Image

ചെങ്ങന്നൂര്‍ ഫലം എതിരായേക്കുമെന്നു സര്‍ക്കാറിനു മുന്നറിയിപ്പ്, മന്ത്രിസഭ അഴിച്ചുപണിക്ക് സാധ്യത, ലക്ഷ്യം ലോക്‌സഭ !

Published on 06 May, 2018
ചെങ്ങന്നൂര്‍ ഫലം എതിരായേക്കുമെന്നു സര്‍ക്കാറിനു മുന്നറിയിപ്പ്, മന്ത്രിസഭ അഴിച്ചുപണിക്ക് സാധ്യത, ലക്ഷ്യം ലോക്‌സഭ !
ചെങ്ങന്നൂര്‍ സിറ്റിംഗ് സീറ്റ് ഉപതിരഞ്ഞെടുപ്പില്‍ നഷ്ടപ്പെട്ടേക്കും എന്നു ഇന്റലിജന്‍സ് മുന്നറിയിപ്പ്. അങ്ങനെ സംഭവിച്ചാല്‍ പിണറായി മന്ത്രിസഭയില്‍ അഴിച്ചുപണിക്ക് സാധ്യത. പ്രവര്‍ത്തന മികവ് പുലര്‍ത്താത്ത മന്ത്രിമാരെ മാറ്റണമെന്ന അഭിപ്രായം സി.പി.എമ്മിനകത്ത് ഉണ്ടെങ്കിലും മുഖ്യമന്ത്രി ഇതുവരെ മനസ്സ് തുറന്നിട്ടില്ല.ചെങ്ങന്നൂര്‍ ഫലം അറിഞ്ഞിട്ട് മറ്റു കാര്യങ്ങള്‍ ആലോചിക്കാം എന്ന നിലപാടിലാണ് മുഖ്യമന്ത്രി.

അതേസമയം ഇ.പി ജയരാജന്‍ വീണ്ടും മന്ത്രിസഭയിലേക്ക് വരുമെന്ന അഭ്യൂഹം ശക്തമായിരിക്കെ ഇപ്പോള്‍ അദ്ദേഹത്തിന്റെ മകനെതിരെ ഉയര്‍ന്ന ആരോപണവും ഇ.പിയുടെ ക്ഷേത്ര ദര്‍ശനം വിവാദമാക്കിയതും'ഹിഡന്‍ അജണ്ട' മുന്‍ നിര്‍ത്തിയാണെന്ന വാദവും പാര്‍ട്ടിക്ക് അകത്ത് ശക്തമാണ്. കോടതി കുറ്റവിമുക്തനാക്കിയ സാഹചര്യത്തില്‍ ഇനിയും ഇ.പി ജയരാജനെ പോലെ പ്രമുഖനായ നേതാവിനെ മന്ത്രിസഭയില്‍ നിന്നും അകറ്റി നിര്‍ത്തുന്നത് ശരിയല്ലെന്ന നിലപാടിലാണ് ഒരു വിഭാഗം.എന്നാല്‍ കോടതി വിധി ജയരാജന് അനുകൂലമാണെങ്കിലും ബന്ധുനിയമന കാര്യത്തില്‍ ഒരു പാര്‍ട്ടി നേതാവ് പുലര്‍ത്തേണ്ട ജാഗ്രത ഇ.പി ജയരാജന്‍ കാണിച്ചിട്ടില്ലന്ന കേന്ദ്രകമ്മറ്റി വിലയിരുത്തല്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നാണ് മറുവിഭാഗത്തിന്റെ വാദം.

മുഖ്യമന്ത്രി പിണറായിക്ക് ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്‍പ് മന്ത്രിസഭയില്‍ ചില മാറ്റങ്ങള്‍ വരുത്തണമെന്ന നിലപാട് ഉള്ളതിനാല്‍ അഴിച്ചുപണി ഉറപ്പാണെന്നാണ് പാര്‍ട്ടിക്കകത്തെ സംസാരം.ആരോഗ്യ മന്ത്രി കെ.കെ.ശൈലജ, തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രി കെ.ടി ജലീല്‍, കോണ്‍ഗ്രസ്സ് എസിലെ കടന്നപ്പള്ളി രാമചന്ദ്രന്‍ , സി.പി.ഐ മന്ത്രി തിലോത്തമന്‍ എന്നിവരുടെ പ്രവര്‍ത്തനത്തിനെതിരെ ഇപ്പോള്‍ തന്നെ ഇടതു മുന്നണിക്കകത്ത് കടുത്ത അതൃപ്തിയുണ്ട്. തോമസ് ഐസക്കിനോട് പോലും സി.പി.എമ്മിന് പഴയ താല്‍പ്പര്യം ഇപ്പോഴില്ലന്നാണ് യാഥാര്‍ത്ഥ്യം.സി.പി.എം സംസ്ഥാന സമ്മേളനത്തില്‍ ഈ മന്ത്രിമാര്‍ക്കെതിരെ രൂക്ഷമായ എതിര്‍പ്പ് പ്രതിനിധികളില്‍ നിന്നും ഉയര്‍ന്നിരുന്നു.

കോണ്‍ഗ്രസ്സ് എസ്സിലെ ഏക മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് സി.പി.എം നല്‍കിയ പരിഗണനയാണ് മന്ത്രി സ്ഥാനം എന്നതിനാല്‍ രാജി വയ്ക്കാന്‍ സൂചന നല്‍കിയാല്‍ തന്നെ കടന്നപ്പള്ളി രാജിവച്ചേക്കും.എന്നാല്‍ എന്‍.സി.പിയില്‍ നിന്നും എ.കെ.ശശീന്ദ്രനെ മാറ്റാതെ കടന്നപ്പള്ളിയെ മാറ്റി ആ കൊച്ചു പാര്‍ട്ടിക്ക് പ്രഹരം നല്‍കാന്‍ മുഖ്യമന്ത്രി തയ്യാറാകുമോ എന്നത് കണ്ട് തന്നെ അറിയണം.
സി.പി.ഐക്കാരനായ ഭക്ഷ്യമന്ത്രി തിലോത്തമനെ മാറ്റേണ്ട കാര്യവും ആത്യന്തികമായി തീരുമാനിക്കേണ്ടത് സി.പി.ഐയാണ്.ഈ വകുപ്പിനെതിരെ നിരവധി പരാതികള്‍ ഇതിനകം തന്നെ ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്.കേരള കോണ്‍ഗ്രസ്സിനെ ഇടതു മുന്നണിയിലെടുക്കാന്‍ സി.പി.എം ഏകപക്ഷീയമായി തീരുമാനിച്ചാല്‍ സി.പി.ഐ മന്ത്രിമാരുടെ കാര്യത്തില്‍ തീരുമാനമാകും.എത്രത്തോളം കടുത്ത നിലപാടിലേക്ക് സി.പി.എം പോകും എന്നതിനെ ആശ്രയിച്ചായിരിക്കും സി.പി.ഐയുടെ ഇടതുപക്ഷത്തെ ഭാവി.

ലോക് സഭ തിരഞ്ഞെടുപ്പില്‍ 20ല്‍ 15 സീറ്റെങ്കിലും നേടണമെന്നതാണ് സി.പി.എം തീരുമാനം. ദേശീയ തലത്തില്‍ പാര്‍ട്ടിയുടെ നിലനില്‍പ്പ് തന്നെ കേരളത്തിലെ വിജയത്തെ ആശ്രയിച്ചായതിനാല്‍ സി.പി.ഐ കേരള കോണ്‍ഗ്രസ്സ് വിഷയത്തില്‍ കേരള ഘടകം എടുക്കുന്ന തീരുമാനത്തിനൊപ്പമായിരിക്കും കേന്ദ്ര നേതൃത്വമെന്ന കാര്യവും ഉറപ്പാണ്.

കേരള കോണ്‍ഗ്രസ്സ് ഇടതു മുന്നണിയിലേക്ക് വന്നാല്‍ തങ്ങളുടെ പ്രാധാന്യം നഷ്ടമാകുമെന്ന ആശങ്കയിലാണ് സി.പി.ഐ.രാഷ്ട്രീയപരമായി സി.പി.എം പിന്തുണയില്ലാതെ കേരളത്തിലെ ഒരു പഞ്ചായത്ത് പോലും ഒറ്റക്ക് ഭരിക്കാനുള്ള ശേഷി സി.പി.ഐക്കില്ല.എന്നാല്‍ കേരള കോണ്‍ഗ്രസ്സിനാകട്ടെ മധ്യകേരളത്തില്‍ പ്രത്യേകിച്ച് കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ വലിയ സ്വാധീനമുണ്ട്.ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ചില മണ്ഡലങ്ങളില്‍ നിര്‍ണ്ണായക ശക്തിയുമാണ്.ഇതു ഉപയോഗപ്പെടുത്തി പരമാവധി നേട്ടമുണ്ടാക്കാനാണ് സി.പി.എം ആലോചിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക