Image

ത്രീ ജ്യൂവല്‍സ് ഓഫ് ബ്ലിസ് പുസ്തകപ്രകാശനം നടത്തി

സന്തോഷ് പിള്ള Published on 09 May, 2018
ത്രീ ജ്യൂവല്‍സ് ഓഫ് ബ്ലിസ് പുസ്തകപ്രകാശനം നടത്തി

ഡാലസ്സില്‍ താമസിക്കുന്ന ഡോക്ടര്‍ വിശ്വനാഥ കുറുപ്പ് രചിച്ച "Three Jewels of Bliss" എന്ന പുസ്തകം സ്വാമി പ്രണവാനന്ദ, സ്വാമിനി ബ്രഹ്മ പ്രാണ, പ്രശസ്ത ആര്‍ക്കിയോളജിസ്‌റ് ടി കെ വി രാജന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ പ്രസിദ്ധീകരിച്ചു. കേരളത്തിലെ ആത്മീയ ഉദ്ധാരണത്തിന് മുഖ്യ പങ്ക് വഹിച്ച, ഹരി നാമ കീര്‍ത്തനം, ജ്ഞാന പ്പാന, ദൈവദശകം, എന്നീ കൃതികള്‍ ഇംഗ്ലീഷിലേക്ക് തര്‍ജ്ജിമ ചെയ്തതാണ്, "ആനന്ദത്തിന്റെ മൂന്ന് മുത്തുകള്‍" എന്ന ഈ പുസ്തകം. കാമക്രോധമദമാത്സര്യത്തില്‍ പെട്ടുഴലുന്ന സാധാരണ മനുഷ്യ മനസ്സുകള്‍ക്ക് , ആശ്വാസം പകര്‍ന്നു നല്‍കി, പരമമായ സത്യത്തിലേക്ക് നയിക്കുന്ന ഈ മൂന്ന് കാവ്യങ്ങളും, മലയാളം വായിക്കാന്‍ അറിയാത്തവര്‍ക്ക് ഉപകാരപ്രധമാകണമെന്ന ഉദ്ദേശത്തോടെയാണ് ഡോക്ടര്‍ കുറുപ്പ് തര്‍ജ്ജിമ നിര്‍വഹിച്ചിരിക്കുന്നത് . മലയാള ഭാഷയുടെ പിതാവായ തുഞ്ചത്ത് എഴുത്തച്ഛന്‍, മലയാള ലിപികള്‍ രൂപപെടുത്തിയതിനു ശേഷം, അക്ഷര മാലയിലെ ആദ്യാക്ഷരങ്ങളില്‍ തുടങ്ങി, വേദാന്ത തത്വം സാധാരണക്കാരില്‍ എത്തിച്ച മഹത്തായ കൃതിയാണ് ഹരിനാമ കീര്‍ത്തനം. സംസ്കൃതത്തില്‍ രചന നടത്തിയാല്‍ മാത്രം ജ്ഞാനി എന്ന അംഗീകാരം ലഭിച്ചിരുന്ന ഒരുകാലഘട്ടത്തില്‍, ഭക്തിരസത്തിന് വളരെ പ്രാധാന്യം കൊടുത്ത് , ശ്രീമദ് ഭാഗവത തത്വങ്ങള്‍ ശുദ്ധ മലയാളത്തില്‍ പൂന്താനം രചിച്ച് മലയാളികള്‍ക്കായി സമര്‍പ്പിച്ചു എന്നതാണ് ജ്ഞാനപ്പാനയുടെ സവിശേഷത.

വേദാന്ത ജ്ഞാനം നേടി, പരമമായ സത്യത്തെ അനുഭവിച്ചറിഞ്ഞ, യോഗി വര്യനായ ശ്രി നാരായണ ഗുരുദേവന്‍, സാമൂഹ്യ ഉന്നമനം മനസ്സില്‍ കണ്ടുകൊണ്ട് രചിച്ച ഉന്നത പ്രാര്‍ത്ഥന ഗീതമാണ് ദൈവ ദശകം.

കുട്ടിക്കാലത്ത് മാതാപിതാക്കളില്‍ നിന്നും ഹരിനാമ കീര്‍ത്തനവും, ജ്ഞാനപ്പാനയും ചൊല്ലികേട്ടിട്ടുണ്ടെങ്കിലും, ഡോക്ടര്‍ കുറുപ്പിന് ഈ കൃതികളുടെ ആല്‍മീയ ഔന്നത്യം പൂര്‍ണമായും മനസ്സിലാക്കാന്‍ സാധിച്ചത് വേദാന്ത പഠനത്തിന് ശേഷമാണ്. പദാനുപദ വിവര്‍ത്തനത്തിനുപരിയായി അര്‍ത്ഥ സംഗ്രഹത്തിലൂടെയുള്ള വിവര്‍ത്തനം അദ്ദേഹത്തിന് സാധിച്ചത് വേദാന്തത്തില്‍ അദ്ദേഹം നേടിയ ജ്ഞാനമാണ് .

ഹരി നാമ കീര്‍ത്തനത്തിലെ പ്രശസ്തമായ വരികളുടെ പരിഭാഷ ഇങ്ങനെ ആകുന്നു.
യാതൊന്നു കാണ്മതതു നാരയണ പ്രതിമ
യാതൊന്നു കേള്‍പ്പതതു നാരായണ ശ്രുതികള്‍
യാതൊന്നു ചെയ്‌വതതു നാരായണാര്‍ച്ചനകള്‍
യാതൊന്നതൊക്കെ ഹരി നാരായണായ നമഃ

All that is visualized in the cosmos is You alone.
All that is heard is nothing but Your melodious songs.
All that is conducted is the sincere offerings to You.
All that is pervading this universe is also You alone.
O’ Narayana, My humble salutations at Your lotus feet.

കാവ്യാ ഭംഗി ഒട്ടും തന്നെ ചോര്‍ന്നു പോകാതെ പരിഭാഷപെടുത്തുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട് എന്ന് ഈ വരികള്‍ വ്യക്തമാക്കുന്നു.

നാടൊട്ടുക്ക് ഒരുകാലത്ത് പാടി നടന്ന ജ്ഞാനപ്പാനയിലെ വരികളിലെത്തുമ്പോള്‍ പരിഭാഷ ഇങ്ങനെയാണ് നിര്‍വഹിച്ചിരിക്കുന്നത് .

രണ്ടുനാലു ദിനം കൊണ്ടൊരുത്തനെ
തണ്ടിലേറ്റി നടത്തുന്നതും ഭവാന്‍
മാളിക മുകളേറിയ മന്നന്റെ
തോളില്‍ മാറാപ്പ് കേറ്റുന്നതും ഭവാന്‍

Within a matter of days or less in utter silence
You alone elevate a beggar to a princely chariot
You who dethrones the migthy king in no time
Andt ransform soon to a mendicant miserable.

ലോകമെമ്പാടുമുള്ള തന്‍റെ ശിഷ്യരോട് ഡോക്ടര്‍ കുറുപ്പിന്റെ, ജ്ഞാനപ്പാനയുടെ തര്‍ജ്ജിമ ഹൃദ്യസ്ഥമാക്കാന്‍ ശ്രീ ശ്രീ രവിശങ്കര്‍ നിര്‍ദേശിക്കുന്നതില്‍ നിന്നും, ഈ കൃതിയുടെ ഉന്നത നിലവാരം മനസ്സിലാക്കുവാന്‍ നമുക്ക് സാധിക്കും.

അടുത്തതായി ദൈവദശകത്തിലെ ഉല്‍ബോധാല്‍മകമായ വരികള്‍ പരിശോധിക്കാം.

അന്ന വസ്ത്രാതി മുട്ടാതെ
തന്നു രക്ഷിച്ചു ഞങ്ങളെ
ധന്യരാക്കുന്ന നീ, ഒന്നു
തന്നെ ഞങ്ങള്‍ക്ക് തമ്പുരാന്‍.

With no scarctiy You fed and clothed us all,
You sheltered us all through time and space
Fructified and fulfilled all our essential needs
You alone are our gracious protector supreme.

വസ്ത്രവും ഭക്ഷണവും നല്‍കി നമ്മളെ പരിപാലിക്കുന്ന ഭാഗവാനല്ലാതെ മറ്റാരെയും തമ്പുരാന്‍ ആയി കണക്കാക്കേണ്ടതില്ല എന്ന് സാധാരണ ജനങ്ങളെ ശ്രീ നാരായണ ഗുരുദേവന്‍ ഉല്‍ബോധിപ്പിച്ച വരികളുടെ തര്‍ജ്ജിമയും മനോഹരമായിരിക്കുന്നു.

ഭക്തിയും ജ്ഞാനവും ഒരേപോലെ വിളങ്ങി നിന്നിരുന്ന ഈ മഹാത്മാക്കളുടെ കൃതികള്‍ ഇംഗ്ലീഷിലേക്ക് പരിഭാഷപെടുത്തുമ്പോള്‍, മൂല രചനകളോട് നീതി പുലര്‍ത്താന്‍ അസാധ്യമാണെന്നറിയാമെങ്കിലും, മലയാള ഭാഷ പരിചയമില്ലാത്തതു മൂലം, ഈ കൃതികളെ വിജ്ഞാീ ദേഹികള്‍ അറിയാതിരിക്കരുതെന്ന് കരുതിയാണ് പരിഭാഷ തയ്യാറാക്കിയതെന്ന് ഡോക്ടര്‍ വിശ്വനാഥ കുറുപ്പ് മുഖവുരയില്‍ സൂചിപ്പിക്കുന്നു.

പലപ്പോഴായി പ്രസിദ്ധീകരിച്ചിട്ടുള്ള 12 കവിതകളും ഈ പുസ്തകത്തില്‍ അദ്ദേഹം ഉള്‍പ്പെടുത്തിയിരിക്കുന്നു.

അതീവ സുന്ദരമായി ഈ പ്രപഞ്ചം, ഭഗവാന്‍ ഒരുക്കി വച്ചിരിക്കുമ്പോഴും, അതൊന്നും ആസ്വദിക്കാതെ മനസ്സില്‍ മുഴുവന്‍ വിദ്വേഷം നിറച്ച്, മനുഷ്യര്‍ തമ്മില്‍ കലഹിക്കുന്നതെന്തിനാണെന്ന്, കവി ആശ്വര്യപെടുന്നതായി പല കവിതകളിലും കാണാന്‍ സാധിക്കും. വിവേകരഹിതമായി പ്രകൃതിയെ ചൂഷണം ചെയ്യുന്നു മനുഷ്യരോടുള്ള അമര്‍ഷവും കവിയുടെ ചിന്താ വിഷയങ്ങളാണ്. മാറാത്ത നിയമങ്ങള്‍ എന്ന എട്ടാമത്തെ കവിതയില്‍, മഹത് ഗ്രന്ഥങ്ങളായ ബൈബിളും, ഖുറാനും, ഗീതയും, ധമ്മപാതയും, സെന്റവസ്റ്റയും പരസ്പര സ്‌നേഹമെന്ന ഒരേ തത്വമാണ് പഠിപ്പിക്കുന്നതെന്നും, ഈ ഗ്രന്ഥങ്ങളെ വികലമായി വ്യാഖ്യാനിക്കുന്നവരെ വിശ്വസി ച്ച് പ്രവര്‍ത്തിച്ചാല്‍ മനുഷ്യരാശിയുടെ സര്‍വനാശമായിരിക്കും ഫലം എന്നും ഡോക്ടര്‍ കുറുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. മെഡിക്കല്‍ കോളേജ് ഓഫ് വിസ്‌കോണ്‍സിനില്‍ പ്രഫസര്‍ ആയി അനേക വര്‍ഷം ജോലി ചെയ്ത ഡോക്ടര്‍ കുറുപ്പ് , ഇമ്മ്യൂണോളജിയി ലും അനേകം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.

ഡോക്ടര്‍ വിശ്വനാഥ കുറുപ്പിന്‍റെ, താഴെ കൊടുത്തിരിക്കുന്ന പുസ്തകങ്ങള്‍ ആമസോണ്‍ ഡോട്ട് കോമില്‍ ലഭ്യമാണ് .

1) Ezhuthachan’s Harinaamakeerthanam.
2) Poonthanam’s Jnanappana.
3) The essence of Self Realization.
4) Three Jewels of Bliss.

ത്രീ ജ്യൂവല്‍സ് ഓഫ് ബ്ലിസ് പുസ്തകപ്രകാശനം നടത്തിത്രീ ജ്യൂവല്‍സ് ഓഫ് ബ്ലിസ് പുസ്തകപ്രകാശനം നടത്തിത്രീ ജ്യൂവല്‍സ് ഓഫ് ബ്ലിസ് പുസ്തകപ്രകാശനം നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക