Image

സിനിമ അവാര്‍ഡ് ദാനവും വിവാദമായി (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 07 May, 2018
സിനിമ അവാര്‍ഡ് ദാനവും വിവാദമായി (ഏബ്രഹാം തോമസ്)
ഈ വര്‍ഷം സാഹിത്യത്തിനുള്ള നൊബേല്‍ അവാര്‍ഡ് നല്‍കുകയില്ല, പകരം അടുത്തവര്‍ഷം 2018 ന്റെ യും 2019ന്റെയും അവാര്‍ഡുകള്‍ നല്‍കുമെന്ന് നൊബേല്‍ അക്കാഡമി പ്രഖ്യാപിച്ചു. അക്കാഡമി അംഗങ്ങളിലെ ഭിന്നതയും പ്രശ്‌നങ്ങളുമാണ് കാരണമായി കരുതുന്നത്.

ഒരു ദിവസം മുമ്പ് ഇന്ത്യയിലെ ദേശീയ ചലച്ചിത്ര അവാര്‍ഡുകളുടെ വിതരണം വലിയ വിവാദമായിരുന്നു. രാഷ്ട്രപതിയുടെ അവാര്‍ഡുകളായി 1954 മുതല്‍ അറിയപ്പെട്ടിരുന്ന പുരസ്‌കാരങ്ങളില്‍ ചുരുക്കം ചില ബഹുമതികള്‍ മാത്രം രാഷ്ട്രപതി വിതരണം ചെയ്തു. ബാക്കി ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ് കാസ്റ്റിംഗ് ആന്റ് ടെക്‌സ്‌റ്റൈല്‍സ് മന്ത്രി സ്മൃതി ഇറാനിയാണ് നല്‍കിയത്. ഇതില്‍ പ്രതിഷേധിച്ച് അറുപതിലധികം അവാര്‍ഡു ജേതാക്കള്‍ ചടങ്ങ് ബഹിഷ്‌കരിച്ചുവെന്നും ബഹിഷ്‌കരിക്കുമെന്ന് പറഞ്ഞ ചിലര്‍ അവസാന നിമിഷം നിലപാട് മാറ്റി യാതൊരു ഉളുപ്പും ഇല്ലാതെ അവാര്‍ഡ് വാങ്ങിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

സ്വകാര്യ സ്ഥാപനങ്ങളും വ്യക്തികളും നല്‍കുന്ന ബഹുമതികളും പുരസ്‌കാരങ്ങളും പലപ്പോഴും ഉപകാര, പ്രത്യുപകാര പ്രക്രിയകളായി മാറാറുണ്ട്. എന്നാല്‍ ഇന്ത്യന്‍ ജനതയുടെ നികുതി പണം ചെലവഴിച്ച് നല്‍കുന്ന ബഹുമാനം ഇതേ നിലവാരത്തില്‍ എത്തുന്ന ദയനീയ കാഴ്ച നാം ഓരോ വര്‍ഷവും കാണുന്നു. രാഷ്ട്രത്തിന്റെ ബഹുമതികളായ പത്മശ്രീയും പത്മഭൂഷണും പത്മവിഭൂഷണും ഇതിന് അപവാദമല്ല. 2016 നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ മലയാളത്തിലെ ചില പ്രസിദ്ധീകരണങ്ങള്‍ കവര്‍ ഫീച്ചര്‍ ആയി ഒരു പ്രസിദ്ധകലാകാരന്റെ ഇന്റവ്യൂകള്‍ പ്രസിദ്ധീകരിച്ചു. കഴിഞ്ഞ കുറെ ദശകങ്ങളായി അധികം സജീവമല്ലാതിരുന്ന ഈ കലാകാരന് ഇത്രയധികം പ്രാധാന്യം നല്‍കുന്നതെന്താണെന്ന് പലരും ചിന്തിച്ചു. മറുപടിക്ക് അധികം കാത്തിരിക്കേണ്ടി വന്നില്ല. 2017 ജനുവരിയില്‍ പ്രഖ്യാപിച്ച പത്മ പുരസ്‌കാരങ്ങളില്‍ ഈ കലാകാരന്‍ നിറഞ്ഞു നിന്നു. സ്വയം പ്രചരണം സംഘടിപ്പിക്കുക, ചിലരുമായി ചില നീക്കുപോക്കുകള്‍ നടത്തുക, അവാര്‍ഡ്, ബഹുമതിപട്ടികയില്‍ പേരുണ്ടാക്കാം.

അമേരിക്കയില്‍ നെറ്റ് വര്‍ക്കിംഗിന്റെ പ്രാധാന്യം പറഞ്ഞ് കേള്‍ക്കാറുണ്ട്. ഇന്ത്യയില്‍ എത്രയോ ദശകങ്ങളായി നിലവിലുള്ളതാണ് ഈ സമ്പ്രദായം? ആദ്യത്തെ സ്വര്‍ണ്ണമെഡല്‍ നേടിയ മറാഠി ചിത്രം ശ്യാംചി ആയി എങ്ങനെ 1953ല്‍ പുറത്ത് വന്ന ഏറ്റവും നല്ല ചിത്രമായി എന്ന് നിരൂപകര്‍ ചോദിക്കാറുണ്ട്. ആ വര്‍ഷം ഇതിനേക്കാള്‍ മികച്ച പല ചിത്രങ്ങളും പുറത്ത് വന്നിരുന്നു.

ബാസു ഭട്ടാചാര്യ എന്ന സംവിധായകനെ ഞാന്‍ മൂന്ന് തവണ ഇന്റര്‍വ്യൂ ചെയ്തിട്ടുണ്ട്. ആദ്യമായി ഇന്റര്‍വ്യൂ ചെയ്യുമ്പോള്‍ ബാസുവിന്റെ ആവിഷ്‌കാര്‍ ബോംബെയിലെ റീഗല്‍ സിനിമ ഓടിക്കൊണ്ടിരിക്കുകയായിരുന്നു. തന്റെ ചിത്രത്തില്‍ സൂപ്പര്‍ താരങ്ങള്‍ (രാജേഷ് ഖന്നയും ഷര്‍മ്മിളാ ടാഗോറും) ഉണ്ടായിരുന്നതിനാള്‍ അവാര്‍ഡ് ജൂറി അര്‍ഹമായ പരിഗണന നല്‍കിയില്ല, വെറുമൊരു കച്ചവട സിനിമയായാണ് ആവിഷ്‌കാറിനെ കണ്ടതെന്ന് ബാസു എന്നോട് പറഞ്ഞു. ഇന്റര്‍വ്യൂ ഏറെ പ്രചാരമുള്ള ഒരു സിനിമ വാരികയില്‍ പ്രസിദ്ധം ചെയ്തപ്പോള്‍ ജൂറിയിലുണ്ടായിരുന്ന ഓ.വി.വിജയന്‍ ഒരു വിശദീകരണവുമായി എത്തി. ചില ചിത്രങ്ങളും പ്രകടനങ്ങളും എല്ലാ പ്രാധാന്യവും ശ്രദ്ധയും നല്‍കി ജൂറി പരിഗണിക്കാറുണ്ട്. നര്‍ഗീസ് ദത്ത് അവസാനം അഭിനയിച്ച രാത് ഔര്‍ ദിനിലെ അവരുടെ പ്രകടനം തികച്ചും ഇടത്തരമായിരുന്നു. എന്നിട്ടും അവര്‍ ഏറ്റവും നല്ല നടിക്കുള്ള പുരസ്‌കാരത്തിന് അര്‍ഹയായി. ഈ പാരമ്പര്യം ഇപ്പോഴും തുടരുന്നു. റിക്ഷാക്കാരന് എംജി ആറിനും ഇപ്പോള്‍ മോമിലെ മീഡിയോകര്‍ പ്രകടനത്തിന് ശ്രീദേവിക്കും ലഭിച്ച പുരസ്‌കാരങ്ങള്‍ രണ്ട് ഉദാഹരണങ്ങള്‍ മാത്രം.
ജൂറിയില്‍ 11 ഓ 13 ഓ അംഗങ്ങളാണ് ഉണ്ടാവുക. മുമ്പ് ഇവര്‍ക്ക് വേണ്ടി പ്രത്യേക പ്രദര്‍ശനങ്ങള്‍ നടത്തിയിരുന്നു. പിന്നീട് വീഡിയോ കാസറ്റുകളും സിഡികളും നല്‍കുന്ന പതിവായി. ഇപ്പോള്‍ പെന്‍ ഡൈവിലേയ്ക്ക മാറിയിട്ടുണ്ടാകാം. ജൂറി മെമ്പര്‍മാര്‍ക്ക് നല്‍കുന്ന വീഡിയോ(സിഡി)കള്‍ വ്യാജപ്രിന്റുകള്‍ക്ക് കാരണമാകുന്നു എന്ന് ആരോപണം ഉണ്ടായിരുന്നു.

മിക്കവാറും വളരെ ചുരുക്കം ജൂറി അംഗങ്ങള്‍(നാലോ അഞ്ചോ) മാത്രമേ ഇവരുടെ യോഗങ്ങളില്‍ പങ്കെടുക്കാറുള്ളൂ എന്നൊരു ആരോപണം പണ്ടു മുതലേ ഉണ്ട്. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ അവരുടെ ഇറ്റതോഴി, പിന്നീട് ദില്ലി മുഖ്യമന്ത്രിയുമായിരുന്ന ഷീല ദീക്ഷിത് ഒരു വര്‍ഷം ജൂറിയുടെ ചെയര്‍വുമണ്‍ ആയിരുന്നു. അവാര്‍ഡുകളെക്കുറിച്ച് അന്തിമ തീരുമാനത്തിലെത്താനുള്ള യോഗത്തില്‍ അവര്‍ ഏകപക്ഷീയമായി പ്രധാന അവാര്‍ഡുകള്‍ ആര്‍ക്കൊക്കെ ആയിരിക്കും എന്ന തീരുമാനം അറിയിച്ചതായി അന്ന് ജൂറിയിലുണ്ടായിരുന്ന എന്റെ സുഹൃത്ത് വെളിപ്പെടുത്തി.

ഇനി മുതല്‍ രാഷ്ട്രപതി സമഗ്രസംഭാവനയ്ക്കുള്ള ദാദാ സാഹിബ് ഫാല്‍ക്കേ അവാര്‍ഡ് മാത്രമേ സമ്മാനിക്കൂ എന്ന് ചില റിപ്പോര്‍ട്ടുകളുണ്ട്. മരണാനന്തര ബഹുമതിയായി പലപ്പോഴും നല്‍കുന്ന ഈ അവാര്‍ഡ് സമ്മാനിക്കുന്നതില്‍ നിന്നും രാഷ്ട്രപതിയെ ഒഴിവാക്കാവുന്നതാണ്. എല്ലാ അവാര്‍ഡുകളും തപാല്‍ മാര്‍ഗം അയച്ചു കൊടുത്താല്‍ അവാര്‍ഡ് ദാനത്തിനും ഡിന്നര്‍ സല്‍ക്കാരത്തിനും ചെലവഴിക്കുന്ന ലക്ഷങ്ങള്‍ ലാഭിക്കാം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക