Image

കല കുവൈറ്റ് ബാലകലാമേള 2018: യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂള്‍ ചാന്പ്യന്മാര്‍

Published on 08 May, 2018
കല കുവൈറ്റ് ബാലകലാമേള 2018: യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂള്‍ ചാന്പ്യന്മാര്‍

കുവൈത്ത് സിറ്റി: കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റ് നാല്പതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ബഹറിന്‍ എക്‌സ്‌ചേഞ്ച് കന്പനിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ബാലകലാമേള 2018 കൗമാര കലകളുടെ ഉത്സവമായ് മാറി. 

ഇന്ത്യന്‍ എംബസി ഡെപ്യൂട്ട് ചീഫ് ഓഫ് മിഷന്‍ രാജ്‌ഗോപാല്‍ സിംഗ് ബാലകലാമേള 2018 ന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. കല കുവൈറ്റ് പ്രസിഡന്റ് ആര്‍.നാഗനാഥന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബിഇസി കണ്‍ട്രി മാനേജര്‍ മാത്യു വര്‍ഗീസ്, യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അജിത് കുമാര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. കല കുവൈറ്റ് ജനറല്‍ സെക്രട്ടറി സജി തോമസ് മാത്യു സ്വാഗതവും ബാലകലാമേള ജനറല്‍ കണ്‍വീനര്‍ കെ.വി നിസാര്‍ നന്ദിയും പറഞ്ഞു.

അബാസിയ യുണൈറ്റഡ് സ്‌കൂളില്‍ 9 വേദികളിലായി നടന്ന മല്‍സരങ്ങളില്‍ കുവൈത്തിലെ ഇന്ത്യന്‍ സ്‌കൂളുകളില്‍ പഠിക്കുന്ന ആയിരക്കണക്കിനു വിദ്യാര്‍ഥികളാണ് മാറ്റുരച്ചത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് മികച്ച പങ്കാളിത്തമാണു മേളയില്‍ ഉണ്ടായത്. വിവിധ സ്‌കൂളുകളിലെ അധ്യാപകരുടെയും കുട്ടികളുടെ രക്ഷകര്‍ത്താക്കളുടെയും വര്‍ധിച്ച പങ്കാളിത്തം മേളയെ സജീവമാക്കി. 16 പോയിന്റ് നേടി മംഗഫ് ഇന്ത്യ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ രോഹിത് എസ്. നായര്‍ കലാപ്രതിഭയായും 23 പോയിന്റ് നേടി ഇന്ത്യന്‍ കമ്യൂണിറ്റി സ്‌കൂള്‍ അമ്മാന്‍ ബ്രാഞ്ചിലെ റൂത് ആന്‍ ടോബി കലാതിലകമായും തെരഞ്ഞെടുക്കപ്പെട്ടു. 95 പോയിന്റുകള്‍ നേടി യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂള്‍ ഓവറോള്‍ കിരീടം കരസ്ഥമാക്കി. 85 പോയിന്റുകളോടെ ഫഹാഹീല്‍ ഗള്‍ഫ് ഇന്ത്യന്‍ സ്‌കൂളാണ് രണ്ടാംസ്ഥാനത്തെത്തിയത്. കലാതിലകം, കലാപ്രതിഭ എന്നിവര്‍ക്കുള്ള സ്വര്‍ണ മെഡലുകളും ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ സ്‌കൂളിനുള്ള ട്രോഫിയും മേയ് 11നു നടക്കുന്ന കല കുവൈറ്റ് മെഗാ പരിപാടിയായ തരംഗം 2018 വേദിയില്‍ സമ്മാനിക്കും.

ഭരതനാട്യം, മോഹിനിയാട്ടം, നാടോടി നൃത്തം, ഗ്രൂപ്പ് ഡാന്‍സ്, പ്രച്ഛന്ന വേഷം, കവിതാപാരായണം, പ്രസംഗം, ശാസ്ത്രീയ സംഗീതം, ലളിത ഗാനം, മോണോആക്ട്, കിന്റര്‍ഗാര്‍ഡന്‍ വിഭാഗത്തിലെ കുട്ടികള്‍ക്കായി കഥ പറയല്‍ മത്സരം, രചനാ മല്‍സരങ്ങള്‍ തുടങ്ങി 4 വിഭാഗങ്ങളിലായ് 15 മല്‍സര ഇനങ്ങളാണു ബാലകലാമേളയില്‍ അരങ്ങേറിയത്. 

മല്‍സര ഫലങ്ങള്‍ കല കുവൈറ്റ് വെബ്‌സൈറ്റായ  www.kalakuwait.comല്‍ ലഭ്യമാണ്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക