Image

കലാചരിത്രത്തെ സമഗ്രമാക്കുന്ന പുസ്തകം (മനോജ് കുറൂര്‍)

Published on 08 May, 2018
കലാചരിത്രത്തെ സമഗ്രമാക്കുന്ന പുസ്തകം (മനോജ് കുറൂര്‍)
നിര്‍മ്മലാ പണിക്കരെ നൃത്തകലാരംഗത്തിനു പരിചയപ്പെടുത്തുന്നതു സാഹസമാവും. കേരളത്തിലെ ഏറ്റവും മുതിര്‍ന്ന മോഹിനിയാട്ട നര്‍ത്തകികളിലൊരാള്‍ എന്നതുകൂടാതെ ഗവേഷകയും അധ്യാപികയും നങ്ങ്യാര്‍കൂത്ത് എന്ന നൃത്താഭിനയരൂപത്തിന്റ പുനരുദ്ധാരണത്തിനുവേണ്ടി വിലപ്പെട്ട സംഭാവനകള്‍ നല്കിയ പരിഷ്കര്‍ത്താവുംകൂടിയാണ് അവര്‍. കേരളീയനൃത്തകലയുടെ പ്രചാരത്തിനുവേണ്ടി ലോകത്തിന്റെ പല ഭാഗങ്ങളിലും അവര്‍ നടത്തിയ ശില്പശാലകളും എടുത്തു പറയേണ്ടതുണ്ട്.

കേരളത്തിലെ ഒരു കലാരൂപത്തിന്റെ ചരിത്രമെഴുതുക എന്നത് അതീവദുഷ്കരമാണെന്ന് അനുഭവസ്ഥര്‍ക്കറിയാം. ഐതിഹ്യങ്ങളുടെയും വിശ്വാസങ്ങളുടെയും അടിയുറച്ച ധാരണകളുടെയും വലിയ കോട്ടകള്‍ പൊളിച്ചിട്ടുവേണം, വസ്തുനിഷ്ഠമായ രേഖകളുടെ സഹായത്തോടെ യുക്തിബദ്ധവും വിശകലനാത്മകവുമായ ഒരു സമീപനരീതിയുടെ അടിസ്ഥാനത്തില്‍ പുതിയതൊന്നു പണിതുയര്‍ത്തുവാന്‍. ഈയൊരു വെല്ലുവിളിയാണ് 'കേരളത്തിന്റെ ലാസ്യപ്പെരുമ' എന്ന കൃതിയില്‍ നിര്‍മ്മലാ പണിക്കര്‍ ഏറ്റെടുക്കുന്നത്.

കേരളത്തിലെ ക്ലാസ്സിക്കല്‍ കലാരൂപങ്ങളെക്കുറിച്ചു പറഞ്ഞുതുടങ്ങാന്‍തന്നെ ഭരതന്റെ നാട്യശാസ്ത്രത്തെ ആശ്രയിക്കുകയാണു നടപ്പുരീതി. എന്നാല്‍ നിര്‍മ്മലാ പണിക്കരുടെ വഴി അതല്ല. കേരളത്തിലെ കലാരൂപങ്ങളുടെയും കലാസങ്കേതങ്ങളുടെയും വേരുകള്‍ പഴന്തമിഴ് പാരമ്പര്യത്തിലാണ് അന്വേഷിക്കേണ്ടതെന്നും പല കാലങ്ങളിലെ കലര്‍പ്പുകളിലൂടെ പരിണമിച്ചെത്തിയതാണ് അവയുടെ സമകാലികരൂപങ്ങളെന്നുമുള്ള ഉറച്ച ബോധ്യം ഈ കൃതിയില്‍ തെളിഞ്ഞുകാണാം. പഴയ രേഖകളും കൃതികളും പരിശോധിക്കുക, അവയെ നൃത്തകലയുടെ പരിണാമഘട്ടങ്ങളുമായും സമകാലികാവസ്ഥയുമായും ബന്ധിപ്പിച്ചു വിശകലനം ചെയ്യുക എന്ന പദ്ധതിയാണ് ഇതിലുള്ളത്. പഴന്തമിഴ് കൃതിയായ തൊല്‍ക്കാപ്പിയത്തില്‍ വിവരിക്കുന്ന കലാസങ്കേതങ്ങള്‍, അകനാനൂറ്, പുറനാനൂറ്, പതിറ്റുപ്പത്ത് തുടങ്ങിയ മറ്റു സംഘകാലകൃതികളില്‍ കാണുന്ന കൂത്തര്‍, വിറലിയര്‍ തുടങ്ങിയ നര്‍ത്തകരുടെയും കുരവക്കൂത്ത് മുതലായ നൃത്തസമ്പ്രദായങ്ങളുടെയും വിവരണങ്ങള്‍ എന്നിവയില്‍നിന്ന് കേരളീയനൃത്തകലയുടെ ആദിമസ്രോതസ്സുകള്‍ അവര്‍ കണ്ടെത്തുന്നു. പില്ക്കാല പഴന്തമിഴ് കൃതിയായ ചിലപ്പതികാരത്തിലെത്തുമ്പോള്‍ നൃത്തകലാസങ്കേതങ്ങള്‍ക്കും നൃത്തരൂപങ്ങള്‍ക്കും വികാസവും വൈവിധ്യവും സംഭവിച്ചതായി മനസ്സിലാക്കാം. അതില്‍ മാധവിയെന്ന നര്‍ത്തകിയാടിയ പതിനൊന്നുതരം കൂത്തുകളുടെ വിവരണത്തെ നങ്ങ്യാര്‍കൂത്തിന്റെയും മോഹിനിയാട്ടത്തിന്റെയും സങ്കേതങ്ങളുമായി ബന്ധിപ്പിച്ചു വിശകലനം ചെയ്യുന്നത് ഈ പുസ്തകത്തിന്റെ സവിശേഷതയാണ്. നൃത്താഭിനയസമ്പ്രദായങ്ങളെക്കുറിച്ചും പാവൈക്കൂത്ത്, ചുടലക്കൂത്ത് എന്നീ വകഭേദങ്ങളെക്കുറിച്ചുമുള്ള സൂക്ഷ്മമായ അപഗ്രഥനം ഈ ഭാഗത്തുണ്ട്. ചിലപ്പതികാരത്തിനു സമശീര്‍ഷമായ മണിമേഖലയിലെ സൂചനകളും ഗ്രന്ഥകര്‍ത്രി ഉപയോഗപ്പെടുത്തുന്നു.

ദാക്ഷിണാത്യനായ ദണ്ഡിയുടെ ദശകുമാരചരിതത്തിലെ (ഏഴാം നൂറ്റാണ്ട്) പന്താട്ടം തുടങ്ങിയ നൃത്തകലാസംബന്ധിയായ വിശദാംശങ്ങള്‍ക്കും അടിസ്ഥാനമാകുന്നത് കേരളമുള്‍പ്പെടെയുള്ള ദക്ഷിണദേശത്തെ ലാസ്യനൃത്തരൂപങ്ങളാണ് എന്ന നിഗമനമാണ് നിര്‍മ്മലാ പണിക്കര്‍ക്കുള്ളത്. കുലശേഖരപ്പെരുമാളുടെ സുഭദ്രാധനഞ്ജയം നാടകത്തിലെ പരാമര്‍ശങ്ങള്‍ക്കും ഇത്തരത്തില്‍ പ്രസക്തിയുണ്ട്. പിന്നീടു മണിപ്രവാളകാലത്തുണ്ടായ അച്ചീചരിതങ്ങളിലെ വിവരണങ്ങളില്‍നിന്ന് നൃത്തകല, ക്ഷേത്രാരാധന, ദേവദാസീസമ്പ്രദായം എന്നിവയെ ബന്ധിപ്പിച്ചു പഠിക്കാനുള്ള ശ്രമം കാണാം. ചരിത്രകൃതികളും തിരുനന്തിക്കര ചെപ്പേട് തുടങ്ങിയ ചരിത്രരേഖകളും അവര്‍ ഇതിനായി ഉപയോഗപ്പെടുത്തുന്നുണ്ട്. ഈ ഭാഗങ്ങളിലെല്ലാം ലഭ്യമായ രേഖകള്‍ക്കൊപ്പം പല കാലത്തുണ്ടായ ശില്പങ്ങളിലെ നര്‍ത്തകീരൂപങ്ങളുടെ വിശകലനം കൂടിയുണ്ടെന്നത് ഈ പുസ്തകത്തിന്റെ മാറ്റുകൂട്ടുന്നു.

പതിനെട്ടാം നൂറ്റാണ്ടില്‍ ജീവിച്ച കുഞ്ചന്‍ നമ്പ്യാരുടെ തുള്ളല്‍കൃതികളും കാര്‍ത്തിക തിരുനാളിന്റെ ബാലരാമഭരതവും അക്കാലത്തെ നൃത്തകലയെക്കുറിച്ച് അറിയാനുള്ള വിലപ്പെട്ട ഉപാദാനങ്ങള്‍കൂടിയാണ്. പിന്നീട് പത്തൊമ്പതാം നൂറ്റാണ്ടില്‍ സ്വാതി തിരുനാളും ഇരുപതാം നൂറ്റാണ്ടില്‍ കേരളകലാമണ്ഡലവും നൃത്തകലയില്‍ കൂടുതല്‍ ശ്രദ്ധവെച്ചത് മോഹിനിയാട്ടത്തിന്റെ ഇന്നത്തെ വികാസത്തിലേക്കുള്ള നാഴികക്കല്ലുകളാണ്. ഈ സമീപകാലചരിത്രത്തിനു ശേഷം തന്റെ സംരംഭമായ നടനകൈശികി ലക്ഷ്യമാക്കുന്ന കലാദര്‍ശനത്തെയും പിന്തുടരുന്ന അവതരണശൈലിയെയുംകൂടി വിശദീകരിച്ചുകൊണ്ടാണ് നിര്‍മ്മലാ പണിക്കര്‍ 'കേരളത്തിന്റെ ലാസ്യപ്പെരുമ' പൂര്‍ത്തിയാക്കുന്നത്.

നമ്മുടെ കലാചരിത്രങ്ങളില്‍ പലതിലും ചരിത്രബോധത്തിന്റെ അഭാവമാണു തെളിഞ്ഞു കാണുക. പലരും പറഞ്ഞത് ഏറ്റുപറയുക എന്നതിനപ്പുറം വലിയ ധര്‍മ്മമൊന്നും ഗവേഷകര്‍പോലും നിര്‍വഹിക്കാറുമില്ല. ഇത്തരമൊരു സാഹചര്യത്തിലാണ് കലാചരിത്രത്തെ ആവുന്നത്ര സമഗ്രമാക്കുക എന്ന ലക്ഷ്യത്തോടെ ഈ പുസ്തകം പുറത്തുവരുന്നത്. ഇക്കാര്യത്തില്‍ ആവശ്യമായ ഉപാദാനങ്ങള്‍ വിരളമാണ് എന്നു നമുക്കറിയുകയും ചെയ്യാം. ഇവിടെയാണ് ഈ പുസ്തകം വ്യത്യസ്തമാകുന്നത്. നൂറുകണക്കിനു പ്രാചീനകൃതികള്‍ പരതിയാലാണ് നൃത്തകലയെപ്പറ്റിയുള്ള എന്തെങ്കിലും സൂചനകള്‍ കിട്ടുക. അവയെ വിശകലനം ചെയ്യണമെങ്കില്‍ നൃത്തകലാസങ്കേതങ്ങളെപ്പറ്റി ആഴത്തിലുള്ള പരിജ്ഞാനവും അനുഭവസമ്പത്തും വേണം. അത്തരം പരാമര്‍ശങ്ങളെ കാലവുമായി ബന്ധിപ്പിക്കണമെങ്കില്‍ ഇതരചരിത്രരേഖകളെ നന്നായി ആശ്രയിക്കുകയും വേണം. ഇക്കാര്യങ്ങളിലെല്ലാമുള്ള സൂക്ഷ്മതയാണ് 'കേരളത്തിന്റെ ലാസ്യപ്പെരുമ'യെ ഈ മേഖലയിലെതന്നെ പ്രധാനകൃതിയാക്കുന്നത്. ഈ കൃതി മുന്നോട്ടു വയ്ക്കുന്ന നിരീക്ഷണങ്ങളെ ആഴത്തിലുള്ള ചര്‍ച്ചയ്ക്കു വിധേയമാക്കുക എന്ന വലിയൊരു പ്രയത്‌നമാണ് കലാസ്‌നേഹികള്‍ക്കു ചെയ്യാനുള്ളത്. അതുകൂടി സംഭവിക്കുമ്പോഴാണ് ഈ കൃതിയുടെ ലക്ഷ്യം പൂര്‍ണ്ണമാവുക.
കലാചരിത്രത്തെ സമഗ്രമാക്കുന്ന പുസ്തകം (മനോജ് കുറൂര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക