Image

പിഴവില്ലാത്ത തന്ത്രങ്ങള്‍

Published on 09 May, 2018
പിഴവില്ലാത്ത തന്ത്രങ്ങള്‍
ആട്  പുലിയാട്ടം, അച്ചായന്‍സ് എന്നിങ്ങനെ ഹൊറര്‍, കോമഡി കൊമേഴ്‌സ്യല്‍ ചിത്രങ്ങള്‍ സംവിധാനം ചെയ്ത കണ്ണന്‍ താമരക്കുളത്തിന്റെ പുതിയ ചിത്രമാണ് ചാണക്യതന്ത്രം. ത്രില്ലര്‍ ഗണത്തില്‍ പെടുത്താവുന്ന ചിത്രം പ്രേക്ഷകരെ നിരാശപ്പെടുത്തില്ല. നഗരത്തില്‍ അടുത്തടുത്ത് നാല് കൊലപാതകങ്ങള്‍. ആരായിരിക്കും അതിന്റെ പിന്നില്‍? ഏതെങ്കിലും മാഫിയാ സംഘമോ കൊട്ടേഷന്‍ സംഘമോ ആയിരിക്കുമോ? അതല്ലെങ്കില്‍ വ്യക്തിവൈരാഗ്യമായിരിക്കുമോ? പ്രേക്ഷക മനസിലേക്ക് പലവിധ സംശയങ്ങളും നല്‍കിക്കൊണ്ടാണ് ചാണക്യതന്ത്രത്തിന്റെ തുടക്കം. ഇതിന്റെ പിന്നിലാരെന്നുള്ള അന്വേഷണവും അതു കണ്ടെത്തുന്നതിനിടയ്ക്കു നടക്കുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തെ മുന്നോട്ടു നയിക്കുന്നത്.

ക്രിമിനോളജിയില്‍ ബിരുദാനന്തര ബിരുദ പഠനം പൂര്‍ത്തിയാക്കിയ ചെറുപ്പക്കാരനാണ് അര്‍ജുന്‍ റാം മോഹന്‍(ഉണ്ണി മുകുന്ദന്‍). അയാള്‍ നഗരത്തിലെ ഒരു സ്വകാര്യ ഡിറ്റക്ടീവ് കമ്പനിയില്‍ ജോലിക്കായി വരുന്നു. വ്യക്തികളെ കുറിച്ചുളള വിവരശേഖരണമാണ് അര്‍ജുനെ ഏല്‍പ്പിച്ച ജോലി. അത് സമയബന്ധിതമായി തന്നെ അയാള്‍ പൂര്‍ത്തിയാക്കുന്നു. കമ്പനിയുടെ മാനേജിങ്ങ് ഡയറക്ടറായ ഐറിനും(ശിവദ നായര്‍) സ്ഥാപനത്തിലെ മറ്റുള്ളവര്‍ക്കും അര്‍ജുനെ വളരെ ഇഷ്ടമാകുന്നു.

തന്റെ ജോലിയില്‍ തികച്ചും സംതൃപ്തനായി മുന്നോട്ടു പോകുമ്പോഴാണ് അര്‍ജുന് അക്കാര്യം വ്യക്തമാകുന്നത്. അതായത് താന്‍ രഹസ്യമായി വിവരങ്ങള്‍ ശേഖരിച്ചു കമ്പനിക്കു നല്‍കിയ വ്യക്തികളാണ് അടുത്തടുത്ത് കൊല്ലപ്പെട്ടതെന്ന്. ഇതോടെ ഇതിന്റെ രഹസ്യമറിയാന്‍ അര്‍ജുന്‍ തീരുമാനിക്കുന്നു. ആരാണ് ഈ കൊലപാതകങ്ങള്‍ക്കു പിന്നിലെന്നും എന്താണ് അവരുടെ ലക്ഷ്യമെന്നും അറിയാന്‍ അയാള്‍ പുറപ്പെടുന്നു. ഇതിനിടെ അര്‍ജുന്റെ നീക്കങ്ങള്‍ക്കു പിന്നാലെ ഇക്ബാല്‍(അനുപാ മേനോന്‍) എന്നയാളും കൂടുന്നു. ഒടുവില്‍ ഇരുവരും മുഖാമുഖം കാണുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ ഉള്ളടക്കം.
രണ്ടു മണിക്കൂര്‍ പത്തു മിനിറ്റ് ദൈര്‍ഘ്യമുളളതാണ് ചിത്രം. ത്രില്ലര്‍ സ്വഭാവമുള്ള സിനിമകള്‍ക്ക് അടമ്പടിയായി സസ്‌പെന്‍സും ട്വിസ്റ്റും ഉണ്ടാകം. അതു തന്നെയാണ് അത്തരം ചിത്രങ്ങളുടെ വിജയവും. അടുത്ത നിമിഷം എന്ചു സംഭവിക്കുമെന്ന് പ്രേക്ഷകന് ഒരിക്കലും ഊഹിക്കാന്‍ കഴിയാതിരിക്കുക എന്നതാണ് ഇത്തരം ചിത്രങ്ങളുടെ വിജയത്തിന് ആധാരം. അങ്ങനെ നോക്കുമ്പോള്‍ ചിത്രത്തില്‍ പലയിടത്തും പ്രേക്ഷകരുടെ മുന്‍ധാരണകള്‍ക്കപ്പുറമായി ട്വിസ്റ്റുകള്‍ കടന്നു വരുന്നുണ്ട്. ആദ്യഘട്ടത്തില്‍ മെല്ലെ തുടങ്ങുന്ന ചിത്രം ഇടവേളയ്ക്ക് ശേഷം വേഗം കൈവരിക്കുന്നു. ഓരോ രംഗത്തിനും ചടുലത നല്‍കാന്‍ സംവിധായകന് കഴിയുന്നുണ്ട്. അതുകൊണ്ടു തന്നെ ഒട്ടും വിരസത അനുഭവപ്പെടുന്നില്ല.

അര്‍ജുനായി എത്തിയ ഉണ്ണിമുകുന്ദന്റെ വേഷപ്പകര്‍ച്ചകള്‍ തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. മല്ലൂ സിങ്ങായും സുന്ദരിയായ യുവതിയായും പൗരുഷമുള്ള ചെറുപ്പക്കാരനായുമെല്ലാം ഉണ്ണി കസറിയിട്ടുണ്ട്. ഈ ചിത്രത്തിലെ ഉണ്ണിയുടെ കഥാപാത്രത്തിന്റെ പ്രത്യേകതകള്‍ റിലീസിങ്ങിനു മുമ്പു തന്നെ ഏറെ ചര്‍ച്ചയായിരുന്നു. 'ഏതോ വഴിത്താരയില്‍'എന്ന ഗാനം ഉണ്ണി മുകുന്ദന്‍ വളരെ മനോഹരമായി ആലപിച്ചിട്ടുണ്ട്. അല്‍പം സസ്‌പെന്‍സ് നിറഞ്ഞ കഥാപാത്രമായി എത്തുന്ന അനൂപ്‌മേനോനും തിയേറ്ററില്‍ കൈയ്യടി നേടുന്നു. വെറുതേ നായകനു ചുറ്റും കറങ്ങുന്ന പെണ്ണുങ്ങളാകാതെ, വ്യക്തിത്വമുള്ള കഥാപാത്രങ്ങളെയാണ് ഈ ചിത്രത്തില്‍ ശിവദയും ശ്രുതിയും അവതരിപ്പിക്കുന്നത്.

പ്രേക്ഷകന് മികച്ച സന്ദേശങ്ങള്‍ നല്‍കാന്‍ കഴിയുന്നതാകണം ഓരോ ചിത്രവും. ഈ സിനിമയ്‌ക്കൊടുവില്‍ രാജ്യത്താകമാനം ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വലിയ സാമൂഹ്യവിപത്തിനെ കുറിച്ച് പറയുന്നുണ്ട്. ആ വിപത്തിനെ ഇല്ലാതാക്കാനുള്ള തീവ്രമായ പരിശ്രമങ്ങള്‍ക്കു തുടക്കമിടാന്‍ ഒരു ചിന്തയുടെ തീപ്പൊരി പ്രേക്ഷകരുടെ ഉള്ളില്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞാല്‍ അത് ചാണക്യതന്ത്രത്തിന്റെ വിജയമായിരിക്കും.   
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക