Image

ബുര്‍ഹാന്‍വാനിയുടെ ഭീകര സംഘത്തെ മുഴുവന്‍ വകവരുത്തി സൈന്യത്തിന്റെ പ്രതികാരം

Published on 08 May, 2018
 ബുര്‍ഹാന്‍വാനിയുടെ ഭീകര സംഘത്തെ മുഴുവന്‍ വകവരുത്തി സൈന്യത്തിന്റെ പ്രതികാരം


ശ്രീനഗര്‍: ഹിസ്‌ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡറായിരുന്ന കൊടും ഭീകരന്‍ ബുര്‍ഹാന്‍ വാനിക്കൊപ്പം ഉണ്ടായിരുന്ന മുഴുവന്‍ ഭീകരരെയും സൈന്യം കൊന്നൊടുക്കി. വാനിയുടെ സംഘത്തിലെ പതിനൊന്നാമനായിരുന്ന സദ്ദാം പദ്ദറിനെ കഴിഞ്ഞ ദിവസം വകവരുത്തിയയോടെ സൈന്യത്തിന്റെ പ്രതികാരം പൂര്‍ത്തിയായി.

ഭീകര സംഘടനയിലേക്ക്‌ കശ്‌മീരി യുവാക്കളെ ആകര്‍ഷിക്കാന്‍ വാനിക്കൊപ്പം ഫോട്ടോയ്‌ക്ക്‌ പോസ്‌ ചെയ്‌ത എല്ലാ ഭീകരരെയും വധിച്ചതായി സൈന്യം അറിയിച്ചു. ജമ്മുകശ്‌മീരിലെ ഷോപ്പിയാനില്‍ ഭീകരരുമായി സൈന്യം നടത്തിയ ഏറ്റുമുട്ടലിലാണ്‌ വാനിയുടെ അടുത്ത അനുയായി സദ്ദാം പദ്ദര്‍ കൊല്ലപ്പെട്ടത്‌.
 വാനി, സദ്ദാം ഹുസൈന്‍ പദ്ദര്‍, ആദില്‍ ഖന്‍ഡെ, നസീര്‍ പണ്ഡിറ്റ്‌ ,വസിം മല്ല, അഫാഖ്‌ ഭട്ട്‌ , സബ്‌സര്‍ ഭട്ട്‌, അനീസ്‌, ഇഷ്‌ഫാഖ്‌, വസീം ഷാ എന്നിവരുള്‍പ്പെടെ ഫോട്ടോയ്‌ക്ക്‌ പോസ്‌ ചെയ്‌ത മുഴുവന്‍ ഭീകരരെയും സൈന്യം വധിച്ചു.

സൈന്യത്തെയും സുരക്ഷ എജന്‍സികളേയും വെല്ലുവിളിച്ച്‌ 2015ലായിരുന്നു ബുര്‍ഹാന്‍ വാനിക്കൊപ്പം നില്‍ക്കുന്ന പത്ത്‌ ഭീകരരുടെ ' ബുര്‍ഹാന്‍വാനി ബോയ്‌സ്‌' എന്നപേരില്‍ ഫേസ്‌ബുക്ക്‌ പോസ്റ്റ്‌ വന്നത്‌. മൂന്ന്‌ ചിത്രങ്ങളാണ്‌ ഭീകരര്‍ ഫേസ്‌ബുക്കില്‍ പോസ്റ്റ്‌ ചെയ്‌തിരുന്നത്‌. കശ്‌മീരില്‍ സൈന്യത്തെ വെല്ലുവിളിച്ച്‌ മുഖം മറയ്‌ക്കാതെ ആയുധവുമായി നില്‍ക്കുന്ന ചിത്രം പരസ്യമായി പോസ്റ്റ്‌ ചെയ്‌തത്‌ സൈന്യത്തിന്‌ വന്‍ വെല്ലുവിളിയായിരുന്നു.

ഹിസ്‌ബുള്‍ മുജാഹിദ്ദീന്‍ സംഘടനയിലേക്ക്‌ കശ്‌മീരി യുവാക്കളെ ആകര്‍ഷിക്കാന്‍ ഉദ്ദേശിച്ചു കൊണ്ടുള്ള പോസ്റ്റ്‌ സൈന്യം കൃത്യമായി നിരീക്ഷിച്ചു. 2017 ജൂണില്‍ സബ്‌സര്‍ ഭട്ടിന്റെ കൊലയോടെ ഫോട്ടോയ്‌ക്ക്‌ പോസ്‌ ചെയ്‌ത 11 ല്‍ 9 പേരേയും സൈന്യം വകവരുത്തി. താരിഖ്‌ പണ്ഡിറ്റ്‌ എന്ന ഭീകരന്‍ കീഴടങ്ങിയപ്പോള്‍ ജീവനോടെയുള്ളത്‌ സദ്ദാം പദ്ദര്‍ മാത്രമായിരുന്നു. ഇപ്പോള്‍ സദ്ദാം പദ്ദര്‍ കൂടി കൊല്ലപ്പെട്ടതോടെ ഫോട്ടോയ്‌ക്ക്‌ പോസ്‌ ചെയ്‌ത എല്ലാവരും ഇല്ലാതായി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക