Image

വലിയ വികസനമല്ല, സണ്ണിവേലിന്റെ ഗ്രാമഭംഗി സംരക്ഷിക്കുമെന്നു പുതിയ മേയര്‍ സജി ജോര്‍ജ്

Published on 08 May, 2018
വലിയ വികസനമല്ല, സണ്ണിവേലിന്റെ ഗ്രാമഭംഗി സംരക്ഷിക്കുമെന്നു പുതിയ മേയര്‍ സജി ജോര്‍ജ്
ഒരു മലയാളിക്ക് മറ്റൊരു മലയാളിയെ കണ്ടുകൂടാ എന്നാണ് ചൊല്ല് എങ്കിലും സണ്ണിവേലിലെ മലയാളി സമൂഹത്തെപ്പറ്റി ഏറ്റവും ഉയര്‍ന്ന അഭിപ്രായമാണ് മേയര്‍ സജി ജോര്‍ജിന്. ഇലക്ഷനില്‍ മലയാളികള്‍ കൈ മെയ് മറന്ന് സഹായിച്ചു. എല്ലാവരും വളരെ നല്ല മനുഷ്യര്‍. അവരെപ്പറ്റി അഭിമാനമുണ്ട്.

മൊത്തം 700 ഇന്ത്യന്‍ വോട്ടര്‍മാരില്‍ 600 പേരും വോട്ട് ചെയ്തു എന്നു പറയുമ്പോള്‍ തന്നെ ഊഹിക്കാം തിരുവല്ല പുളിക്കീഴ് പൂവേലില്‍ കുടുംബാംഗമായ സജി ജോര്‍ജിന്റെ പിന്തുണ. മൊത്തം 6500 പേര്‍ മാത്രമുള്ള നഗരത്തില്‍ 12 മുതല്‍ 15 ശതമാനം മലയാളികളാണ്. ഇന്ത്യക്കാരും മറ്റ് ഏഷ്യക്കാരും കൂടിയാല്‍ 20 ശതമാനം. ബാക്കി വൈറ്റ് കമ്യൂണിറ്റി.

എട്ടുവര്‍ഷമായി സജി ജോര്‍ജ് സിറ്റി കൗണ്‍സിലറായിട്ട്. പക്ഷെ വിവേചനമോ വംശീയതയോ ഒന്നും ഉണ്ടായിട്ടില്ല. മേയര്‍ തെരഞ്ഞെടുപ്പില്‍ മൂന്നു സ്ഥാനാര്‍ത്ഥികളുണ്ടായിട്ടും ഒരോരുത്തരുടേയും ട്രാക്ക് റിക്കോര്‍ഡൊക്കെ നോക്കിയാണ് പ്രബുദ്ധരായ ജനം വോട്ട് ചെയ്തത്.

അടുത്ത മാസമാണ് (ജൂണ്‍) പുതിയ മേയര്‍ സ്ഥാനമേല്‍ക്കുക. ഒരു വര്‍ഷമാണ് കാലാവധി. സാധാരണ ഗതിയില്‍ മേയറെ രണ്ടുവര്‍ഷത്തേക്കാണ് തെരഞ്ഞെടുക്കുന്നതെങ്കിലും മുന്‍ മേയര്‍ സ്റ്റേറ്റ് അസംബ്ലിയിലേക്ക് മത്സരിക്കാന്‍ രാജിവെച്ചതിനാല്‍ നടന്ന സ്പെഷല്‍ ഇലക്ഷനായിരുന്നു ഇത്. അദ്ധേഹത്തിന്റെകാലാവധിയില്‍അവശേഷിക്കുന്ന ഒരു വര്‍ഷത്തേക്കായിരുന്നു സ്‌പെഷല്‍ തെരെഞ്ഞെടുപ്പ്.

അടുത്ത തെരഞ്ഞെടുപ്പിലും മത്സരിക്കുമെന്നു മേയര്‍ സജി ജോര്‍ജ് പറഞ്ഞു. സണ്ണിവേലില്‍ ടേം ലിമിറ്റ് ഒന്നുമില്ല.

വലിയ വികസനവും പുതിയ വ്യവസായവുമൊക്കെയാണ് സാധാരണ സ്ഥാനാര്‍ത്ഥികള്‍ വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ വലിയ വികസനമൊന്നും നടത്തില്ലെന്നതാണ് പുതിയ മേയറുടെവാഗ്ദാനം. ഡാളസില്‍ നിന്നു 15 മൈല്‍ അകലെയുള്ള ഈ ചെറു നഗരത്തിന്റെ ഗ്രാമ സ്വഭാവം നിലനിര്‍ത്തും. പച്ചപ്പും പ്രകൃതിയും സംരക്ഷിക്കും. ഷോപ്പിംഗ് മാളുകള്‍, റെസ്റ്റോറന്റ് തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് സ്വാഗതം. നഗരത്തിന് ടാക്സ് വേണമല്ലോ. എന്നാല്‍ മലിനപ്പെടുത്തുന്ന വ്യവസായമൊന്നും വേണ്ട. ഇപ്പോള്‍ തന്നെ സമ്പന്ന നഗരമാണ് സണ്ണിവേല്‍.

റോഡ് തുടങ്ങിയ ഇന്‍ഫ്രാസ്ട്രക്ചര്‍ വികസനം ലക്ഷ്യമിടുന്നുണ്ട്. കൗണ്‍സിലറെന്ന നിലയില്‍ ഒട്ടേറെ നേട്ടങ്ങള്‍ക്ക് ഉടമയാണ് സജി ജോര്‍ജ്. നഗരത്തില്‍ ഹൈസ്‌കൂളില്ലാതിരുന്നതായിരുന്നു ആദ്യകാലത്തെ പ്രശ്നം. അതു പരിഹരിച്ചു. ഹൈസ്‌കൂള്‍ വന്നു. ഹൈവേ നഗരത്തെ വെട്ടിമുറിക്കുന്നതിനെതിരേയും പ്രവര്‍ത്തിച്ചു. ഒരു മില്യന്റെ സംഭരണ ശേഷിയുള്ള വാട്ടര്‍ ടാങ്ക് സ്ഥാപിക്കാനായി. ഇത്തരം പ്രവര്‍ത്തനങ്ങള്‍ മൂലം ഓരോ ഇലക്ഷനിലും ജനപിന്തുണ കൂടി.

ജോണ്‍ ഏബ്രഹാം 1992-ല്‍ ന്യൂജഴ്സിയിലെ ടീനെക്കില്‍ മേയറായശേഷം കാല്‍നൂറ്റാണ്ടിനുശേഷമാണ് സജി ജോര്‍ജ് മേയറാകുന്നത്. മൂന്നുകൊല്ലം മുന്‍പ് കൊല്ലം സ്വദേശിനി വിനി എലിസബത്ത് സാമുവേല്‍ വാഷിംഗ്ടണ്‍ സ്റ്റേറ്റിലെ മൊണ്ട്സാനോയില്‍ മേയറായി.

സ്ഥാനലബ്ദിയില്‍ കുടുംബാംഗങ്ങളെല്ലാം തികഞ്ഞ സന്തോഷത്തിലാണെന്നു സജി ജോര്‍ജ് പറഞ്ഞു. വിദ്യാര്‍ത്ഥിയായി വന്ന തനിക്ക് ഇത്തരം നേട്ടം ഉണ്ടായതില്‍ അഭിമാനമുണ്ട്. കഠിനാധ്വാനവും ലക്ഷ്യബോധവുമുണ്ടെങ്കില്‍ നല്ലകാര്യങ്ങള്‍ സംഭവിക്കുകതന്നെ ചെയ്യും എന്നാണ് തന്റെ അനുഭവം. താന്നില്‍തന്നെ വിശ്വസിക്കുന്ന ഒരാള്‍ക്ക് മാറ്റങ്ങള്‍ക്ക് വഴിയൊരുക്കാനാവും. സാധാരണക്കാരുടെ അത്തരം പ്രവര്‍ത്തനങ്ങള്‍ അസാധാരണമായ മാറ്റങ്ങള്‍ക്ക് കാരണമാകും.

ജനങ്ങളുമായി നല്ല ബന്ധം നിലനിര്‍ത്തുകയും മികച്ച രീതിയില്‍ അശയ വിനിമയം നടത്തുകയും നടത്തുകയും ചെയ്യുന്നതാണു വിജയത്തിനു പ്രധാന കാരണമെന്നു അദ്ധേഹം വിലയിരുത്തുന്നു.

ടെക്‌സസ് ടെക്കില്‍ നിന്നു എഞ്ചിനിയറിംഗ് ബിരുദവും പിന്നീട് എം.ബി.എ.യും നേടിയ സജി ജോര്‍ജ് ബഹുരാഷ്ട്ര കോര്‍പറേഷനില്‍ രണ്ടു ദശാബ്ദം മാനേജ്‌മെന്റ് തലത്തില്‍ പ്രവര്‍ത്തിച്ചു. ടെക്‌നോക്രാറ്റായ ഒരാള്‍ പൊതുപ്രവര്‍ത്തനത്തിനു സാധാരണയായി ഇറങ്ങിപ്പുറപ്പെടാറില്ല. 'അതങ്ങനെ സഭവിച്ചതാണ്. ഇത്രയേറെ നേട്ടങ്ങള്‍ തന്ന സമൂഹത്തിനു തിരിച്ചും സേവനം ചെയ്യേണ്ടത് കടമയായി കരുതി. അങ്ങനെയാണു പൊതു രംഗത്തു പ്രവര്‍ത്തിക്കാന്‍ തയ്യാറായത്,' പുതിയ മേയര്‍ പറയുന്നു.

സജി ജോര്‍ജിന്റെ ഭാര്യ ഡോ. ജയ. കോളജ് വിദ്യാര്‍ത്ഥികളായ ആന്‍, ആന്‍ഡ്രൂ എന്നിവര്‍ മക്കള്‍.അമ്മ അമ്മിണി ജോര്‍ജ് 1991-ല്‍ മരിച്ചു. തൊണ്ണൂറുകളിലേക്കടുത്ത പിതാവ് ജോര്‍ജ് വര്‍ക്കി ഒപ്പമുണ്ട്.

സഹോദരി സുജ ടെകസസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ട്രാന്‍സ്പോര്‍ട്ടേഷനില്‍ എന്‍ജിനീയറിംഗ് രംഗത്തെ ഉന്നത ഉദ്യോഗസ്ഥയാണ്. പരുമലയില്‍ സഹോദരന്‍ സാം ജോര്‍ജ്. അടൂരില്‍ മറ്റൊരു സഹോദരി സുമ ഗീവര്‍ഗീസും താമസിക്കുന്നു.

മാനേജ്മെന്റ് രംഗത്ത് വിവിധ അവാര്‍ഡുകള്‍ നേടിയിട്ടുള്ള സജി ജോര്‍ജ് മെസ്‌കീറ്റ് സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ചിലെ സജീവാംഗമാണ്.
വലിയ വികസനമല്ല, സണ്ണിവേലിന്റെ ഗ്രാമഭംഗി സംരക്ഷിക്കുമെന്നു പുതിയ മേയര്‍ സജി ജോര്‍ജ്
Join WhatsApp News
Joseph Nambimadam 2018-05-08 23:37:05
Congratulations and best wishes. Wish you all the best to have a productive term. 
Saji Karimpannoor 2018-05-12 01:36:11
Wish all the Success Mayor Saji George...
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക