Image

ഡാലസിലെ കണ്‍വെന്‍ഷന്‍ സെന്റര്‍ സ്വകാര്യ സ്ഥാപനത്തിന് നല്‍കുന്നു. (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 07 May, 2018
ഡാലസിലെ കണ്‍വെന്‍ഷന്‍ സെന്റര്‍ സ്വകാര്യ സ്ഥാപനത്തിന് നല്‍കുന്നു. (ഏബ്രഹാം തോമസ്)
നാഷ്ണല്‍ റൈഫിള്‍ അസോസിയേഷന്റെ(എന്‍ആര്‍എ) കണ്‍വെന്‍ഷന്‍ ഡാലസ് നഗരത്തിലെ കെ ബെയ്‌ലി ഹച്ചിസണ്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്നു. എന്‍ആര്‍എയുടെ പ്രവര്‍ത്തനങ്ങളെ ശക്തമായി എതിര്‍ക്കുന്ന ആറ് സംഘടനകള്‍ പ്രതിഷേധയോഗങ്ങള്‍ സംഘടിപ്പിച്ചു. ഉറ്റവരെ ഭ്രാന്തവും കിരാതവുമായ തോക്ക് ആക്രമണങ്ങളില്‍ നഷ്ടപ്പെട്ട മാനുവല്‍ ഒളിവര്‍, ഡയാന ഏള്‍ തുടങ്ങിയവര്‍ വ്യക്തിപരമായ പ്രതിഷേധങ്ങളുമായി കണ്‍വെന്‍ഷന്‍ വേദിക്ക് പുറത്ത് നിലയുറപ്പിച്ചു.
സമൂഹത്തിലെ ഒരു വിഭാഗത്തിന്റെ പ്രതിഷേധം ഡാലസ് നഗരസഭയെ കണ്‍വെന്‍ഷന്‍ സെന്ററിന്റെ  നടത്തിപ്പ് ഒരു സ്വകാര്യസ്ഥാപനത്തിന് നല്‍കാന്‍ പ്രേരിപ്പിച്ചു എന്നാണ് റിപ്പോര്‍ട്ട്. വിവാദങ്ങളില്‍ നിന്ന് അകന്ന് നില്‍ക്കാന്‍ ഇങ്ങനെ നഗരസഭയ്ക്ക് കഴിയും. എന്‍ആര്‍എയ്ക്ക് കണ്‍വെന്‍ഷന്‍ സെന്റര്‍ നല്‍കിയതില്‍ പ്രതിഷേധിക്കുന്ന വിഭാഗത്തെ ഇങ്ങനെ സാന്ത്വനിപ്പിക്കാനും കഴിയും.

എന്നാല്‍ സിറ്റി മാനേജര്‍ ടി.സി. ബ്രോഡ്‌നാക്‌സ് നല്‍കുന്ന വിശദീകരണം ഈ ആശയം വളരെ നാളുകളായി ഉള്ളതായിരുന്നു, എന്‍ആര്‍എ കണ്‍വെന്‍ഷനുമായി തീരുമാനത്തിന് യാതൊരു ബന്ധവും ഇല്ല എന്നാണ്. മാത്സര്യം നിറഞ്ഞ വ്യവസായത്തില്‍ സെന്റര്‍ കൂടുതലായി വാടകയ്ക്ക് നല്‍കുന്നതിനും ഉപഭോക്താക്കള്‍ക്ക് തൃപ്തി നല്‍കുന്നതിനും ഓരോ പരിപാടിയിലും കൂടുതലാളുകള്‍ സംബന്ധിക്കുന്നതിനും കൂടുതല്‍ വരുമാനം ഉണ്ടാകുന്നതിനും സെന്ററിന്റെ നടത്തിപ്പ് സ്വകാര്യ വ്യവസായികളെ ഏല്‍പിക്കുന്നതാണ് ഉത്തമം, ബ്രോഡ്‌നാക്‌സ് പറഞ്ഞു. ഈ വര്‍ഷാന്ത്യം മുതല്‍ പദ്ധതി നടപ്പാക്കുവാനായി വ്യവസായ സ്ഥാപനങ്ങളില്‍ നിന്ന് ബിഡുകള്‍ ക്ഷണിച്ചിരിക്കുകയാണ്. കണ്‍വെന്‍ഷന്‍ നടത്താന്‍ സംഘടനകളും സ്ഥാപനങ്ങളും മുന്നോട്ട് വരാന്‍ നഗരങ്ങള്‍ പ്രോത്സാഹന പ്രീമിയങ്ങള്‍ നല്‍കാറുണ്ട്. എന്‍ആര്‍എയ്ക്ക് സൗജന്യ വാടകയിനത്തില്‍ ഏകദേശം നാല് ലക്ഷം ഡോളര്‍ ലഭിച്ചു. കണ്‍വെന്‍ഷനില്‍ പങ്കെടുക്കുവാന്‍ എത്തിയവര്‍ നഗരപരിധിയിലുള്ള ഹോട്ടലുകളില്‍ താമസിച്ചപ്പോള്‍ ഫീസായി നല്‍കിയ 2% ആണിത്. അതിഥികളുടെ ബില്ലില്‍ ഹോട്ടലുകള്‍ ഈ ഫീസ് കൂട്ടിച്ചേര്‍ക്കുന്നു. ടൂറിസം പബ്ലിക് ഇംപ്രൂവ്‌മെന്റ് ഡിസ്ട്രിക്ട് എന്ന 2012 ല്‍ നിലവില്‍ വന്ന നിയമത്തിലൂടെയാണ് ഈ പിരിവ് നടത്തുന്നത്. ഈ തുക നഗരത്തിന്റെ സാധാരണ ബജറ്റില്‍ വരവായി ചേര്‍ക്കുകയില്ല. റോഡിലെ കുണ്ടും കുഴിയും നികത്തുവാനോ പോലീസ്, അഗ്നിശമനസേന എന്നിവയ്ക്ക് വേതനവര്‍ധന നല്‍കാനും ഉപയോഗിക്കുകയില്ല. 

വലിയ വലിയ പരിപാടികള്‍ക്ക് വേദിയാകാന്‍ ഷിക്കാഗോ, അറ്റ്‌ലാന്റ തുടങ്ങിയ നഗരങ്ങളുമായി മത്സരിക്കുവാന്‍ സന്നാഹമൊരുക്കാനാണ് ഈ തുക വിനിയോഗിക്കുക. 80,000 സന്ദര്‍ശകര്‍ കണ്‍വെന്‍ഷന് എത്തി എന്നാണ് കണക്ക്. ഓരോ രാത്രിയിലും 22,000 റൂമുകള്‍ വീതം ഉപയോഗിച്ചിട്ടുണ്ടാവണം. രാജ്യത്തിന്റെ ഏറ്റവും വലിയ തോക്കുടമകളുടെ സംഘടനയും ഗണ്‍റൈറ്റ്‌സ് ലോബിയും നടത്തുന്ന വാര്‍ഷിക കണ്‍വെന്‍ഷനുകള്‍ 'മോഹിക്കത്തക്ക' സിറ്റി വൈഡ് വിഭാഗത്തില്‍ അറിയപ്പെടുന്നു. സിറ്റി വൈഡ് കണ്‍വെന്‍ഷന്‍ വളരെ വിപുലമായ തോതില്‍ നടത്തപ്പെടുന്നവയാണ്. പ്രധാന രാത്രിയില്‍ കുറഞ്ഞത് 2,500 മുറികളുടെയും മൊത്തം ശരാശരി 10,000 റൂം നൈറ്റ്‌സും ഉള്ള കണ്‍വെന്‍ഷനുകളാണ് സിറ്റി വൈഡ്. ടൂറിസം വിഭാഗത്തിന് ഇത് വലിയ നേട്ടമാണ്. ഡോളറിന്റെ ഒഴുക്ക് ഏത് നഗരസഭയാണ് വേണ്ടെന്ന് പറയുക?
ഡാലസ് നഗരത്തിന്റെ കണ്‍വെന്‍ഷന്‍ ആന്റ് വിസിറ്റേഴ്‌സ് ബ്യൂറോ അറിയപ്പെടുന്നത് വിസിറ്റ് ഡാലസ് എന്ന പേരിലാണ്. എന്‍ആര്‍എ കണ്‍വെന്‍ഷന്‍ 24 മില്യന്‍ ഡോളറിന്റെ നേരിട്ടുള്ള വരുമാനം നല്‍കിയിട്ടുണ്ടാവണം എന്ന് വിസിറ്റ് ഡാലസ് അനുമാനിക്കുന്നു.

ഡാലസിലെ കണ്‍വെന്‍ഷന്‍ സെന്റര്‍ സ്വകാര്യ സ്ഥാപനത്തിന് നല്‍കുന്നു. (ഏബ്രഹാം തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക