Image

ദമ്പതികള്‍തമ്മില്‍ തര്‍ക്കം: കുട്ടിക്ക്‌ ഹൈക്കോടതി പേരിട്ടു

Published on 10 May, 2018
ദമ്പതികള്‍തമ്മില്‍ തര്‍ക്കം: കുട്ടിക്ക്‌ ഹൈക്കോടതി പേരിട്ടു


കൊച്ചി :കുഞ്ഞിന്‌ പേരിടുന്നതിനെ ചൊല്ലി ഭാര്യയും ഭര്‍ത്താവും തമ്മിലുണ്ടായ തര്‍ക്കം തീര്‍ത്ത്‌ ഹൈക്കോടതി. ദമ്പതികള്‍ തമ്മിലുള്ള തര്‍ക്കംമൂലം കുട്ടിയുടെ സ്‌കൂള്‍പ്രവേശനം മുടങ്ങുമെന്നു ചൂണ്ടിക്കാട്ടി ഹൈക്കോടതിതന്നെ കുട്ടിക്കു പേരിട്ടു. അമ്മ നിശ്ചയിച്ച പേരില്‍നിന്നും ജൊഹാന്‍ എന്ന ഭാഗവും അച്ഛന്‍ നിശ്ചയിച്ചിരുന്ന പേരില്‍നിന്ന്‌ സച്ചിന്‍ എന്ന ഭാഗവും എടുത്ത്‌ 'ജൊഹാന്‍ സച്ചിന്‍' എന്ന്‌ ഹൈക്കോടതി സിംഗിള്‍ബെഞ്ച്‌ കുട്ടിക്കു പേരിട്ടു.

ഹിന്ദുക്രിസ്‌ത്യന്‍ ദമ്പതികളുടെ വിവാഹമോചനക്കേസ്‌ കുടുംബകോടതിയുടെ പരിഗണനയിലാണ്‌. കുട്ടിക്ക്‌ സ്‌കൂളില്‍ പ്രവേശനം നല്‍കുന്നതിന്റെ ഭാഗമായി ജനനസര്‍ട്ടിഫിക്കറ്റ്‌ ആവശ്യപ്പെട്ട്‌ ഭാര്യയും ഭര്‍ത്താവും കോട്ടയം മുനിസിപ്പാലിറ്റിയില്‍ അപേക്ഷ നല്‍കി. രണ്ടു പേരും തമ്മിലുള്ള അഭിപ്രായവ്യത്യാസം ശ്രദ്ധയില്‍പ്പെട്ട മുനിസിപ്പാലിറ്റി സര്‍ട്ടിഫിക്കറ്റ്‌ അനുവദിച്ചില്ല. തുടര്‍ന്നാണ്‌ ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്‌.

കുട്ടിക്ക്‌ പേരിട്ട്‌ മാമോദീസ മുക്കിയിരുന്നതായി അമ്മ ഹൈക്കോടതിയെ അറിയിച്ചു. കുട്ടിക്ക്‌ മറ്റൊരു പേരിടാന്‍ ധാരണയായിരുന്നുവെന്നും 28ാം ദിവസം നടന്ന ചടങ്ങില്‍ ആ പേര്‌ വിളിച്ചിരുന്നുവെന്നുമാണ്‌ അച്ഛന്‍ പറഞ്ഞത്‌.

പേരുണ്ടെങ്കിലേ കുട്ടിക്ക്‌ സ്‌കൂളില്‍ ചേരാനാകൂ. നീതി നടപ്പാക്കുന്നതിന്റെ ഭാഗമായി രണ്ടു പേരുടെയും ആഗ്രഹം പരമാവധി അംഗീകരിച്ചാണ്‌ പേരിടുന്നതെന്ന്‌ കോടതി വ്യക്തമാക്കി. ഭാര്യയുടെയും ഭര്‍ത്താവിന്റെയും പേര്‌ കുട്ടിയുടെ അമ്മയുടെയും അച്ഛന്റെയും സ്ഥാനത്ത്‌ യഥാക്രമം രേഖപ്പെടുത്തണമെന്നും മുനിസിപ്പാലിറ്റിക്ക്‌ കോടതി നിര്‍ദേശം നല്‍കി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക