മറക്കാനാവാത്ത ഉല്‍കൃഷ്ട സ്‌നേഹത്തിന്റെ മഹനീയ മാതൃകയാണ് മരിക്കുവോളവും.

എന്റെ അമ്മ മാത്രമല്ല, പ്രായേണ എല്ലാ അമ്മമാരും ഉമ്മമാരും അവരുടെ മക്കളെ ജീവനുല്യം സ്‌നേഹിച്ച് പോറ്റിപ്പുലര്‍ത്തിയവരും, പോറ്റിപ്പുലര്‍ത്തുന്നവരും തന്നെയാകുന്നു. പാശ്ചാത്യ രാജ്യങ്ങളില്‍ മാത്രമാകുന്നു മാതാപിതാക്കളും മക്കളുമായിട്ടും ഭാര്യയും ഭര്‍ത്താവുമായിട്ടുള്ളതുമായ പവിത്ര ബന്ധങ്ങള്‍ക്ക് യാതൊരു മൂല്യവും മാന്യതയും ഇല്ലാതായിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ മുമ്പുണ്ടായിരുന്ന മനുഷ്യബന്ധങ്ങള്‍ക്കും ധാര്‍മ്മികമൂല്യങ്ങള്‍ക്കുമൊക്കെ ഗണ്യമായ മാറ്റങ്ങളും തകര്‍ച്ചയുമാണ് ഇന്ന് കേരളത്തിലും ഇന്‍ഡ്യയിലും സംഭവിച്ചുകൊണ്ടിരിക്കുന്നത്. അമ്മയുടെയും അപ്പന്റെയും വിലയും മാന്യതയും ആദരവുകളും ഇന്ന് ദയനീയമാം വിധം ഇടിഞ്ഞു പോയിരിക്കുന്നു! എത്ര അപ്പനന്മാര്‍ മക്കളാലിന്ന് കൊല്ലപ്പെടുന്നു!

(തുടരും)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക