Image

അമ്മഃ അമേയമായ ഒരത്ഭുതപ്രതിഭാസം (ഫാദര്‍ ജോര്‍ജ്‌കോശി)

ഫാദര്‍ ജോര്‍ജ്‌കോശി Published on 07 May, 2018
അമ്മഃ അമേയമായ ഒരത്ഭുതപ്രതിഭാസം (ഫാദര്‍ ജോര്‍ജ്‌കോശി)
അമ്മഃ അക്ഷരങ്ങള്‍ക്കും ആശയങ്ങള്‍ക്കും ഭാഷകള്‍ക്കും അര്‍ത്ഥം വ്യക്തമാക്കാനാവാത്ത, അതിരുകുറിക്കുവാനാവാത്ത വാക്ക്. അത്ര അമേയമായ ഒരു അത്ഭുത പ്രതിഭാസമാണ് അമ്മ. പിറക്കുന്നതിന് ഉണ്മയും ഉടലും ഉയിരും പകരുന്നതില്‍ പ്രധാന പങ്കാളി. അരിആഹാരമൊക്കെ അകത്താക്കാനാകുന്നതിന് ഇത്തിരിയേറെ മുമ്പ് അമൃതായ അമ്മിഞ്ഞപ്പാലിലൂടെ സത്വവും ശക്തിയും സംവേദിപ്പിച്ചവള്‍. ചാരേ ചേര്‍ത്ത് ചാരുതയോടും ചാരുത്യത്തോടും ചുടും ചുംബനവും ചുരത്തിത്തന്നവള്‍. പിന്നെ ചൊല്ലും ചോറും നല്‍കി വളര്‍ത്തി വലുതാക്കിയവള്‍. അങ്ങനെയുള്ള അമ്മക്ക് പകരം വയ്ക്കാവുന്ന വാക്ക് ഉമ്മ എന്നാണ്. അമ്മയെ ഉമ്മ എന്ന് വിളിക്കുന്നവരുണ്ടല്ലോ. അമ്മ ഉമ്മ അല്ലാതെ മറ്റെന്താണ്? അല്ലേയല്ല!  അമ്മ ഉമ്മ മാത്രമല്ല; മറ്റ് പലതുമാണ്. എല്ലാമെല്ലാമാണ്.

ഉരുവാകുന്ന ആരും ആദ്യം ഉരുവിടുക അമ്മ എന്നാണല്ലോ. അ+ മ്മ= അമ്മഃ  സ്വന്തം ഹിതത്തിന് സ്വജീവിതത്തില്‍ സ്ഥാനമില്ലാത്ത സ്ഥാനിയാണ് അമ്മ എന്ന് സാരം. പെറ്റമ്മയ്ക്ക് പ്രയമായത് പെറ്റ്മക്കളുടെ ഹിതമാണ്. സന്താനങ്ങളുടെ സനന്തുഷ്ടിയാണ് മാതാക്കള്‍ക്ക്  എന്നും ഇഷ്ടമും പഥ്യവും അല്ലാതെന്തും അവര്‍ക്ക് പൈത്യവും.

ദൈവത്തിന്റെ പിതാവെന്ന് വിളിക്കുവാന്‍ ദൈവ പുത്രന്‍ പഠിപ്പിച്ചു. അതിനുള്ള വഴി തെളിച്ചു; വരദാനങ്ങള്‍ പകര്‍ന്നു. പുത്രനിലും പരിശുദ്ധാത്മാവിലും മാതൃത്വത്തിന്റെ സ്‌നിഗ്ദ്ധസ്ഥായി ഭാവങ്ങള്‍ പരിശുദ്ധ ത്രീത്വത്തില്‍ കുടി കൊള്ളുന്നു. കാണാതെ പോയതിനെ കണ്ടെത്താനും അകന്നു പോയതിനെ അടുത്തെത്തിക്കാനുമുള്ള അദമ്യമായ ആഗ്രഹവും അന്വേഷണവും വിശന്ന് വലയുന്നവരോടുള്ള കരുണയും അവരെക്കുറിച്ചുള്ള കരുതലും ക്രിസ്തുവില്‍ നാം ദര്‍ശിക്കുന്നു. രാവ് മുഴുവനുമുള്ള കടലിലെ കഠിനാദ്ധ്വാനത്തിനു ശേഷം ദാഹിച്ചും വിശന്നും അവശരായി കരയില്‍ വന്ന ശിഷ്യര്‍ക്ക് വച്ചു വിളമ്പുന്ന സുവിശേഷ ഭാഗം വയിക്കുമ്പോള്‍ മനസ്സിന്റെ ഉമ്മറത്തെത്തുക ക്രിസ്തുവിന്റെ അമ്മ മുഖമാണ്. കരയുന്നവരോടുകൂടി കരയുകയും അവരുടെ കണ്ണീരൊപ്പുകയും ചെയ്യുന്ന മനുഷ്യ പുത്രന്റെ ചിത്രം സുവിശേഷങ്ങള്‍ സവിശേഷമായി സാക്ഷിക്കുന്നുണ്ട്. അവയെല്ലാം ആ വ്യക്തിത്വത്തില്‍ വേറിട്ട് നില്‍ക്കുന്ന മാതൃത്വ ഭാവങ്ങളാണ്.

താഴ്വാരങ്ങളിലേക്കാണ് വെള്ളം* നദികള്‍- ഒഴുകുകയും എന്നാല്‍ അമ്മമാരുടെ കണ്ണീര്‍ ഉയരങ്ങളിലേക്ക്, ഉടയ തമ്പുരാനിലേക്ക് ഒഴുകി ഓടി എത്തുന്ന പ്രളയ കടലുകളാണ്. അവരുടെ തോരാത്ത കണ്ണീര്‍ സൃഷ്ടിക്കുന്ന ശക്തി പ്രലാഹങ്ങള്‍ക്ക്, 'കരുണക്കടലുകള്‍' ക്ക് മുമ്പില്‍ എത്ര വലിയ സുനാമിയും സുല്ലിട്ട് സലാം പറഞ്ഞ് സ്ഥലം വിടും. ഘോര രൂപം പൂണ്ട ചെങ്കടലുകള്‍ നടു പിളര്‍ന്ന് വന്‍ മതിലുകള്‍ സൃഷ്ടിച്ചു സംരക്ഷണമൊരുക്കും അത്രയ്ക്ക് അതിരറ്റ സ്വര്‍ഗ്ഗീയനിവേദ്യമാണ് മാതാക്കളുടെ മഴ നീരുപോലുള്ള മിഴിനീര്‍.

കുരിശ്ശില്‍ മരിച്ച ക്രിസ്തുവിനെ മാതാവായ മറിയം മടിയില്‍ കിടത്തിയുള്ള 'പിയാത്ത' എന്ന മൈക്കിലാജ്ഞലായുടെ ശില്‍പം കലാ ചാതുരിയുടെ ഗിരിശ്രിംഗങ്ങളില്‍ കിരീടം ചൂടി നിലകൊള്ളുന്നു. വാക്കുകളും വരികളും കൊണ്ട് മഹത്തും ബ്രഹത്തുമായ ശില്‍പങ്ങള്‍ രചിത്ത ഹെര്‍ക്വന്‍ ഹെസ്സെ എന്ന വിഖ്യാത ഗ്രന്ഥകാരന്‍ ആ ശില്‍പത്തിന്റെ മുമ്പില്‍ നിന്ന് പറഞ്ഞു. 'രക്തസാക്ഷിയെക്കാള്‍ ശ്രദ്ധാര്‍ഹം ര്ക്തസാക്ഷിയുടെ മാതാവാണ്'. മകനേക്കാള്‍ മഹിമ മാതാവിനാണെന്ന് പറഞ്ഞതില്‍ ഹെസ്സെയ്ക്ക് പാളിച്ച പറ്റി. ശില്‍പ ശ്രേഷ്ഠതയെക്കുറിച്ചായിരിക്കാം അയാള്‍ സാക്ഷിച്ചത്. പക്ഷേ ക്രിസ്തുവൊഴിച്ച് മറ്റാരെക്കുറിച്ചും, ആള്‍ എത്ര കേമനായാലും ഭീമനായാലും അത് തെറ്റാകണമെന്നില്ല. മറിച്ച് അച്ചട്ടാകാനാണിട.

ഇടയ ശുശ്രൂഷയുടെ അടയാളമാണ് പുരോഹിതന്റെ ശരീരത്തിന്റെ മുന്‍ഭാഗം മറച്ച് കഴുത്തിലണിഞ്ഞ് കാല്‍പാദത്തോളമെത്തുന്ന ഉടയാട. ഊറാറ, അഥവാ കണ്ഠാഭരണമെന്ന് അര്‍ത്ഥമുള്ള ഹമനീക്കാ എന്നാണ് അതിന്റെ വിളിപ്പേര്. പൗരസ്ത്യ ഓര്‍ത്തഡോക്‌സ് സഭകളില്‍ പലതിലും അതിശ്രദ്ധേയമായ ഒരു പാരമ്പര്യമുണ്ട്. പുരോഹിത മാതാവ് മരിക്കുമ്പോള്‍ സംസ്‌ക്കരിക്കുക ഹമനീക്കാ അണിയിച്ചാണ്. പുത്രന്റെ പൗരോഹിത്യ ശുശ്രൂഷയുടെ നന്മയ്ക്കും, നേന്മയ്ക്കും പെറ്റമ്മ അവകാശിയാണെന്നാണ് അത് അര്‍ത്ഥമാക്കുന്നത്.

ഒരു പതിറ്റാണ്ട് കാലം പ്രശസ്ത സെമിനാറുകളില്‍ അഭ്യസന നടത്തിയ ഒരുവനാണ് ഇത് കുറിക്കുന്നത്. അതിലേറെക്കാലം, ആധുനിക കാല്ത് അത്യപൂര്‍വ്വമായ ഗുരുകുലാഭ്യാസം ലഭിച്ചവനും. അതും ഗുരുക്കന്മാരുടെ ഗുരുവായ മേല്‍ചട്ടക്കാരുടെ മേല്‍പട്ടക്കാരനായ അനുപമനും അസാധാരണ സിദ്ധികളുമുള്ള ഒരു പരിശുദ്ധ പിതാവിനോടൊപ്പവും. ആ ഗുരുകുലകാലഘട്ടത്തിന്റെ ഓരോ നിമിഷവും അനുസ്മരിക്കുമ്പോള്‍ ഉള്ളും ഉയിരും ഉര്‍വരുമായി ദൈവ സ്തുതികള്‍ കൊണ്ട് നിറയും; തലയും തനുവും നന്ദി കൊണ്ട് താഴും; ഇരുകരങ്ങളും ഉയരങ്ങളുലേക്ക് ഉയരും. എങ്കിലും പെറ്റമ്മയില്‍ നിന്ന് കിട്ടിയ പരിശീലനം തട്ടും തിട്ടയും കേറി നില്‍ക്കുന്നു. മാതാവ് പകര്‍ന്നു തന്ന നിഷ്ടകളും ചിട്ടകളും കാട്ടിത്തന്ന പുണ്യവഴികളും ചൊല്ലിത്തന്ന ദിവ്യമൊഴികളും പുരോഹിതനായ പുത്രനില്‍ വെട്ടവലയം സൃഷ്ടിച്ചു സുരക്ഷിതത്വമൊരുക്കുന്നു. ഇന്നും നേരം നോക്കി നമസ്‌ക്കരിക്കുവാനും വീടും നാടും വിട്ടിട്ടും ഉപവസിക്കുവാനും നോമ്പനുഷ്ടിക്കുവാനും പ്രേരണ പകരുന്നതില്‍ പ്രധാനമായൊന്ന് പുരോഹിത പുത്രിയായ പെറ്റമ്മ പകര്‍ന്നുതന്ന അറിവും അനുഭവങ്ങളും അതിലേറെ അമ്മയുടെ മാതൃകയുമാണ്.
'ഒരു വിത്ത് മനസ്സിലന്നു ഞാ-
നറിയാതമ്മ നമിച്ച് നട്ടതാം
ഘനവേദന ചെയ്തമാരിയില്‍-
കുളിരെ, പൊട്ടിമുളച്ചിടുന്നതാം'

എന്ന കവിവാക്യം എത്രമാത്രം സത്യമാണ്.
പെറ്റമ്മയെ കരുതുന്നതിലും കാക്കുന്നതിലും ഇഹത്തിലും പരത്തിലുമുള്ള അത്യുന്നതമാതൃക ക്രിസ്തുതന്നെ. പിതാവും ദൈവത്തിന്റെ ഏകജാതന്‍ കന്യകമറിയാമിന്റെയും ഏകജാതനാണല്ലൊ. ക്രൂരമായി കൊല്ലപ്പെടുന്ന ഭീകരനൊമ്പര നേരത്തും പുത്രന്‍, പെറ്റമ്മ ഒറ്റയ്ക്കാകാതിരിക്കുവാനും ഒറ്റപ്പെടാതിരിക്കുവാനും അമ്മയുടെ പരിരക്ഷണം പ്രിയശിഷ്യനെ ഭരണമേല്പിക്കുന്നതിലായിരുന്നു ശ്രദ്ധ. കുരിശ്ശില്‍നിന്നും ഇറ്റുവീണ ചുരുക്കം ചില വാക്കുകളില്, 'ഇതാ നിന്റെ അമ്മ' എന്നു ശിഷ്യനോടും 'ഇതാ നിന്റെ പുത്രന്‍' എന്നു അമ്മയോടും ഉര ചെയ്തതു ഉള്‍പ്പെടുന്നു. പുത്രവിയോഗത്തിലൂടെ അമ്മ അനുഭവിക്കാനിരിക്കുന്ന തീരാ വേദനയ്ക്കും അല്പമൊക്കെ അയവു വരുത്തുവാനുള്ള തീവ്രത്രമമായിരുന്നത്.

മാത്രമല്ല, സ്വര്‍ഗ്ഗസമാനയായ സ്വന്തം അമ്മയെ എല്ലാവരുടെയും അമ്മയായി കുരിശ്ശുമരണത്തിന്റെ അന്ത്യനിമിഷത്തില്‍ ദൈവപുത്രന്‍ പ്രതിഷ്ഠിച്ചു സമ്മാനിച്ചു. സമാനമില്ലാത്ത സമ്മാനമായി അന്നും ഇന്നും 'കൃപനിറഞ്ഞ, സ്ത്രീകളില്‍ ഏറ്റം അനുഗ്രഹിക്കപ്പെട്ട' ആ ്്അമ്മ നിലകൊള്ളുന്നു. ക്രൂശിച്ചുകൊന്നവരോടു പൊറുത്ത ക്രിസ്തു സ്വന്തം പെറ്റമ്മയെ തമസ്‌കരിക്കുന്നവരോടും തിരസ്‌കരിക്കുന്നവരോടും പൊറുക്കുമോ, അതോ അവരെ പഴിക്കുമോ?

പ്രതിഭാധനനായ മലയാളകവി ബാലകൃഷ്ണന്‍ ചുള്ളിക്കാടിന്റെ 'മാനസാന്തരം' എന്ന കവിതയില്‍ കൊലപാതകിയായ ഒരുവന്റെ കഥ പറയുന്നു. അരുതാത്തതു ചെയ്യാന്‍ ആയുമ്പോള്‍ അമ്മ അവനു ഓതിക്കൊടുത്തിരുന്നു.

ഒരുറുമ്പിനെ ഞാന്‍ ഞെരിക്കുകില്‍-
കൃപയാര്‍ന്നമ്മ തടഞ്ഞു ചൊല്ലിടും:
മകനേ, നരകത്തിലെണ്ണയില്‍
പ്പോരിയും നീ, പരപീഡചെയ്യൊലാ.

പക്ഷേ, ചൊല്ലിക്കൊടുത്തതെല്ലാം തള്ളിക്കളഞ്ഞു മകന്‍ ജീവിച്ചു, ഒടുവില്‍ കൊലയാളിയായി നാടുവിട്ടു കൊടും തണുപ്പുള്ള കൊടൈക്കനാലിലെ ഒരു സത്രത്തില്‍ അര്‍ദ്ധരാത്രിയില്‍ വിസ്‌കിനുണഞ്ഞു കഴിയുന്നു. ഏതുസമയത്തും പിടിക്കപ്പെടാം. പിടിക്കപ്പെട്ടാല്‍ കൊലക്കയറു നിശ്ചയം. പെട്ടെന്നു ഇരുന്ന ഇരുപ്പില്‍ അമ്മയെ ഓര്‍ത്തു പെറ്റമ്മ മനസ്സിലേക്കും ശിരസ്സിലേക്കും ഇരച്ചു കയറിയപ്പോളുള്ള ആ പാതകിയുടെ ഭാവത്തെക്കുറിച്ചു കവി പറയുന്നു,

ശതഭാസ്‌കര ദീപ്തി ദീപ്തമാം
ഗഗനം പോലെ തെളിഞ്ഞു മാനസം
നിലകൊള്ളണമേ കൊലക്കുരു-
ക്കിറുകുമ്പോഴുമെനിക്കു ദൈവമേ.

അമ്മയെ ഓര്‍ത്തപ്പോള്‍ എത്തി നിന്നതു ദൈവത്തിലാണ്.

ഒത്തിരിവട്ടം കേട്ടുതഴമ്പിച്ചതാണെങ്കിലും ഒന്നൂടെ കേട്ടാലും അധികപറ്റാകില്ല. ചോറുകൊടുത്തു, പക്ഷെ ചൊല്ലികൊടുക്കുവാന്‍ മറന്നുപോയ ഒരമ്മയുട കഥയാണത്. കൊലയുള്‍പ്പെടെ ഒരുപിടി കൊടുംപാതകങ്ങള്‍ ചെയ്തുകൂട്ടിയ മകനു വിധിച്ചതു വധമാണ്. അമ്മയോടു സംസാരിക്കണമെന്ന അന്ത്യഭിലാഷത്തിനു അവന്‍ അമ്മയെ സമീപിച്ചു മുത്തം തരാന്‍ പുന്നാര പുത്രന്‍ അടുത്തുവരുന്നുവെന്നു പെറ്റമ്മ വിചാരിച്ചു. കണ്ടുനിന്നവര്‍ അമ്മയുടെ ചെവിയില്‍ അവന്‍ സ്വകാര്യം പറയുകയായിരുന്നു കരുതി. മകന്‍ ചെയ്തതു അമ്മയുടെ ചെവി കടിച്ചു പറിച്ചെടുക്കുകയായിരുന്നു. എന്നിട്ട്ു കൊലക്കയറുകഴുത്തില്‍ മുറുകുന്ന കഠിനവേദനയോടെ ചെവിയും ചോരയും നീട്ടിത്തുപ്പി അവന്‍ മൊഴിഞ്ഞു. 'ഞാന്‍ ക്ലാസില്‍ പെന്‍സില്‍ മോഷ്ടിച്ചപ്പോള്‍ അരുതേ എന്നു ചൊല്ലിത്തന്നിരുന്നുവെങ്കില്‍ കൊല്ലിലും കൊലയിലും കൊലക്കയറിലും ഈ ജീവിതം അവസാനിപ്പിക്കേണ്ടി വരികയില്ലായിരുന്നു.

'അമ്മേ; അവിടുത്തെമുമ്പില്‍ ഞാനാര്...?'
Join WhatsApp News
JOHN 2018-05-07 19:18:33
ലേഖനം കൊള്ളാം. ഒരു പള്ളി പ്രസംഗം കേട്ട പ്രതീതി.  ബഹു വൈദികൻ ഓർക്കുന്നില്ലേ ... ഡിസംബർ ഒരു ഞായറാഴ്ച ഉണ്ടായ സുനാമി അമ്മമാരും കുഞ്ഞുങ്ങളും ഉൾപ്പെടെ ലക്ഷങ്ങളെ ആണ് ഇല്ലാതാക്കിയത്. വേളാങ്കണ്ണി പള്ളിയിൽ വി കുർബാന നടക്കുകയായിരുന്നു. താഴെ നിലയിൽ ഉണ്ടായിരുന്ന വിശ്വാസികളും പുരോഹിതനും കാസ്സയും പീലാസയും അടക്കം കൊണ്ടുപോയി. പിന്നെ നിങ്ങടെ ഊറാറ എന്ന പഴയ തുണി അമ്മമാരുടെ ശവത്തിൽ പുതപ്പിച്ചാൽ ഗ്രീൻ ചാനല് വഴി സ്വർഗത്തിൽ എത്താമെന്നൊക്കെ പറഞ്ഞു അമ്മമാരെ കബളിപ്പിക്കുകയല്ലേ. വർഷത്തിൽ ഒരിക്കൽ മാത്രമല്ല അല്ല എല്ലാ ദിവസ്സവും ആഘോഷിക്കേണ്ട ഒരു ദിനം ആണ് മതെര്സ് ഡേ. എല്ലാ അമ്മമാർക്കും നന്മ ആസംസിക്കുന്നു. 
Sajan Mathew 2018-05-07 16:36:24
Excellent Achen.
Thomas Koshy 2018-05-08 07:47:21
Very touching Article, well written. Congrats Achen.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക