Image

ഈ.മ.യൗ, ശവം: ഈ വിവാദം എന്തിനു വേണ്ടി? മരണ വീട് എല്ലാം ഒരു പോലെയല്ലെ?

Published on 05 May, 2018
ഈ.മ.യൗ, ശവം:  ഈ വിവാദം എന്തിനു വേണ്ടി? മരണ വീട് എല്ലാം ഒരു പോലെയല്ലെ?
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ഈ.മ.യൗ, ശവം എന്ന സിനിമയുടെ പകര്‍പ്പാണെന്ന് ആക്ഷേപം. 2015 ല്‍ പുറത്തിറങ്ങിയ ശവം സംവിധായകന്‍ ഡോണ്‍ പാലത്തറയുടെ കുറിപ്പ്

ശവവുമായി സാമ്യം ഉണ്ടെന്ന് ട്രെയ്‌ലറുകള്‍ കഴിഞ്ഞ വര്ഷം ഒടുവില്‍ വന്നപ്പോള്‍ മുതലേ പലരും സൂചിപ്പിച്ചതിനാല്‍ റിലീസ് ദിവസം തന്നെ ഈ.മാ.യൗ പോയി കണ്ടു. ഒരു മരണ വീട് തന്നെ പശ്ചാത്തലം, കാണിക്കുന്നത് ഒരു രാത്രിയും പകലും തന്നെ. ശവത്തില്‍ ഒരു കേന്ദ്ര കഥാപാത്രമോ ഒരു overarching കഥയോ ഒഴിവാക്കിയിരുന്നത് ഈ.മ.യൗവില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

ശവത്തില്‍, ചിക്കന്‍ കറി കന്യാസ്ത്രീയ്ക്ക് എടുത്ത് കൊടുത്തേക്കാന്‍ അമ്മച്ചി പറയുന്നെങ്കില്‍ ഈമായൗവില്‍ താറാവ് കറി കറുത്ത-മോളിക്ക് കൊടുത്തേക്കാന്‍ മകന്‍ പറയുന്നു. ശവത്തില്‍ പത്രക്കാരനോട് നേരിട്ട് വാര്‍ത്തയുടെയും ഫോട്ടോയുടെയും കാര്യം പറയുന്നെങ്കില്‍ ഈമായൗവില്‍ അതൊക്കെ ഫോണില്‍ കൂടി പറയുന്നു. ശവത്തില്‍ മരിച്ചയാളുടെ കാമുകി വരുന്നു, അത് ആളുകള്‍ വലിയ വിഷയമാക്കുന്നില്ല. ഈ.മ.യൗ.വില്‍ മരിച്ചയാളുടെ കാമുകിയും മകനും വരുന്നു, അതൊരു പ്ലോട്ട്പോയിന്റ് ആകുന്നു.

ശവത്തില്‍ ഒരു പട്ടിയുണ്ട്, ഈമായൗവില്‍ ഒരു പട്ടിയും താറാവും ഉണ്ട്. ശവത്തില്‍ മലയോരഗ്രാമവും സുറിയാനി ക്രിസ്ത്യന്‍സും ആണ്, ഈമായൗവില്‍ ലാറ്റിന്‍ ക്രിസ്ത്യന്‍സും തീരദേശവുമാണ്. ശവത്തില്‍ Cinéma vérité ശൈലി ആണ് സ്വീകരിച്ചിരിക്കുന്നത് ഈമായൗവില്‍ മാജിക്കല്‍ റിയലിസമൊക്കെ ഉണ്ട്. ഇക്കാര്യങ്ങളാല്‍ തന്നെ ഈമായൗ ശവമല്ല.

സതീഷ് ബാബുവിന്റെ കുറിപ്പ് വായിക്കാം

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഈ_മ_യൗ കണ്ടു. ചില നിരീക്ഷണങ്ങള്‍

ലിജോ... താങ്കള്‍ ചെയ്തത് ഒരു ക്രൂരതയാണ്.

പി.എഫ് മാത്യൂസ്... താങ്കളോടെനിക്ക് ലജ്ജ തോന്നുന്നു... !

ലിജോ എന്ന സംവിധായകനെ ഒരുപാടിഷ്ടപ്പെടാന്‍ കാരണമായത് ' ആമേന്‍' ആയിരുന്നു .പി.എസ് റഫീഖിന്റെ തിരക്കഥയില്‍ നല്ല അസ്സല്‍ മാജിക്കല്‍ റിയലിസം പകരം വെക്കാനാകാത്ത വിധം പകര്‍ത്തിയ താങ്കളിലെ പ്രതിഭയെ എനിക്ക് വളരെയേറെ ഇഷ്ടവുമാണ്. മാത്രവുമല്ല, പ്രേക്ഷകര്‍ക്കിഷ്ടപെടുന്ന ചിത്രങ്ങള്‍ ചെയ്യുക എന്നതിന് പകരം താനിഷ്ടപ്പെടുന്ന തരം ചിത്രങ്ങളെ പ്രേക്ഷകരെ കൊണ്ട് അംഗീകരിപ്പിക്കുക എന്ന താങ്കളുടെ നയത്തേയും ഞാന്‍ ബഹുമാനിക്കുന്നു... സ്നേഹിക്കുന്നു.

പി.എഫ് മാത്യുസെന്ന കഥാകൃത്തിനേയും തിരക്കഥാകാരനേയും എനിക്ക് ഇതിനേക്കാളപ്പുറം ഇഷ്ടമാണ് .

ഇതൊക്കെ പറയുമ്പോഴും ഈ.മ.യൗ എന്ന ചിത്രം രണ്ട് പേരിലുമുള്ള ഭാവനാസമ്പന്നതക്കു പകരം ഭാവനാ ദാരിദ്യമാണ് പ്രതിനിധാനം ചെയ്യുന്നതെന്ന് തുറന്ന് പറയേണ്ടി വരുന്നതില്‍ ഖേദമുണ്ട്. അത് പറഞ്ഞില്ലെങ്കില്‍ മറ്റൊരു കലാകാരനോട് ചെയ്യുന്ന അനീതിയായ് പോവും

ഡോണ്‍ പാലത്തറ 2015ല്‍ ചെയ്ത ശവം എന്ന ചിത്രവുമായ് ഈമയൗ വിനുള്ള സാമ്യം ഒരു മലയോരവും കടലോരവും ബ്ലാക്ക ആന്റ് വെറ്റും കളറും തമ്മിലുള്ള അന്തരം മാത്രമാണ്. അല്ലാതെ കടലും കടലാടിയും തമ്മിലുള്ള അന്തരമല്ല..!

സമ്മതിക്കുന്നു. ഒരു കഥയുണ്ട്, കഥാപാത്രങ്ങള്‍ക്കെല്ലാം പേരുമുണ്ട്. ശവത്തില്‍ ഇതൊന്നുമില്ല താനും. ഇതെക്കുറിച്ച് ഞാന്‍ മുന്‍പ് എഴുതിയ ഒരു കുറിപ്പിന്റെ ലിങ്ക് ഇതാ. അത് വായിച്ചിട്ട് നിങ്ങളൊന്നു ഈമയൗ കണ്ടാല്‍ എന്റെയീ പോസ്റ്റിന്റെ ഉദ്ദേശ്യം മനസ്സിലാവും..

ഏത് കലാകാരനും മറ്റൊരു കലാകാരന്റെ ചിന്താപദ്ധതികളുമായ് സാമ്യമുണ്ടാവുക സ്വാഭാവികമാണ് എന്നതൊരു സാദ്ധ്യതയായതിനാല്‍ കഥ നമുക്ക് മാറ്റിവെക്കാം .

എന്നാല്‍ അവതരണ രീതിയോ ..?

അത് അതേ പോലെ മറ്റൊന്നിന്റെ സാദൃശ്യമുള്ള ഒരു ചിത്രത്തിന്റെതാകുമ്പോള്‍ ചുരുങ്ങിയ പക്ഷം ചെറിയ മാറ്റങ്ങളെങ്കിലും വരുത്തേണ്ടതല്ലേ ..? അതൊക്കെ പോട്ടെ, ക്യാമറയുടെ ചലനങ്ങളും സഞ്ചാരവും പോലും ശവത്തിന്റെ അതേ രീതിയില്‍. ഷൈജു ഖാലിദിനെ ഞാനെവിടെയും കണ്ടിട്ടില്ല, പ്രതാപ് ജോസഫി (ശവത്തിന്റെ ക്യാമറാമാന്‍ ) നെയല്ലാതെ.!

ഞാനറിഞ്ഞിടത്തോളം പി എഫ് മാത്യൂസ് ശവം കാണുകയും അതേപ്പറ്റി കുറിപ്പെഴുതുകയും ചെയ്തിട്ടുണ്ട് മുമ്പ്. എന്നിട്ട് പോലും ഏതാണ്ട് സമാനമായ ഒരു ചിത്രം ഉണ്ടാക്കിയിട്ട് അതിന് മേല്‍ കോണ്‍സപ്റ്റ് ആന്റ് സ്‌ക്രിപ്റ്റ് എന്ന് പേരെഴുതിവെക്കാന്‍ എങ്ങനെ തോന്നുന്നു..? ' ശവം ' കണ്ട ഞങ്ങള്‍ നാലഞ്ചു പേര്‍ ഇന്നാ ചിത്രവും പരാമര്‍ശവിധേയമായ ചിത്രവും കണ്ട് അന്തം വിട്ട് കുന്തം വിഴുങ്ങി നിന്നു പോയത് കൊണ്ടാണ് ഇത്രയും പറയുന്നത്.. ഇത് അനീതിയാണ്

നിങ്ങള്‍ ഡോണ്‍ പാലത്തറയോട് നന്ദിയോ കടപ്പാടോ ഒന്നും കാണിച്ചില്ലെങ്കിലും ഒരു ഹായ് എങ്കിലും പറയുക. കടം വാങ്ങിയും പിരിവെടുത്തും വയര്‍ മുറുക്കിയും വിയര്‍പ്പൊഴുക്കി സിനിമ പടച്ചുണ്ടാക്കുന്ന അദ്ദേഹത്തെ പോലുള്ള കലാകാരന്‍മാര്‍ക്ക് ആ 'വിഷ്' പോലും ഒരു ഊര്‍ജ്ജ മോ പ്രചോദനമോ ആയേക്കും.

തന്റെ സിനിമയില്‍ നിന്ന് പ്രചോദനമുള്‍കൊണ്ട് മറ്റൊരു കൊമേഴ്സ്യല്‍ സിനിമയുണ്ടായതില്‍ അദ്ദേഹത്തെ പോലെയുള്ള പരീക്ഷണ- സ്വതന്ത്ര സിനിമാ സംവിധായകര്‍ക്ക് അഭിമാനിക്കാനും വഴിയുണ്ട്. പക്ഷേ നിങ്ങളുടെ ഷര്‍ട്ട് ഞാനെടുത്തണിഞ്ഞിട്ട് ഗമയില്‍, ഇത് തയ്ച്ചത് ഞാന്‍ തന്നെയാണെന്ന് മറ്റാരോട് പറഞ്ഞാലും നിങ്ങളോട് പറയാതിരിക്കാനുള്ള സൗമനസ്യമെങ്കിലും ( അല്ലാതെ മാന്യതയല്ല ) ഞാന്‍ കാണിക്കണം ..!

NB : ഈമയൗ മികച്ച ഒരനുഭവം തന്നെയാണ് പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്. തീര്‍ച്ചയായും കാശു മുടക്കി കാണാവുന്ന ചിത്രo

(എന്നാലും എന്റെ ലിജോ .. മാത്യൂസ് ...! )

ബെന്യാമിന്റെ കുറിപ്പ്

'ലാറ്റിനമേരിക്കന്‍ എഴുത്തുകാരി മരിയ അമ്പാരോ എസ്‌കാന്‍ഡന്‍ ഒരിക്കല്‍ കേരളത്തിലെത്തിയപ്പോള്‍ പറഞ്ഞത് അങ്ങ് ലാറ്റിന്‍ അമേരിക്കയില്‍ മാത്രമല്ല ഇവിടെ കേരളത്തിലുമുണ്ട് മാജിക്കല്‍ റിയലിസം എന്നാണ്. ആനയും കാളവണ്ടിയും പാമ്പാട്ടിയും മെര്‍സ്സിഡസ് കാറും ഒന്നിച്ചു പോകുന്ന വഴികള്‍ ഒരു വിദേശിയെ സംബന്ധിച്ചിടത്തോളം ഒരു മാജിക്കല്‍ റിയലിസം തന്നെ പക്ഷേ അത് കഥയിലേക്ക് കൊണ്ടുവരാന്‍ നിങ്ങള്‍ക്ക് കഴിയണം എന്നുമാത്രം എന്നും അവര്‍ പറഞ്ഞു. ലാറ്റിന്‍ അമേരിക്കന്‍ ജീവിതത്തിന്റെ പച്ചയായ യാഥര്‍ത്ഥ്യങ്ങള്‍ അതുപോലെ എഴുതുക മാത്രമാണ് താന്‍ ചെയ്തിട്ടുള്ളത് എന്ന് മാര്‍ക്കേസും പറഞ്ഞിട്ടുണ്ട്.

പ്രേമത്തില്‍ വഞ്ചിക്കപ്പെടുന്ന ജീവിതത്തില്‍ പരാജയപ്പെടുന്ന ഭാഗ്യരാജ്
കേരളത്തിന്റെ മാജിക്കല്‍ റിയലിസം ഒരളവുവരെ പ്രകടമാകുന്നത് പുതിയ സിനിമകളില്‍ ആണ്. യുവസംവിധായകര്‍ അതില്‍ കാട്ടുന്ന മികവ് പ്രശംസിക്കാതെ തരമില്ല. അതിനു ഏറ്റവും പുതിയ ഉദാഹരണമാണ് ഈ.മ.യൗ.

അന്തരിക്കാനും കാലം ചെയ്യാനും ചരമം പ്രാപിക്കാനും എന്തിനു മരിക്കാന്‍ പോലും യോഗ്യതയില്ലതെ വെറുതെ ചത്തു പോകുന്ന ഒരു മനുഷ്യജന്മത്തെ ചുറ്റിപ്പറ്റിയുള്ള ഒരു ദിവസത്തെ കഥ. അത് സംഭവ്യമോ അസംഭവ്യമോ ആകാം. പക്ഷേ അതില്‍ കേരളീയ ജീവിതത്തിന്റെ നോവും നൊമ്പരവും വീണു കിടപ്പുണ്ട്. അതുതന്നെയാണ് ഈ.മ.യൗ നെ ഒരു വ്യത്യസ്ത ചിത്രമാക്കി മാറ്റുന്നതും. പി. എഫ്. മാത്യൂസും ലിജോ ജോസ് പല്ലിശ്ശേരിയും ഉള്‍പ്പെടെയുള്ള അണിയറ പ്രവര്‍ത്തകരും സിനിമയില്‍ ജീവിച്ച അഭിനേതാക്കളും അഭിനന്ദനം അര്‍ഹിക്കുന്നു. മാജിക്കല്‍ റിയലിസം ഇനിയും സംഭവിക്കട്ടെ.'
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക