Image

ഓര്‍ത്തഡോക്‌സ്-യാക്കോബായ വിഭാഗങ്ങളും പിറവം ഇലക്ഷനും

ബാബു പാറക്കല്‍, ന്യൂ യോര്‍ക്ക്‌ Published on 23 March, 2012
ഓര്‍ത്തഡോക്‌സ്-യാക്കോബായ വിഭാഗങ്ങളും പിറവം ഇലക്ഷനും
പിറവം ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അനൂപ് ജേക്കബ് വന്‍ഭൂരിപക്ഷത്തില്‍ വിജയിച്ചു. ഉമ്മന്‍ചാണ്ടിപോലും പ്രതീക്ഷിക്കാത്ത വന്‍പിന്തുണയാണ് പിറവത്തെ ജനങ്ങള്‍ അദ്ദേഹത്തിനു നല്‍കിയത്. ഇവിടെ വോട്ടു ചെയ്ത ജനങ്ങള്‍ വ്യക്തമായി ചില നിര്‍ദ്ദേശങ്ങള്‍ അധികാരത്തിലിരിക്കുന്നവര്‍ക്കു നല്‍കിയിട്ടുണ്ട്. അവ എന്താണെന്നു നോക്കാം.

ടി.എം. ജേക്കബിന്റെ നിര്യാണത്തെ തുടര്‍ന്ന് പിറവത്ത് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ യു.ഡി.എഫ് സര്‍ക്കാര്‍ പ്രതിരോധത്തിലായിരുന്നു. അന്തരിച്ച നേതാവിന്റെ ഭാര്യയെയോ മകനെയോ നിര്‍ത്തി സഹതാപവോട്ടു നേടിയാല്‍ രക്ഷപ്പെട്ടേക്കാമെന്ന നേരിയ പ്രതീക്ഷ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വെറും 157 വോട്ടിന്റെ കേവല ഭൂരിപക്ഷത്തില്‍ കഷ്ടിച്ചു കടന്നുകൂടിയ നേതാവിനു വലിയ സഹതാപതരംഗമൊന്നും സൃഷ്ടിക്കുവനാന്‍ സാധിക്കില്ലെന്നുള്ള യാഥാര്‍ത്ഥ്യവും അവര്‍ മനസ്സിലാക്കി. പ്രവര്‍ത്തന പരിചയത്തിന്റെ പശ്ചാത്തലമില്ലെങ്കിലും മകനെ തന്നെ അങ്കത്തിനിറക്കുവാന്‍ യു.ഡി.എഫ് നിര്‍ബ്ബന്ധിതമായി.
എതിരാളിയായി വന്ന എം.ജെ. ജേക്കബ് പൊതുസമ്മതനും കറപുരളാത്ത രാഷ്ട്രീയത്തിനുടമയുമാണെന്ന സത്യം യു.ഡി.എഫ് ക്യാമ്പുകളെ കുറച്ചൊന്നുമല്ല ഭയപ്പെടുത്തിയത്. അതിനുപുറമെ പിറവം മണ്ഡലത്തിലെ ജാതിമത വിഭാഗീതയുടെ അടിയൊഴുക്കുകള്‍ വലിയ കീറാമുട്ടിയായി പുറത്തുവന്നു. മണ്ഡലത്തിലെ ഭൂരിഭാഗം വരുന്ന ഓര്‍ത്തഡോക്‌സ്-യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ നടക്കുന്ന തെരുവുയുദ്ധം ഉമ്മന്‍ചാണ്ടിയുടെ ഏറ്റവും വലിയ തലവേദനയായി മാറി. 'കൂനില്‍ മേല്‍ക്കുരു' എന്നപോലെ ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വം എം.ജെ. ജേക്കബിനെ പിന്തുണയ്ക്കുന്നതായി പരസ്യമായി പ്രഖ്യാപിച്ചു. സഭാംഗങ്ങള്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ വിജയിപ്പിച്ച് ഉമ്മന്‍ചാണ്ടിയെ ഒരു പാഠം പഠിപ്പിക്കണമെന്ന് ഏഷ്യാനെറ്റില്‍ അരമണിക്കൂര്‍ സമയമെടുത്ത് ഒരു സീനിയര്‍ മെത്രാപ്പോലീത്താ ആഹ്വാനം ചെയ്തു.
സഭയുടെ പരമാദ്ധ്യക്ഷന്‍ ആയ കാത്തോലിക്കാ ബാവാ മൗനം പാലിക്കുകകൂടി ചെയ്തപ്പോള്‍ ഇത് സഭയുടെ ഔദ്യോഗിക പ്രസ്താവനയായി ജനം കരുതി. കോലഞ്ചേരി പള്ളി പ്രശ്‌നത്തിനുശേഷം മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ചാണ്ടിയുമായി വേദി പങ്കിടില്ലെന്നും പരസ്യമായി പ്രസ്താവിച്ച ബാവാ തിരുമേനിയുടെ അമര്‍ഷം ജനങ്ങള്‍ക്കു മനസ്സിലാക്കാവുന്നതേയുള്ളല്ലോ എന്നാല്‍ ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് ശ്രീ. അച്ചുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ തിരുവനന്തപുരത്ത് വച്ച് ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികരും ജനങ്ങളെയും പോലീസ് ഓടിച്ചിട്ടടിച്ച വിവരം നേതൃത്വത്തിലുള്ളവര്‍ മറന്നുപോയതു തികച്ചും യാദൃശ്ചികമായിരിക്കാം.
അടിയൊഴുക്കുകള്‍ പലതുമുണ്ടായെങ്കിലും മതവിഭാഗീയതയുടെ സങ്കുചിത താല്പര്യങ്ങളില്‍ പിറവത്തിന്റെ മനസ്സാക്ഷിയെ തളച്ചിടുവാന്‍ ജനങ്ങള്‍ തയ്യാറായില്ല. കേരളം കണ്ട ജനപ്രിയ മുഖ്യമന്ത്രിമാരില്‍ ഒരാളായ ഉമ്മന്‍ചാണ്ടിയുടെ പുരോഗമനപരമായ പരിപാടികള്‍ ഇടയ്ക്കുവച്ച് നിര്‍ത്തുന്നതു ശരിയല്ലെന്നു കണ്ട ജനം വിഭാഗീയത മറന്ന് ഒരുമിച്ച് കൈകോര്‍ത്ത് അദ്ദേഹത്തിനു പിന്തുണ നല്‍കി. ഇനിയെങ്കിലും സഭാ നേതൃത്വത്തിലുള്ളവര്‍ ഒന്നു മനസ്സിലാക്കണം.
തിരുമേനിമാര്‍ എന്തെങ്കിലും സഭാ നേതൃത്വത്തിലുള്ളവര്‍ ഒന്നു മനസ്സിലാക്കണം. തിരുമേനിമാര്‍ എന്തെങ്കിലും പറഞ്ഞാല്‍ അതേപടി വേദവാക്യമായി എടുക്കുന്ന കാലം കടന്നു പോയി. ഇന്നു ജനങ്ങള്‍ വിദ്യാഭ്യാസവും വിവരവുമുള്ളവരാണ്. സ്വത്തിനു വേണ്ടിയുള്ള സഭാവഴക്കില്‍ ജനങ്ങള്‍ക്കു താല്‍പര്യമില്ല. ഓര്‍ത്തഡോക്‌സുകാരനായ ഉമ്മന്‍ചാണ്ടിയെ സഭാനേതൃത്വം സ്ഥാപിത താല്‍പര്യങ്ങള്‍ക്കു വേണ്ടി അകറ്റി നിര്‍ത്തുന്നത് ജനങ്ങള്‍ അംഗീകരിക്കില്ലെന്നുള്ളതിന്റെ തെളിവാണ് പാമ്പാക്കുട പോലെ ഓര്‍ത്തഡോക്‌സുകാര്‍ക്ക് ഭൂരിപക്ഷമുള്ള പഞ്ചായത്തുകളില്‍ പോലും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അനൂപ്‌ജേക്കബ് വന്‍പിച്ച ലീഡ് നേടിയത്.

തങ്ങള്‍ പിന്തുണച്ച സ്ഥാനാര്‍ത്ഥി വന്‍ഭൂരിപക്ഷത്തോടെ വിജയിച്ചു എന്നതിന്റെ അഹങ്കാരം പാത്രീയര്‍ക്കീസ് വിഭാഗത്തിന്റെ നേതൃത്വത്തിനുണ്ടാവുക സ്വാഭാവികം. ഇനി പലയിടത്തും അവര്‍ ചുണ്ണാമ്പിട്ടു പൊള്ളിച്ചു കൊണ്ടേയിരിക്കും. ഇതു ജനങ്ങള്‍ നിരുത്സാഹപ്പെടുത്തണം. പിറവത്തു ജയിച്ചത് അനൂപ് ജേക്കബ് എന്ന വ്യക്തിയല്ല. ഓരോ വോട്ടും യു.ഡി.എഫ് സര്‍ക്കാരിനുള്ള അംഗീകാരമാണ്.
കൊച്ചിന്‍ മെട്രോയും സ്മാര്‍ട്ട് സിറ്റിയും അതിവേഗ റെയില്‍പാതയും ശബരി റെയില്‍ പാതയുമൊക്കെ കൈ എത്തുന്ന ദൂരത്തില്‍ നില്‍ക്കുന്ന വാഗ്ദാനങ്ങളാണ്. ഇവ യാഥാര്‍ത്ഥ്യമായി കാണുവാന്‍ കേരളത്തിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നു.
അതിനു നേതൃത്വം നല്‍കുന്ന ശ്രീ ഉമ്മന്‍ചാണ്ടിക്ക് പൂര്‍ണ്ണ പിന്തുണ ജനങ്ങള്‍ നല്‍കി കഴിഞ്ഞു. ഇനി പുരോഗമനത്തിന്റെ പാതയില്‍ തടയിടുവാന്‍ ആരെയും അനുവദിക്കരുത്. ധൈര്യമായി ലക്ഷ്യത്തിലേക്കു മുന്നേറുക. ഇതാണു പിറവത്തെ ജനങ്ങള്‍ നല്‍കുന്ന സന്ദേശം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക