Image

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്: കോടിയേരി മാര്‍ കൂറിലോസുമായി കൂടിക്കാഴ്ച നടത്തി

Published on 10 May, 2018
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്: കോടിയേരി മാര്‍ കൂറിലോസുമായി കൂടിക്കാഴ്ച നടത്തി
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പിന്തുണ തേടി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ യാക്കോബായസഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പൊലീത്തയുമായി കൂടിക്കാഴ്ച നടത്തി. പരുമലയിലെ സഭാ ആസ്ഥാനത്തായിരുന്നു കൂടിക്കാഴ്ച. ചെങ്ങന്നൂരില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ കോടിയേരി ഇതിനിടെയാണ് മാര്‍ കൂറിലോസ് മെത്രാപ്പൊലീത്തയുമായി കൂടിക്കാഴ്ച നടത്തിയത്. മദ്യനയം, സഭാ തര്‍ക്കത്തിലെ സര്‍ക്കാരിന്റെ സമീപം എന്നീ വിഷയങ്ങളില്‍ യക്കോബായസഭ പരസ്യപ്രതികരണം നടത്തിയ വേളയിലാണ് കൂടിക്കാഴ്ച എന്നതും ശ്രദ്ധേയമാണ്. അരമണിക്കൂര്‍ നീണ്ട കൂടിക്കാഴ്ച്ചയില്‍ പത്തനംതിട്ടയിലെ ജില്ലാ കമ്മിറ്റി അംഗങ്ങളും ഒപ്പമുണ്ടായിരുന്നു.

മദ്യനയത്തിലുള്‍പ്പെടെ പിണറായി സര്‍ക്കാരിന് അനുകൂലമായിട്ടായിരുന്നു മാര്‍ കൂറിലോസ് കഴിഞ്ഞ ദിവസം സംസാരിച്ചത്. സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ സംസാരിക്കാന്‍ സഭാനേതൃത്വത്തിന് ധാര്‍മിക അവകാശം ഇല്ലെന്ന് മാര്‍ കൂറിലോസ് അഭിപ്രായപ്പെട്ടു. മദ്യനയം ചെങ്ങന്നൂരില്‍ ചര്‍ച്ചയാകില്ലെന്നും അദ്ദേഹം പറഞ്ഞു. സഭയ്ക്കും പൊതുസമൂഹത്തിനും ദോഷം വരുന്നതൊന്നും പിണറായി സര്‍ക്കാരിന്റ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം റിപ്പോര്‍ട്ടര്‍ ചാനലിനോട് പ്രതികരിച്ചിരുന്നു.

സമാനതകളില്ലാത്ത മദ്യപാനാസക്തിയാണ് കേരളത്തിലേത്. ഭാവിയെക്കരുതി മദ്യനിരോധനം ഘട്ടംഘട്ടമായി നടപ്പിലാക്കുകയാണ് വേണ്ടത്. തെരഞ്ഞെടുപ്പില്‍ ആര്‍ക്കും പിന്തുണ നല്‍കുന്നതിനെ കുറിച്ച് യാക്കോബായസഭ തീരുമാനം എടുത്തിട്ടില്ല. ഏതെങ്കിലും മുന്നണികള്‍ക്കോ സ്ഥാനാര്‍ഥികള്‍ക്കോ സഭാനേതൃത്വങ്ങള്‍ പിന്തുണ പ്രഖ്യാപിക്കുന്നത് ജനാധിപത്യത്തെ അപഹസിക്കുന്നതിന് തുല്യമാണ്. അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക